ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കുമെന്ന് സൂചന. കഴിഞ്ഞ കുറച്ചു മാസങ്ങളായി പരുക്കിന്റെ പിടിയിലാണു ഹാർദിക്. ട്വന്റി20 മത്സരങ്ങളിൽ പോലും ബോൾ ചെയ്യാനാകാത്തതാണ് ഹാർദികിന്റെ ടീമിലെ സ്ഥാനം തുലാസിലാക്കുന്നത്. പകരക്കാരനായി ശാർദൂൽ ഠാക്കൂറോ ശ്രേയസ് അയ്യരോ ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

പേസ് ഓൾറൗണ്ടർ എന്ന നിലയിലാണ് ഹാർദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ മുംബൈ ഇന്ത്യൻസിനൊപ്പം പന്തെറിയാൻ ഹാർദിക്കിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നത്. ഹാർദിക്ക് എട്ട് മത്സരങ്ങളിൽ 55 റൺസ് മാത്രമാണ് എടുത്തിട്ടുള്ളത്.

ബാറ്റ്‌സ്മാനായി മാത്രമാണു കളിപ്പിക്കാനാകുന്നതെങ്കിൽ ഹാർദികിനു പകരം ഡൽഹി ക്യാപിറ്റൽസ് മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരെ  ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള സൂചനകളാണു ബിസിസിഐ വൃത്തങ്ങളിൽനിന്നു ലഭിക്കുന്നത്. ദീപക് ചഹർ, ഷാർദുൽ ഠാക്കൂർ എന്നിവരെ ടീമിലേക്ക് ഉൾപ്പെടുത്തുന്നതും ആലോചനയിലുണ്ട്. ശിഖർ ധവാൻ, യൂസ്വേന്ദ്ര ചാഹൽ, സഞ്ജു സാംസൺ എന്നിവരും അവസരം കാത്ത് പുറത്ത് നിൽക്കുന്നു.


ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി പോരാട്ടത്തിന് ഇറങ്ങിയ ഹാർദിക്കിന്റെയും ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും മങ്ങിയ ഫോം ആശങ്ക ഉയർത്തുന്നുണ്ട്. വിമർശനവുമായി മുൻ താരങ്ങൾ അടക്കം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടീമിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്.

ആർസിബിക്കെതിരെ പുറത്തായ ഈ ഷോട്ട് മാത്രം മതി സൂര്യകുമാറിന്റെ ആത്മവിശ്വാസക്കുറവ് മനസിലാക്കാൻ. സീസണിൽ പത്ത് മത്സരങ്ങളിൽ 189 റൺസ് മാത്രമാണ് സൂര്യകുമാർ നേടിയത്. എന്നാൽ ശ്രീലങ്കൻ പര്യടനത്തിൽ മികച്ച ഫോമിലായിരുന്നു സൂര്യകുമാർ. ഈയൊരു പരിഗണ താരത്തിന് ലഭിച്ചേക്കും.

കിഷന്റെ കാര്യം ഇതിലും പരിതാപകരമാണ്. കിഷൻ എട്ട് ഇന്നിങ്സിൽ നേടിയത് 107 റൺസ് മാത്രം. ഒരിക്കൽ പോലും 30 കടന്നില്ല. മൂന്നാമായി കീസിലെത്തുന്ന ഇഷാന്റെ സ്ട്രൈക്ക് റേറ്റ് 86.99. വരും മത്സരങ്ങളിൽ ഇരുവരും ഫോമിലായില്ലെങ്കിൽ സെലക്റ്റർമാർക്ക് മാറ്റി ചിന്തിക്കേണ്ടി വരും. ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ കഴിഞ്ഞതിന് ശേഷമാവും തീരുമാനം.

റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഐപിഎൽ മത്സരത്തിൽ ഹാർദിക്കിനെ ബാറ്റ്‌സ്മാനായാണു മുംബൈ ടീമിൽ ഉൾപ്പെടുത്തിയതും. ഇതോടെയാണു ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഹാർദികിന്റെ സ്ഥാനം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്.

ബാറ്റ്‌സ്മാൻ എന്ന നിലയിൽ മാത്രം ഹാർദികിന് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാനാകില്ലെന്ന് ഒട്ടേറെ മുൻ താരങ്ങളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഫിറ്റ്‌നെസ് പൂർണമായി വീണ്ടെടുക്കാൻ ഹാർദികിനു കൂടുതൽ സമയം ആവശ്യമായതിനാലാണു ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യ 2 മത്സരങ്ങളിൽ വിശ്രമം അനുവദിച്ചതെന്നു മുംബൈ ബോളിങ് കോച്ച് ഷെയിൻ ബോണ്ട് നേരത്തെ പ്രതികരിച്ചിരുന്നു. 'ഫ്രാഞ്ചൈസിയുടെയും ടീം ഇന്ത്യയുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. ഐപിഎൽ കിരീടം എന്നതു നേടുക മാത്രമല്ല, ട്വന്റി20 ലോകകപ്പും ഞങ്ങളുടെ മനസ്സിലുണ്ട്' ബോണ്ട് പറഞ്ഞതിങ്ങനെ.

ഡെത്ത് ഓവറുകളിൽ തകർത്തടിക്കുന്ന ഫിനിഷറുടെ റോൾ മാത്രമല്ല ഹാർദിക്കിൽനിന്നു ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്. മധ്യ ഓവറുകളിൽ വിശ്വസിച്ചു പന്ത് ഏൽപ്പിക്കാവുന്ന ബോളർ എന്ന നിലയിലും ഹാർദികിന്റെ സേവനം ഇന്ത്യയ്ക്ക് അനിവാര്യമാണ്.

എന്നാൽ വർക് ലോഡ് താരതമ്യേന കുറവുള്ള ട്വന്റി20 മത്സരങ്ങളിൽപ്പോലും ബോൾ ചെയ്യാനാകുന്നില്ലെങ്കിൽ ഹാർദികിന്റെ ടീം സ്ഥാനം തുലാസിലാണെന്ന് ഉറപ്പാണ്. ശസ്ത്രക്രിയയ്ക്കു ശേഷം ടീമിലേക്കു മടങ്ങിയെത്തിയതു മുതലുള്ള മത്സരങ്ങളിൽ ബോൾ ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ ഹാർദിക് മാത്രമാണു തീരുമാനം എടുത്തിരുന്നത്.

വർക് ലോഡ് മാനേജ്‌മെന്റായിരുന്നു ഇതിനുള്ള കാരണം. എന്നാൽ തുടർച്ചയായ മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാനാകാതെ പോയതു ഹാർദിക്കിന്റെ പ്രകടനത്തെയും സാരമായി ബാധിച്ചു. ബാറ്റിങ് ഓൾറൗണ്ടർ എന്ന നിലയിൽ ഹാർദികിനെ കളിപ്പിക്കാനായില്ലെങ്കിൽ അത് ഇന്ത്യയുടെ ടീം ഘടനയെത്തന്നെ ബാധിക്കും എന്നതിനാലാണു സിലക്ടർമാർ വീണ്ടും മാറി ചിന്തിക്കുന്നത് എന്നാണു റിപ്പോർട്ട്. ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ മാറ്റാൻ രാജ്യങ്ങൾക്ക് ഒക്ടോബർ 10 വരെ അവസരമുണ്ട്.

എന്നാൽ ശാർദൂൽ ഠാക്കൂർ ഒരിക്കലും ഹാർദിക് പാണ്ഡ്യയ്ക്കു പകരക്കാരനാകില്ല എന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ അഭിപ്രായപ്പെട്ടു. 'ബാറ്റു ചെയ്യാൻ കഴിവുള്ള ഒരു ബോളറാണു ശാർദൂൽ. എന്നാൽ ഹാർദിക് ബോളും ചെയ്യും ബാറ്റും ചെയ്യും. മികവിന്റെ പേരിലാണ് ശാർദൂലിനെ മറികടന്ന് ഹാർദിക് ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം പിടിച്ചത്. ചില കളികളിൽ റൺസ് നേടാതിരിക്കുകയും വിക്കറ്റുകൾ വീഴ്‌ത്താതിരിക്കുകയും ചെയ്തു എന്നതുകൊണ്ട് ഹാർദികിനു പകരം ശാർദൂലിനെ ട്വന്റി20 ലോകകപ്പ് ടീമിൽ എടുക്കാനാകില്ല' നെഹ്‌റയുടെ വാക്കുകൾ.

ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങളിലും തിളങ്ങാനായില്ലെങ്കിൽ ഹാർദികിനു മുന്നിൽ ട്വന്റി20 ലോകകപ്പ് സാധ്യതകളുടെ വാതിൽ കൊട്ടിയടയാനാണ് എല്ലാ സാധ്യതയും. മധ്യനിരയിൽ പകരക്കാരനായി മികച്ച ഫോമിലുള്ള ശ്രയസ് അയ്യരുടെ പേരും പറഞ്ഞു കേൾക്കുന്നു.