അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ സാമുദായിക സംഘടനകളുമായി സഖ്യമുണ്ടാക്കി പോരിനിറങ്ങുന്ന കോൺഗ്രസ് പട്ടേൽ വിഭാഗം ഉന്നയിച്ച അഞ്ചിൽ നാല് ആവശ്യങ്ങളും അംഗീകരിച്ചു. സംവരണ കാര്യങ്ങളിലുൾപ്പെടെ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടേൽ വിഭാഗം നേതാവ് ഹാർദിക് പട്ടേൽ കഴിഞ്ഞദിവസം കോൺഗ്രസ്സിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് കോൺഗ്രസ് പട്ടേൽ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലിലും അനുകൂല നിലപാടെടുത്തത്. പട്ടേലുമാർക്ക് സംവരണം നൽകുന്ന കാര്യത്തിലുൾപ്പെടെ അനുകൂല നിലപാടാണെന്ന് കോൺഗ്രസ് ആദ്യഘട്ട ചർച്ചയിൽ അറിയിച്ചുകഴിഞ്ഞു. നാളെ മുതൽ ഗുജറാത്തിൽ എത്തുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാജീവ് ഗാന്ധിയുമായും ഇക്കാര്യങ്ങൾ ചർച്ചചെയ്യും.

ഇതിനു ശേഷമാകും അന്തിമ പ്രഖ്യാപനം. പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 35 ലക്ഷം നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യത്തിലും അനുകൂല നിലപാട് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

സംവരണ കാര്യത്തിൽ അടുത്ത ചർച്ചയിൽ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗങ്ങളും. ഇക്കാര്യത്തിൽ കോൺഗ്രസിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നും പട്ടേൽ വിഭാഗം ഇക്കുറി കോൺഗ്രസ്സിനൊപ്പം നിലകൊള്ളുമെന്നുമാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, മോദിക്കെതിരെ ശക്തമായ നിലപാടുമായാണ് ഹാർദിക് നിലകൊള്ളുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കാനായി മോദി വർഗീയകാർഡ് ഇറക്കുകയോ അല്ലെങ്കിൽ വോട്ടർമാർക്ക് മുന്നിൽ കണ്ണീർപൊഴിക്കുകയോ ചെയ്യുമെന്നാണ് പട്ടീദർ നേതാവ് ഹാർദിക് പട്ടേൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുകണ്ട് വോട്ടു ചെയ്യാൻ പോകുമ്പോൾ വൈകാരികമായി വോട്ടുചെയ്യരുതെന്നും ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്നും പട്ടേൽ പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജിത്തു വഗാനിയുടെ മണ്ഡലമായ ഭാവ്നഗറിൽ പ്രചാരണം നടത്തവെയാണ് മോദിക്കെതിരായ ഹാർദിക് പട്ടേലിന്റെ പരാമർശം ഉണ്ടായത്. ബിജെപിയുടെ വർഗീയ അജണ്ടയ്ക്ക് മുന്നിൽ വീഴരുതെന്നും പട്ടേൽ പ്രവർത്തകരോട് പറഞ്ഞു.

ഗുജറാത്തിലെ പട്ടേൽ വിഭാഗത്തിന്റെ വോട്ടുകൾ ഒന്നുപോലും ബിജെപിക്ക് ലഭിക്കില്ലെന്നും 22 വർഷത്തെ ബിജെപി ഭരണം ഗുജറാത്തിൽ അന്ത്യം കുറിക്കുമെന്നും ഹാർദിക് പട്ടേൽ പറഞ്ഞിരുന്നു.