തിരുവനന്തപുരം: ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച തമിഴ് നടൻ കാർത്തിയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. ഫേയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടൻ പ്രശംസ അറിയിച്ചത്. ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് തന്റെ ദേശീയ പുരസ്‌ക്കാരം എന്നാണ് അദ്ദേഹം കുറിച്ചത്. ഭീരുക്കളെപ്പറ്റി പറയാതെ കാർത്തിയെ പോലെയുള്ള ധീരന്മാരെപ്പറ്റി മാത്രം സംസാരിക്കാമെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

'അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്‌ക്കാരം...ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരന്മാരെ പറ്റി മാത്രം സംസാരിക്കാം...'- ഹരീഷ് കുറിച്ചു.

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസമാണ് കാർത്തി രം?ഗത്തെത്തിയത്. കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവിൽ കർഷകർ ഇരിക്കുന്നുവെങ്കിൽ അത് ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണെന്ന് കാർത്തി കുറിച്ചു.