ഛണ്ഡീഗഢ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. ഹർഭജന്റെ സ്ഥാനാർത്ഥിത്വം എഎപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ എഎപിക്ക് അഞ്ചു സീറ്റുകൾ ലഭിക്കും.

ഭഗവന്ത് മന്നിന്റെ നേതൃത്വത്തിൽ പഞ്ചാബിലെ പുതിയ സർക്കാർ ഹർഭജൻ സിങിന് കായിക സർവകലാശാലയുടെ ചുമതലകൂടി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹർഭജൻ ബിജെപിയിലും കോൺഗ്രസിലും ചേർന്നേക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായിരുന്ന സിദ്ദു ഹർഭജനപ്പമൊള്ള ഫോട്ടോ ട്വീറ്റ് ചെയ്തതാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നുക്കമെന്ന് അഭ്യൂഹങ്ങൾക്കിടയാക്കിയത്.


പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതിനു പിന്നാലെയാണ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ഹർഭജൻ സിങ്ങിനെ രാജ്യസഭയിലേക്ക് അയയ്ക്കുന്ന കാര്യം ആംആദ്മി പാർട്ടി പരിഗണിച്ചത്.

നിലവിൽ ആംആദ്മി പാർട്ടിക്ക് രാജ്യസഭയിൽ മൂന്ന് അംഗങ്ങളാണുള്ളത്. 92 സീറ്റ് നേടിയായിരുന്നു പാർട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്. വിജയത്തിന് പിന്നാലെ ആം ആദ്മിയേയും ബഗ്വന്ദ് മന്നിനേയും അഭിനന്ദിച്ച് ഹർഭജൻ രംഗത്തെത്തിയിരുന്നു.

'ആംആദ്മി പാർട്ടിക്ക് അഭിനന്ദനങ്ങൾ. പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന എന്റെ പ്രിയ സുഹൃത്ത് ഭഗ്വന്ത് മാനിനും അഭിനന്ദനങ്ങൾ. ഭഗത് സിങ്ങിന്റെ പൂർവിക ഗ്രാമമായ ഖട്കർ കലാനിൽവച്ചാണ് താങ്കൾ സ്ഥാനമേൽക്കുന്നതെന്ന് അറിഞ്ഞതിൽ സന്തോഷം. ഇത് അഭിമാന നിമിഷം.'' - ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

ഭഗ്വന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെയാണ് ഇത്തവണ രാജ്യസഭയിലേക്ക് അയയ്‌ക്കേണ്ട ആളുകളുടെ പട്ടിക എഎപി തയാറാക്കിയത്. ഇതിൽ ഹർഭജൻ സിങ്ങും ഉൾപ്പെട്ടതായി എഎപി വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഹർഭജൻ സിങ് ഉടൻ ആംആദ്മി പാർട്ടിയിൽ ചേരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ ആംആദ്മി പാർട്ടിക്ക് രാജ്യസഭയിൽ മൂന്ന് അംഗങ്ങളാണുള്ളത്. അതേസമയം, പഞ്ചാബിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട കായിക സർവകലാശാലയുടെ തലവനായി ഹർഭജൻ സിങ്ങിനെ നിയമിക്കുമെന്നും റിപ്പോർട്ടുണ്ട്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുമായി ബന്ധപ്പെട്ടും കോൺഗ്രസുമായി ബന്ധപ്പെട്ടും ഹർഭജന്റെ പേര് പലവട്ടും ഉയർന്നിരുന്നു. യുവരാജിനെയും ഹർഭജനെയും പാർട്ടിയിലെത്തിക്കാൻ ബിജെപി നീക്കം നടത്തുന്നതായി വന്ന റിപ്പോർട്ടുകൾ ഹർഭജൻ നേരിട്ട് തന്നെ തള്ളിക്കളഞ്ഞിരുന്നു. ഇടയ്ക്ക് കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായി നവ്‌ജ്യോത് സിങ് സിദ്ദുവിനൊപ്പമുള്ള ചിത്രം സഹിതം താരം കോൺഗ്രസിൽ ചേരുമെന്നും അഭ്യൂഹം പ്രചരിച്ചു. ഇതിനു പിന്നാലെയാണ് താരം എഎപിയിലേക്കെന്ന പുതിയ റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും നാൽപ്പത്തൊന്നുകാരനായ ഹർഭജൻ സിങ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഹർഭജൻ. 1998ലായിരുന്നു രാജ്യാന്തര വേദിയിലെ അരങ്ങേറ്റം.

വിരമിക്കൽ പ്രഖ്യാപനം നടത്തിയത് 2021 ഡിസംബറിലാണെങ്കിലും 2016 മാർച്ചിനുശേഷം ഇന്ത്യൻ ജഴ്‌സിയിൽ കളിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബോളറാണ്. 1998 മാർച്ചിൽ ഓസ്‌ട്രേലിയയ്ക്കെതിരെ ബെംഗളൂരുവിൽ ടെസ്റ്റ് കളിച്ചാണ് ഹർഭജൻ രാജ്യാന്തര വേദിയിൽ എത്തുന്നത്. 2016 മാർച്ചിൽ യുഎഇയ്ക്കെതിരെ ധാക്കയിൽ കളിച്ച ട്വന്റി20 മത്സരമാണ് രാജ്യാന്തര വേദിയിലെ അവസാന മത്സരം.