തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎമ്മിന്റെ ശബ്ദമായ അഡ്വ. ജഹാംഗീർ ആമിനാ റസാഖിനെതിരെ പീഡനാരോപണവുമായി യുവതിയായ വീട്ടമ്മ രംഗത്ത് വന്നതിന് പിന്നാലെ ഫേസ്‌ബുക്ക് കുറിപ്പുമായി അഡ്വ ഹരീഷ് വാസുദേവൻ.എസ്എഫ്‌ഐയുമായുള്ള ജഹാംഗീറിന്റെ ഏകബന്ധം അവരുടെ കൈയിൽ നിന്ന് നല്ല തല്ല് കിട്ടിയതാണെന്നും ഹൈക്കോടതി വക്കീലാണെന്ന് പറഞ്ഞ് ഇയാൾ ജനങ്ങളെ പറ്റിക്കാൻ തുടങ്ങിയിട്ട് വർഷം ആറ് കഴിഞ്ഞെന്നും ഹരീഷ് കുറിക്കുന്നു.മാധ്യമങ്ങൾ കൊടുത്ത സ്പേസ് ജഹാംഗീർ ഉപയോഗിച്ചത് ഇരകളെ വലവീശി പിടിക്കാനായിരുന്നു.അതിനാൽ തന്നെ അതേ മാധ്യമങ്ങൾക്ക് ഈ വാർത്ത കൊടുക്കാനും ബാധ്യതയുണ്ടെന്നും ഹരീഷ് കുറിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

സാധാരണ ഞാൻ വ്യക്തികളെ ടാർജറ്റ് ചെയ്തു പോസ്റ്റുകൾ ഇടാറില്ല. ഞാൻ രണ്ടാമതും കോവിഡ് പോസിറ്റീവ് ആയി വീട്ടിലിരിക്കുമ്പോൾ, ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നതുകൊണ്ടു, ഫോണിൽ പറയാൻ ചുമ അനുവദിക്കാത്തതുകൊണ്ടാണ് ഈ പോസ്റ്റ്.ഹൈക്കോടതി വക്കീൽ ആണെന്ന് നുണ പറഞ്ഞു കഴിഞ്ഞ 6 വർഷമായി ജഹാംഗീർ ആമിന റസാക്ക് എന്നയാൾ ആളുകളെ പറ്റിക്കുന്നതായി അറിയാം. 2015 ലോ മറ്റോ ഒന്നുരണ്ടു മാസം ഇവിടെ പ്രാക്ടീസ് ചെയ്തു കണ്ടിട്ടുണ്ട്. മാന്യമല്ലാത്ത കാരണത്താൽ നിന്ന ഓഫീസുകളിൽ നിന്നൊക്കെ പുറത്താക്കി. (അതിലൊന്ന്, ഒരു റേപ്പ് വിക്റ്റീമിനോട് കോടതിയിലേക്ക് പോകുംവഴി സെക്ഷ്വൽ ഫേവർ ചോദിച്ചു എന്നതാണെന്ന് അന്ന് ഇയാളുടെ കൂടെ ജോലി ചെയ്ത വക്കീൽ എന്നോട് ഈ വാർത്ത കണ്ടു സാക്ഷ്യം പറയുന്നു.)

പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ലെങ്കിലും, 'ഹൈക്കോടതിയിലേക്ക്' എന്നൊക്കെ കാറിലിരുന്ന് ഫോട്ടോ സഹിതം ഇടയ്ക്ക് ഇയാളുടെ എഫ്്് ബി പോസ്റ്റുകൾ കാണാറുണ്ട്. വക്കീലന്മാരിൽ പലരും ഇവിടെ മൂക്കത്ത് വിരൽ വെയ്ക്കും, 'ഇവനെങ്ങനെ സാധിക്കുന്നു ഇങ്ങനെ നുണ പറയാൻ
'ഹരീഷിന്റെ സുഹൃത്താണോ' എന്നു എന്നോട് നേരിട്ടു ചോദിച്ച എല്ലാവരോടും ഇയാളുടെ ഫ്രോഡ് സ്വഭാവത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. പബ്ലിക് നോട്ടീസ് കൊടുത്തിട്ടില്ല, എന്നിട്ട് വേണം പ്രൊഫഷണൽ റൈവൽറി ആണെന്ന്, ഇയാൾക്ക് മേനി പറയാൻ ??.
കോഴിക്കോട് ലോ കോളേജിൽ പഠിച്ച കാലത്തേ ജഹാംഗീറിനെ അറിയാം, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു സഹപാഠികളുടെ, എസ്എഫ്‌ഐ ക്കാരുടെ നല്ല തല്ലു കിട്ടിയിട്ടുണ്ട് ഇവന്. അതായിരിക്കണം എസ്എഫ്‌ഐ യുമായുള്ള ഇയാളുടെ ഏക ബന്ധം. ഒരു മാസം ജോലി ചെയ്ത മലപ്പുറത്തെ ഒരു സ്ഥാപനത്തിൽ നിന്ന് സ്ത്രീ വിഷയത്തിൽ പുറത്താക്കിയതും നേരിട്ടറിയാം. കാരണം, ആ സ്ഥാപനത്തിൽ ഞാനും അതേസമയം ജോലി ചെയ്തിരുന്നു.

എത്ര സ്ത്രീകളോട് ജഹാംഗീർ ലൈംഗികബന്ധം പുലർത്തണം എന്നതൊക്കെ തികച്ചും സ്വകാര്യമായ കാര്യമാണ്. എനിക്കൊരു എതിർപ്പുമില്ല.എന്നാൽ വിവാഹവാദ്ഗാനം നടത്തി എത്രയോ സ്ത്രീകളെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തു എന്ന ആരോപണം ഗൗരവമുള്ളതാണ്. ഞെട്ടിക്കുന്ന പല തെളിവുകളും പുറത്തുവന്നു കഴിഞ്ഞു. ഇരകളിൽ ചിലരെ നേരിൽ അറിയാം. നഗ്‌നഫോട്ടോ എടുത്ത് വെച്ചു അവരെ ഭീഷണിപ്പെടുത്തുന്നതുകൊണ്ട് ചിലർ പരാതിപ്പെടാൻ വരുന്നില്ല എന്നത് അതിലേറെ ഗൗരവമുള്ളതാണ്. ജഹാംഗീറിനെ 17 വർഷമായി കാണുന്നതുകൊണ്ട് ഇതിൽ ഒരതിശയോക്തിയും ഉണ്ടാകാൻ ഇടയില്ല എന്നാണ് എന്റെ തോന്നൽ. ഇപ്പോൾ പരാതി കൊടുത്ത ആ ഇരയോടൊപ്പം. കേസ് അന്വേഷണം നടക്കട്ടെ.

മാധ്യമങ്ങൾ കൊടുത്ത സ്പേസ് ജഹാംഗീർ ഉപയോഗിച്ചത് തന്റെ ഇരകളെ വലവീശി പിടിക്കാൻ ആയിരുന്നു. അവർക്ക് ഈ വാർത്ത കൊടുക്കാനും ബാധ്യതയുണ്ട്.ഫ്രോഡുകൾ എന്നായാലും ഒരുനാൾ വിചാരണ നേരിടും.

ഒരു മാധ്യമത്തിലൂടെയാണ് വീട്ടമ്മ ജഹാംഗീറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഏലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.പതിനാറ് വർഷം മുമ്പ് അഡ്വ. ജഹാംഗീർ നിയമ വിദ്യാർത്ഥിയായിരിക്കെ ഒരു ട്യൂഷൻ സെന്ററിൽ അദ്ധ്യാപകനായും ജോലി നോക്കിയിരുന്നു. ആ ട്യൂഷൻ സെന്ററിലെ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു യുവതി. തന്റെ വിദ്യാർത്ഥിനിയായിരുന്ന യുവതിയോട് അക്കാലത്ത് ജഹാംഗീർ പ്രണയം പറഞ്ഞെന്നും എന്നാൽ വിവാഹത്തിന്റെ വക്കിൽ വരെയെത്തിയ ബന്ധത്തിൽ നിന്നും ജഹാംഗീർ കാരണമില്ലാതെ പിന്മാറിയെന്നും യുവതി പറയുന്നു.

അതിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് 2018 ലാണ് ജഹാംഗീർ വീണ്ടും യുവതിയെ കാണുന്നത്. വിവാഹിതയായിരുന്ന യുവതി അന്ന് ഭർത്താവുമായി പിണങ്ങി നിൽക്കുകയായിരുന്നു. യുവതിയോട് അടുത്ത ജഹാംഗീർ മുമ്പ് യുവതിയെ ഉപേക്ഷിച്ചതിൽ കുറ്റബോധമുണ്ടെന്നും ഭർത്താവിനെ ഡിവോഴ്‌സ് ചെയ്ത് വന്നാൽ കല്യാണം കഴിച്ചോളാമെന്നും വിശ്വസിപ്പിച്ചു. ജഹാംഗീറും ഡിവോഴ്‌സ് കഴിഞ്ഞ് നിൽക്കുകയാണെന്നാണ് അന്ന് യുവതിയോട് പറഞ്ഞത്.

തുടർന്ന് യുവതിയുമായി അയാൾ ബന്ധം സ്ഥാപിച്ചു. വിവാഹവാഗ്ദാനം നൽകി യുവതിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടിരുന്ന ജഹാംഗീർ മൊബൈലിൽ നഗ്നചിത്രങ്ങൾ പകർത്തിയെന്നും യുവതി പറയുന്നു. ഇതിനെ പറ്റി യുവതി ചോദിച്ചിട്ടും ജഹാംഗീർ മറുപടി പറഞ്ഞില്ല. എന്നാൽ പിന്നീട് വിവാഹത്തിന്റെ കാര്യം യുവതി ചോദിക്കാൻ തുടങ്ങിയപ്പോൾ ജഹാംഗീർ ഫോൺ എടുക്കാതായെന്ന് യുവതി ആരോപിക്കുന്നു. താൻ വീണ്ടും ചതിക്കപ്പെടുകയാണോ എന്ന് യുവതി സംശയിച്ചുതുടങ്ങുന്നത് അപ്പോഴാണ്. ചിത്രങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട കാര്യം യുവതി തിരിച്ചറിഞ്ഞത്. താൻ മാത്രമല്ല, മറ്റ് മുപ്പതോളം സ്ത്രീകളും ഇയാളുടെ ചതിയിൽ വീണുപോയിട്ടുണ്ടെന്ന് യുവതി പറയുന്നു.തന്നെ ചതിച്ചാണ് ശാരീരികബന്ധത്തിലേർപ്പെട്ടതെന്ന് മനസിലായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.