- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാൻ സർക്കാർ രൂപീകരണം; അധികാരത്തിനായി നേതാക്കൾ തമ്മിൽ പോര്; അബ്ദുൾ ഗനി ബറാദറിന് ഏറ്റുമുട്ടലിൽ വെടിയേറ്റതായി റിപ്പോർട്ട്; പാക് ഇന്റർ സർവീസസ് ഇന്റലിജൻസ് മേധാവി കാബൂളിൽ; ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്‌നം താലിബാന് തിരിച്ചടിയാകുന്നു
കാബൂൾ: അഫ്ഗാനിസ്താന്റെ നിയന്ത്രണം ഏറ്റെടുത്ത് മൂന്നാഴ്ച പിന്നിടുമ്പോഴും സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലാക്കി താലിബാൻ നേതാക്കൾ തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു.നേതാക്കൾ തമ്മിലുള്ള അധികാര വടംവലി താലിബാന് ഉള്ളിൽ കടുത്ത സംഘഷത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.
സർക്കാരിന്റ നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ താലിബാൻ നേതാക്കൾ തമ്മിൽ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുൾ ഗനി ബറാദറിന് ഏറ്റുമുട്ടലിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തെങ്കിലും സർക്കാർ രൂപീകരണം നടന്നിരുന്നില്ല. ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാൻ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സർക്കാർ രൂപവത്കരണം വൈകുന്നിതിനു പിന്നിൽ സർക്കാരിന്റെ നിയന്ത്രണം ആർക്ക് എന്ന കാര്യത്തിലുള്ള തർക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താലിബാനകത്ത് നേരത്തെ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് സർക്കാർ രൂപവത്കരണ ചർച്ചകൾ ആരംഭിച്ചതോടെ രൂക്ഷമായിരിക്കുന്നത്. താലിബാനകത്തുള്ള ഏറ്റവും തീവ്ര നിലപാടുകാരായ ഹഖാനി ഭീകരവാദികളുടെ തലവൻ, അനസ് ഹഖാനിയും താലിബാന്റെ സ്ഥാപകരിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദറും തമ്മിൽ അധികാര തർക്കമുണ്ടായി എന്നും പരസ്പരം വെടിവെപ്പ് ഉണ്ടായതായുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
വെടിവെപ്പിൽ ബറാദറിന് പരിക്കേറ്റതായും പഞ്ച്ഷിർ ഒബ്‌സർവർ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ ബറാദർ നിലവിൽ പാക്കിസ്ഥാനിൽ ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹഖാനി ഭീകരവാദികളുടെ ആക്രമണത്തിലാണ് ബറാദറിന് പരിക്കേറ്റത് എന്നാണ് വിവരം. അഫ്ഗാനിസ്താൻ പിടിച്ചടക്കിയതോടെ താലിബാൻ സർക്കാരിനെ ആരാണ് നിയന്ത്രിക്കുക എന്നായിരുന്നു ലോക രാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നത്. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താലിബാന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദർ അഫ്ഗാന്റെ പുതിയ ഭരണാധികാരിയാകും എന്ന് വാർത്ത പുറത്തുവന്നിരുന്നു.
അതേസമയം, ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ പാക് ഇന്റർ സർവീസസ് ഇന്റലിജൻസ് മേധാവി ഫൈസ് ഹമീദ് ഇസ്ലാമാബാദിൽ നിന്നുള്ള ഉന്നത സംഘവുമായി കാബൂളിലെത്തിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഐഎസ്ഐ തലവൻ ലെഫ്റ്റനന്റ് ജനറൽ ഫൈസ് ഹമീദ് താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. താലിബാന്റെ ക്ഷണപ്രകാരം ഉന്നത നേതാക്കളോടൊപ്പമാണ് ഫൈസ് ഹമീദ് എത്തിയതെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിൽ സർക്കാർ രൂപീകരണത്തിന് താലിബാനെ പാക്കിസ്ഥാൻ സഹായിക്കുമെന്ന് പാക് സൈനിക തലവൻ ഖമർ ജാവേദ് ബജ്വ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയോട് നേരത്തെ പറഞ്ഞിരുന്നു. അഫ്ഗാനിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 15ന് കാബൂൾ പിടിച്ചടക്കിയെങ്കിലും സർക്കാർ രൂപീകരണം നീളുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സർക്കാർ രൂപീകരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും നടന്നില്ല. പഞ്ച്ഷീറിൽ താലിബാനും വടക്കൻ സഖ്യവും പോരാട്ടം തുടരുകയാണ്. നിലവിൽ പഞ്ച്ശീർ മാത്രമാണ് താലിബാന് കീഴടങ്ങാതെ പിടിച്ചുനിൽക്കുന്നത്. ഇറാൻ മാതൃകയിലായിരിക്കും സർക്കാർ രൂപീകരണം. മുല്ല അബ്ദുൽ ഖനി ബറാദാർ ആയിരിക്കും സർക്കാറിന്റെ തലവൻ.
ഹഖാനിയുടെ അധികാരം ഉറപ്പിക്കാൻ വേണ്ടിയാണ് പാക്കിസ്ഥാനിൽ നിന്ന് ഫൈസ് ഹമീദ് എത്തിയതെന്നാണ് മുൻ അഫ്ഗാൻ വനിതാ എംപിയായ മറിയം സൊലൈമാൻഖിൽ ട്വീറ്റ് ചെയ്തത്. ബറാദർ സർക്കാരിനെ നയിക്കുന്നില്ലെന്നും ഹഖാനിയെ ഭരണ തലവനാക്കാൻ വേണ്ടിയാണ് പാക് സംഘം എത്തിയതെന്നുമായിരുന്നു മറിയത്തിന്റെ ട്വീറ്റ്. നിലവിൽ പഞ്ച്ഷീർ മേഖലയിൽ പ്രതിരോധ സേനയുമായി ഏറ്റുമുട്ടൽ തുടരുന്ന തന്റെ അനുയായികളെ ബറാദർ കാബൂളിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ന്യൂസ് ഡെസ്ക്