അഹമ്മദാബാദ്: വെറും 22 വയസു മാത്രമാണ് ഹർദിക് പട്ടേലിന്. രണ്ടുമാസം മുമ്പ് ആരാലും അറിയപ്പെടാതിരുന്ന ഈ ചെറുപ്പക്കാരൻ എങ്ങനെയാണ് ഇത്ര പെട്ടെന്ന് മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ് ഈ 22കാരനാണ്. സോഷ്യൽ മീഡിയയിൽ മാത്രമല്ല, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുജറാത്തിലും അതിനുപിന്നാലെ രാജ്യമൊട്ടുക്കും ചർച്ചാ വിഷയമാണ് ഹർദിക് പട്ടേൽ എന്ന യുവാവ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിച്ചിരുന്ന ഗുജറാത്തിനെയും അവിടത്തെ ബിജെപി സർക്കാരിനെയും പിടിച്ചുകുലുക്കുകയാണ് ഈ യുവാവ്. ഒബിസി സംവരണത്തിൽ തങ്ങളേയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തുന്ന പട്ടേൽ സംഘടനകളുടെ തലവനാണ് ഇയാൾ.

ഗുജറാത്ത് രാഷ്ട്രീയത്തിൽ വെറും ഒന്നരമാസം കൊണ്ടാണ് ബികോം ബിരുദധാരിയായ ഹർദിക് തന്റെ സാന്നിധ്യം അറിയിച്ചത്. അഹമ്മദാബാദ് ജില്ലയിലെ വിരംഗത്ത് നിന്നാണ് ഹർദിക് വരുന്നത്. അഹമ്മദാബാദ് സജഹജാനന്ദ് കോളേജിൽ നിന്നും സെക്കൻഡ് ക്ലാസിൽ താഴെ മാർക്ക് വാങ്ങി ബി കോം പൂർത്തിയാക്കിയ ഒരു സാധാരണ വിദ്യാർത്ഥിയായിരുന്നു ഹർദിക് പട്ടേൽ. ശരാശരി പട്ടേൽ കുടുംബത്തിൽ നിന്നും വരുന്ന ഹർദിക് പഠനത്തിന് ശേഷം ബിസിനസിൽ അച്ഛനെ സഹായിച്ചുവരികയായിരുന്നു.

ഹർദിക് പട്ടേലിന്റെ അച്ഛൻ ഭാരത് ഭായി പട്ടേൽ ബിജെപിയുടെ ഇടത്തട്ടിലുള്ള ഒരു പ്രവർത്തകനാണ്. ഹർദിക് കോൺഗ്രസ് അനുഭാവിയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയക്കൊപ്പം ഹർദിക് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവരികയും ചെയ്തു.

തോക്കുൾപ്പെടെ ആയുധങ്ങളേന്തിയാണ് ഹർദിക് നിൽക്കുന്നത്. നരേന്ദ്ര മോദിക്കെതിരെ നിലപാടെടുത്തതിന് സർവീസിൽ നിന്നു പുറത്തുപോകേണ്ടി വന്ന ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടാണ് ഹർദിക് തോക്കുമായി തൊഗാഡിയക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ടത്.

ഒബിസി സംവരണത്തിൽ തങ്ങളേയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തുന്ന പട്ടേൽ സംഘടനകളുടെ തലവനാണ് ഹർദിക്. ഈ യുവാവിന്റെ അച്ഛൻ ബിജെപി പ്രവർത്തകനാണ്. എന്നാൽ, ഇപ്പോൾ മാദ്ധ്യമങ്ങളിൽ ഹർദിക് ഏതു പാർട്ടിയുമായി ചായ്‌വുള്ള പ്രവർത്തകൻ ആണെന്നു വ്യക്തമാക്കുന്നില്ല.

ഗുജറാത്തിലെ വിവിധ പട്ടേൽ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ പട്ടിദാർ അനാമത്ത് ആന്ദോളൻ സമിതി(പാസ്)യുടെ കൺവീനറാണ് ഹർദിക് പട്ടേൽ. ഗുജറാത്തിലെ പുതിയ നരേന്ദ്ര മോദി എന്നാണ് ആളുകൾ ഹർദിക് പട്ടേലിനെ വിളിക്കുന്നത്. ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായി പട്ടേലുമായിപ്പോലും ഹർദികിനെ താരതമ്യം ചെയ്യുന്നവരുണ്ട്.

മെഹ്‌സാന ജില്ലയിൽ ജൂലൈ പകുതിയോടെയാണ് ഹർദിക് പട്ടേൽ തന്റെ പ്രക്ഷോഭങ്ങൾ തുടങ്ങിയത്. ഈ ഒന്നര മാസംകൊണ്ട് ഗുജറാത്തിലെ 12 ജില്ലകളിൽ ഹർദിക് യാത്ര ചെയ്തു. ഭൂമിയില്ലാത്ത കർഷകർക്ക് 5 ശതമാനം സംവരണമാണ് പട്ടേലിന്റെ മറ്റൊരു ആവശ്യം.

സംവരണമില്ലെങ്കിൽ വോട്ടില്ലെന്നാണു ഹർദിക് പറയുന്നത്. ഭരണകക്ഷിയായ ബിജെപിയെ പ്രതിസന്ധിയിലാക്കി പട്ടേൽ സമുദായത്തിന്റെ വൻ പ്രതിഷേധ റാലിയാണ് അഹമ്മദാബാദിൽ നടന്നത്. സംരണം കിട്ടിയില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ താമര വിരിയില്ലെന്നാണ് ഹർദിക് പട്ടേലിന്റെ മുന്നറിയിപ്പ്.

പട്ടീദാർ ആരക്ഷൻ ആന്ദോളൻ സമിതിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത് 10 ലക്ഷം പേരാണ്. ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ പട്ടേൽ സമുദായക്കാരാണ് ഇവർ മുഴുവനും. പട്ടേലുകൾ യാചകരല്ലെന്നും അവകാശത്തിനു വേണ്ടി പോരാടുന്നവരാണെന്നുമാണ് ഹർദിക് ഉയർത്തിയ മുദ്രാവാക്യം. 1985ൽ ഗുജറാത്തിൽ നിന്ന് കോൺഗ്രസിനെ തൂത്തെറിഞ്ഞത് കണ്ട് പഠിച്ചില്ലെങ്കിൽ ബിജെപിയും അതേ സ്ഥിതിയിലാകുമെന്ന മുന്നറിയിപ്പുമായാണ് ഹർദിക് കളം നിറയുന്നത്.

ഗുജ്ജാറിനെ കണ്ട് രാജസ്ഥാനിൽ സംവരണം ആവശ്യപ്പെട്ട് ഗുജ്ജാർ സമുദായം നടത്തിവരുന്ന വൻ പ്രതിഷേധ സമരങ്ങൾക്കു സമാനമായ സമ്മർദ്ദമാണ് ഗുജറാത്തിലും ഇപ്പോൾ നടത്തുന്നത്. അഹമ്മദാബാദിൽ പട്ടേൽ സമുദായം നടത്തിയ വൻ റാലി അക്രമത്തിലാണ് കലാശിച്ചത്. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും ചെയ്തു.

This is Hardik Patel with Pravin Togadia of the VHP. You sow the wind and reap the whirlwind!

Posted by Sanjiv Bhatt on Tuesday, 25 August 2015