കൊച്ചി: അഹിന്ദുവായതിനാൽ കൂടൽമാണിക്യം നൃത്തോത്സവത്തിൽ നർത്തകിക്ക് അവസരം നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ഹരീഷ് ശിവരാമകൃഷ്ണൻ. മതത്തിനും ജാതിക്കും വർഗത്തിനും രാഷ്ട്രീയത്തിനുപോലും കലയെ കയ്യടക്കാനുള്ള ശക്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർവ്വ കലകളും മനുഷ്യ രാശിയുടെ മുന്നോട്ടേക്കുള്ള പ്രയാണത്തിന്റെ മാർഗങ്ങളാണ്. വിശ്വാസം എന്നതിന്റെ മറവിൽ പണിയുന്ന മതിലുകളാൽ നിഷേധിക്കുന്ന ഓരോ വേദികൾക്കും പകരമായി ആയിരം വേദികൾ ഉയരുമെന്നും ഹരീഷ് പറഞ്ഞു.ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആയിരുന്ന ഹരീഷിന്റെ ഐക്യദാർഡ്യം.

ഹരീഷ് ശിവരാമകൃഷ്ണന്റെ വാക്കുകൾ:

സർവ കലകളും മനുഷ്യ രാശിയുടെ മുന്നോട്ടേക്കുള്ള പ്രയാണത്തിനുള്ള മാർഗങ്ങളാണ്. മതം, ജാതി, വർഗം എന്തിനു രാഷ്ട്രീയത്തിന് പോലും കലയെ കയ്യടക്കാനുള്ള ശക്തി ഇല്ല. മതത്തിന്റെയോ വിശ്വാസത്തിന്റെയോ പിന്തുണ കലയ്‌ക്കോ കലാകാരനോ ആവശ്യമില്ല. മനുഷ്യത്വം, സഹൃദയത്വം, വിശാല മനസ്‌കത എന്നിവയാണ് കലാകാരന് വേണ്ടത്. ഒരു കലാകാരിക്ക് ഒരു വേദി നിഷേധിച്ചു എന്നതുകൊണ്ട് കലയെയോ ആ കലാകാരിയെയോ അവരുടെ പ്രയാണത്തെയോ തടയാം എന്ന് ആരും കരുതേണ്ട. കലയെ നാല് മതിലിൽ ഒതുക്കാൻ ആവും എന്നത് വൃഥാ ധാരണ മാത്രം ആണ്.ജാതി മത ഭേദമെന്യേ കലയ്ക്കും കലാകാരനും വേണ്ടി നിലകൊണ്ട മഹാരഥന്മാരുടെ നാടാണ് കേരളം. അവർ കൊണ്ടുവന്ന പുരോഗമന ആശയങ്ങൾ നെഞ്ചോടു ചേർക്കുന്ന ഒരു ജനത ആണ് കേരളത്തിലുള്ളത്. ആ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ജനതയ്ക്ക് മുന്നിൽ വിശ്വാസം എന്നതിന്റെ മറവിൽ പണിയുന്ന മതിലുകളാൽ നിങ്ങൾ നിഷേധിക്കുന്ന ഓരോ വേദികൾക്കും പകരം ആയിരം വേദികൾ ഉയരും. കല വിജയിക്കും എക്കാലവും, വിദ്വേഷം പരാജയപ്പെടും.മനുഷ്യനെ ഒരുമിപ്പിക്കേണ്ട ഒന്നായ വിശ്വാസം എന്നതിനെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്ന ഓരോ അവസരത്തിലും, കലയും കലാകാരനും വീണ്ടും വീണ്ടും മണ്ണിലേക്കിറങ്ങും, മനുഷ്യരെ ഒന്നിപ്പിക്കാൻ. അത് ഒരു സമരമാണ്. കലയുടെ അതിരില്ലാത്ത ഈ പ്രയാണത്തെ തടയാൻ മനുഷ്യന്റെ കാലുഷ്യത്തിനു സാധിക്കില്ല.

നോട്ടീസിൽ പേരടിച്ചുവന്ന ശേഷം കൂടൽമാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയിൽ നർത്തകി മൻസിയ വിപിക്ക് അവസരം നിഷേധിക്കുകയായിരുന്നു.അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് ഇവർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഏപ്രിൽ 21ന് വൈകീട്ട് നാലു മുതൽ അഞ്ച് വരെയെന്ന് നേരത്തെ അറിയിച്ച പരിപാടിയാണ് നടത്താൻ സാധിക്കില്ലെന്ന് ക്ഷേത്രഭാരവാഹികളിൽ ഒരാൾ വിളിച്ചറിയിച്ചതെന്ന് ഇവർ പറയുന്നു