ഖഗാരിയ: ബിജെപിയാണു ബിഹാറിൽ അധികാരത്തിൽ എത്തുന്നതെങ്കിൽ സംവരണ നയം റദ്ദാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപിയുടെ ശക്തനായ എതിരാളിയുമായ നിതീഷ് കുമാർ ആരോപിച്ചു. അതിനിടെ, ബിജെപിയെ എതിർക്കുന്ന നിതീഷിനു പിന്തുണ നൽകുമെന്നു ഗുജറാത്തിലെ സംവരണ പ്രക്ഷോഭ നേതാവ് ഹർദിക് പട്ടേൽ പ്രഖ്യാപിച്ചു.

ബീഹാറിൽ അഞ്ച് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്ടോബർ 12നാണ് ആരംഭിക്കുന്നത്. സംവരണം പുനഃപരിശോധിക്കണമെന്ന ആർ.എസ്.എസ് അദ്ധ്യക്ഷൻ മോഹൻ ഭാഗവതിന്റെ ആഹ്വാനത്തെ പിൻപറ്റി കേന്ദ്ര സർക്കാർ സംവരണ നയം റദ്ദാക്കാൻ മുതിരുമെന്നാണ് പാർബട്ട മണ്ഡലത്തിലെ റാലിക്കിടെ നിതീഷ് കുമാർ പറഞ്ഞത്. താൻ വീണ്ടും അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും നിതീഷ് വാഗ്ദാനം ചെയ്തു.

ബിജെപി പ്രഖ്യാപിച്ച 2.70 ലക്ഷം കോടിയുടെ പാക്കേജിന്റെ കാര്യത്തിൽ എതിർപ്പറിയിച്ച നിതീഷ് വികസനത്തിനായി എങ്ങനെ വിഭവസമാഹരണം നടത്തണമെന്ന് തനിക്കറിയാമെന്ന് അവകാശപ്പെട്ടു. എങ്ങനെയൊക്കെ ധനം സമാഹരിക്കണമെന്നതിന് വ്യക്തമായ പദ്ധതി കൈവശമുണ്ടെന്നും അതിനാരുടേയും സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെയാണു ബീഹാർ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സഖ്യത്തെ പിന്തുണയ്ക്കുമെന്ന് പട്ടീധർ അനാമത് ആന്ദോളൻ സമിതി (പാസ്) നേതാവ് ഹാർദിക് പട്ടേൽ പ്രഖ്യാപിച്ചത്. മികച്ച മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. അദ്ദേഹം തങ്ങളുടെ സമുദായക്കാരനാണ്. തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമുദായത്തിന്റെ പിന്തുണ നിതീഷിനുണ്ടാവുമെന്നും പട്ടേൽ പറഞ്ഞു. ഗുജറാത്തിൽ നരേന്ദ്ര മോദി ഭരിച്ചപ്പോൾ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കൂടുതൽ വർധിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ ഒന്നര ദശകമായി സംസ്ഥാനത്ത് ഇതേ അവസ്ഥയാണ് തുടരുന്നതെന്നും ഹാർദിക് പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയെയും ഹാർദിക് വിമർശിച്ചു. സർക്കാറിന്റെ 'ലോലി പോപ്പ്' പദ്ധതിയാണിതെന്നും ഇതിനെതിരെ 'ലോലി പോപ്പ്' വിതരണം ചെയ്ത് പ്രതിഷേധിക്കുമെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.
ഗുജറാത്തിലെ സമ്പന്ന സമുദായമായ പട്ടേൽ വിഭാഗത്തിന് (പട്ടിദാർ) വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം വേണമെന്നാവശ്യപ്പെട്ടുള്ള സമരം ജൂലൈ മുതലാണ് ആരംഭിച്ചത്. ആഗസ്റ്റിൽ സമരക്കാർ ഹൈദരാബാദിൽ സംഘടിപ്പിച്ച റാലിയിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.