മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂർ സ്വദേശിയായ ദേബ്കുമാർ മൈഥി (32) ആണ് അറസ്റ്റിലായത്.

പവലിയനിൽ ഇരുന്ന് കളി കാണുമ്പോഴാണ് ഞാൻ അവളെ കാണുന്നത്. ഞാൻ ഉടൻ അവളുമായി പ്രേമത്തിലായി. എനിക്കവളെ വിവാഹം കഴിക്കണം. തെൻഡുൽക്കറിന്റെ ലാൻഡ് ലൈൻ നമ്പർ കണ്ടെത്തി ഇരുപത് തവണയെങ്കിലും വിളിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ എനിക്കവളെ നേരിൽ കാണാനായിട്ടില്ല-ദേബ്കുമാർ പൊലീസിനോട് കുറ്റസമ്മതം നടത്തി.

ദേബ്കുമാറിന്റെ മാനസികനില മോശമാണെന്നാണ് ഇയാളുടെ വീട്ടുകാർ പറയുന്നത്. കഴിഞ്ഞ എട്ടുമാസമായി മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് ദേബ്കുമാറെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാൾക്ക് സച്ചിന്റെ ലാൻഡ് ലൈൻ നമ്പർ കിട്ടിയത് എവിടെ നിന്നുമാണെന്ന് വ്യക്തമല്ല. ഇയാളുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയ ഡയറിയിൽ സാറയുടെ പേരും തന്റെ ഭാര്യയാക്കിക്കൊണ്ടുള്ള ചിത്രീകരണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ശല്യക്കാരനായ യുവാവ് ഇരുപതോളം തവണ സച്ചിന്റെ വീട്ടിലേക്ക് ഫോൺ ചെയ്തു. സാറയെക്കുറിച്ച് മോശമായി സംസാരിക്കുകയും തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സംഭവം ഗൗരവത്തോടെ എടുത്തത്. സാറയോട് ആഭാസം ഇയാൾ ഫോണിലൂടെ പറഞ്ഞുവെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ പൊലീസിനാണ് പരാതി കിട്ടിയത്. അന്വേഷണത്തിൽ ഫോൺ വിളി വരുന്നത് ബംഗാളിൽ നിന്നാണെന്ന് മനസ്സിലായി. ഇതോടെ ബംഗാൾ പൊലീസിന്റെ സഹായം തേടി.

വീട്ടുകാർ ദേബ് കുമാറിന്റെ മാനസിക നില ആറു മാസമായി മോശമാണെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ സ്റ്റേഡിയത്തിൽ വച്ച് കണ്ടു മുട്ടിയ കാമുകിയെ വിളിക്കുന്നതിൽ എന്ത് തെറ്റെന്നാണ് ഇയാളുടെ ചോദ്യം. സച്ചിന്റെ വീട്ടിലെ നമ്പർ ബന്ധുവിൽ നിന്നാണ് കിട്ടിയതെന്നും പറഞ്ഞു. സച്ചിനെ അറിയാമോ എന്ന ചോദ്യത്തോട് പുഞ്ചിരിച്ചു കൊണ്ട് അറിയാമെന്നും അദ്ദേഹം എന്റെ ഭാര്യയുടെ അച്ഛനാണെന്നുമാണ് ഇയാൾ മറുപടി നൽകിയത്.