കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്താതെ വിമർശിച്ച നടൻ ഹരീഷ് പേരടിക്ക് പട്ടും വളയും നഷ്ടം! ഒരു വശത്ത് മുഖ്യമന്ത്രിയെ പിന്തുണച്ചു കൊണ്ട് പരിപാടികൾ നടത്തുന്ന പുരോഗമന കലാസാഹിത്യ സംഘം ഹരീഷ് പേരടിക്ക് അവരുടെ വേദിയിൽ വിലക്കേർപ്പെടുത്തി. നിരന്തരമായി മുഖ്യമന്ത്രിയെയും പിണറായിയെയും വിമർശിച്ചതാണ് ഹരീഷിനെ വിലക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അന്തരിച്ച നാടക സംവിധായകൻ എ ശാന്തന്റെ അനുസ്മരണച്ചടങ്ങിൽ നടൻ ഹരീഷ് പേരടിക്ക് വിലക്ക്. പു.ക.സ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷാണ്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉദ്ഘാടനത്തിനായി പുറപ്പെട്ട ശേഷമാണ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചതെന്ന് നടൻ പറഞ്ഞു.

സമീപകാല വിഷയങ്ങളിൽ സർക്കാരിനെയും സി പി എമ്മിനെയും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി അതിസുരക്ഷയിൽ ചീറി പായുമ്പോൾ കുറത്തു മാസ്‌ക്കിട്ടാണ് ഹരീഷ് പ്രതികരിച്ചത്. പിന്നാലെ ഒ വി വിജയന്റെ ധർമ്മപുരാണത്തിലെ പ്രശസ്തമായ ചെറുകഥയും ഫേസ്‌ബുക്കിൽ പങ്കുവെച്ചു. ഇതെല്ലാം പിണറായി വിമർശനമായാണ് വിലയിരുത്തിയത്. ഇതോടെയാണ് പു.ക.സ വേദിയിൽ നിന്നും ഹരീഷ് പേരടിയെ പടിക്കു പുറത്താക്കാൻ സംഘടന തീരുമാനിച്ചത്.

അതേസമയം പു.ക.സയുടെ നേതൃത്വത്തിൽ പിണറായി വിജയനെ പിന്തുണച്ചു കൊണ്ട് വിവിധ ഇടങ്ങളിൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്കാരിക കേരളം പിണറായിക്കൊപ്പം എന്നു പറഞ്ഞു കൊണ്ടാണ് അനുകൂലിച്ചു കൊണ്ട് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഗാന്ധി പ്രതിമ പയ്യന്നൂരിൽ തകർത്തതിനെ കുറിച്ച് മിണ്ടാതിരിക്കുന്ന സാംസ്കാരിക നായകരാണ് പിണറായി വിജയനെ സ്തുതിച്ചു കൊണ്ട് പരിപാടി നടത്തുന്നത് എന്നും വിമർശനമുണ്ട്. ഇതിനിടയാണ് വിമർശകനായ ഹരീഷിനെ പരിപാടിയിൽ നിന്നും പുകസ വിലക്കേൽപ്പെടുത്തിയതും. തന്നെ വിലക്കിയ വിവരം ഹരീഷ് ഫേസ്‌ബുക്കിലൂടയൊണ് പങ്കുവെച്ചത്.

വിലക്കിനെക്കുറിച്ച് ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ശാന്താ, ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു. ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളിൽ ...നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും.

അതുകൊണ്ട് ഞാൻ മാറി നിന്നു, ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം...പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ...'ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം'- നാടകം-പെരുംകൊല്ലൻ..