അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി തന്നെ ഇക്കുറിയും നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന സർവേ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ കോൺഗ്രസ്സിന് വീണ്ടും തിരിച്ചടിയായി പട്ടേൽ വിഭാഗം നേതാവ് ഹാർദ്ദിക് പട്ടേലിന്റെ മുന്നറിയിപ്പ്.

പട്ടേൽ സംവരണ വിഷയത്തിൽ കോൺഗ്രസ് നിലപാടു വ്യക്തമാക്കണമെന്നാണ് ഹാർദിക്കിന്റെ മുന്നറിയിപ്പ്. ഗുജറാത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന വിശാലസഖ്യത്തിൽ ഹാർദിക് പട്ടേലും പങ്കാളിയാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുന്നറിയിപ്പ്.

സംവരണ വിഷയത്തിൽ വ്യക്തമായ നിലപാട് കോൺഗ്രസ് പറയണമെന്ന് ഹാർദിക് ട്വിറ്ററിൽ കുറിച്ചു. നവംബർ മൂന്നിനു മുൻപ് നിലപാടറിയിച്ചില്ലെങ്കിൽ സൂറത്തിലെ റാലിക്കിടെ അമിത് ഷാ നേരിട്ട അതേ അവസ്ഥ തന്നെ കോൺഗ്രസും നേരിടേണ്ടിവരും ഹാർദിക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹാർദിക് പട്ടേൽ വിഭാഗത്തിനുള്ള പിന്തുണ കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്ന കാര്യത്തിൽ നിലപാടു വ്യക്തമാക്കണമെന്നാണ് നിലവിലെ ആവശ്യം. സർക്കാർ ജോലി, കോളജുകളിലെ അഡ്‌മിഷൻ എന്നിവയ്ക്ക് 50 ശതമാനം സംവരണം നൽകണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹാർദിക്കിന്റെ പ്രസ്താവനയോടു കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞമാസം സൂറത്തിൽ അമിത് ഷാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സമയം പിന്നിട്ടതോടെ ചർച്ച സംഘർഷത്തിലേക്കു നീങ്ങുകയും സ്ഥലത്തെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

അതിനിടെ, നവംബർ മൂന്നിന് ഗുജറാത്തിൽ വീണ്ടും സന്ദർശനത്തിനെത്തുന്ന ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം ഹാർദിക് പട്ടേലും വേദി പങ്കിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഹാർദിക്കിന്റെ പരസ്യനിലപാട് കോൺഗ്രസ് വൃത്തങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.