കോഴിക്കോട്: ലോകം വിവരശേഖരണത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗൂഗിൾ സെർച്ച് എൻജിന്റെ സുരക്ഷാ ഭീഷണി തിരിച്ചറിഞ്ഞതിന് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയിരിക്കുകയാണ് കോഴിക്കോട് ഫറോഖ് സ്വദേശിയായ ഹരിപ്രസാദ് . പോളിടെക്‌നിക് വിദ്യാർത്ഥിയാണ് ഈ ഇരുപതു വയസ്സുകാരൻ. സൈബർ ലോകത്തെ വൻ ആദരം അപ്രതീക്ഷിതമയി കടന്നു വന്നപ്പോൾ കുട്ടിക്കാലത്തെ ഉണ്ടായിരുന്ന ഒരു ആഗ്രഹം നിറവേറ്റപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കൻ.

ഗൂഗിളിലെ സബ് ഡൊമൈനിലെ ഒരു ബഗ് ആണ് ഹരി തിരിച്ചറിഞ്ഞത്. ക്രോസ് സൈറ്റ് സ്‌ക്രിപ്ര്റ്റിംഗിൽ അഥവാ എക്‌സ് എസ് എസ് വിഭാഗത്തിൽ പെടുന്നതാണിത്. അതായത് അപരിചിതമായ ഒരു വിവരം ഒരു സൈറ്റിൽ നി്ന്ന് മറ്റൊരു സൈറ്റിലേയ്ക്ക് മാറ്റപ്പെടുമ്പോൾ ബാധിച്ചേക്കാവുന്ന വൈറസാണിത്. ചില പ്രത്യേക വിവരങ്ങൾ തിരയുമ്പോൾ അതനുസരിച്ച് ചില മാൽവയറുകൾ സൃഷ്ടിക്കപ്പെടുകയും മറ്റൊരു ഉപയോക്താവിലേയ്ക്ക് എത്തുകയും ചെയ്യുന്നു. ഇത് തിരിച്ചറിയുക ഏറെ ബുദ്ധിമുട്ടാണ്. ഇന്റർനെറ്റിൽ എവിടെയും ഇത് ബാധിച്ചേക്കാം. എച്ച് ടി എം എൽ സ്‌ക്രിപ്‌ററുകളെ വരെ ഇതിന് തിരുത്തിയെഴുതാൻ കഴിയും . ആക്രമണം മുൻകൂട്ടി അറിയാനും കഴിയുന്നില്ല എന്നതും ഇതിന്റെ ആഘാതം കൂട്ടും. ഈ ബഗിനെ ഹരി പ്രസാദ് തിരിച്ചറിയുകയും അത് ഗൂഗിളിൽ അറിയിക്കുകയും ചെയ്തു. ഒട്ടേറെ ദിവസത്തെ പരിശോധനയ്ക്കും സംവാദങ്ങൾക്കും ശേഷം ഗൂഗിളിൽ നി്ന്ന് ഹരിയുടെ കണ്ടെത്തൽ അംഗീകരിച്ചതായി അറിയിപ്പു വന്നു. ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിമിൽ നാനൂറ്റി എൺപത്തിയേഴാം നമ്പരായി ഈ പ്രൊഫൈൽ ചേർത്തിട്ടുണ്ട്.

കോഴിക്കോട് ഫറോക്കിലെ ശ്രീശൈലത്തെ ഒരു അതിസാധാരണകുടുംബമാണ് ഹരിയുടേതാണ്. കൂലിപ്പണിക്കാരനായ മോഹൻദാസിന്റേയും അജിതയുടേയും മകൻ. സഹോദരി ഒരു സ്വകാര്യപണമിടപാടു കേന്ദ്രത്തിൽ ജോലി ചെയ്യുന്നു. പഠനത്തിലെ മികവ് പക്ഷേ കുടുംബത്തിലെ പലബുദ്ധിമുട്ടു കാരണം മികച്ച രീതിയി്ൽ തുടരാനായില്ല. കംപ്യൂട്ടർ എൻജിനീയറിങ് ഡി്‌പ്ലോമാ പഠനവും കംപ്യൂട്ടർ സെന്ററിലെ ജോലിയും ഒരുമിച്ചുകൊണ്ടുപോവുകയുമാണ് ഹരി. വെസ്റ്റ്ഹിൽ പോളിടെക്‌നിക്കിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഇപ്പോൾ.

ന്യൂജൻ തലമുറയുടെ പ്രതിനിധിയാണെങ്കിലും ഇന്റർനെറ്റിന്റെ ലോകത്ത് താൻ എത്തിയത് വളരെ വൈകിയാണെന്ന് ഹരി പറയുന്നു. സാധാരണ ഉപയോഗത്തിനപ്പുറം ഹാക്കിംഗിലും നെറ്റ് വർക്കിലുമൊക്കെ എത്തപ്പെട്ടത് താത്പര്യം കൊണ്ടു മാത്രാണ്. ഔപചാരികമായ മറ്റു ഒരു പരിശീലനവും ഇതിന് ഉണ്ടായിട്ടില്ല. താത്പര്യംതോന്നി സ്വയം പഠിച്ചു. സോഷ്യൽ മീഡിയയിലും മറ്റുമുള്ള കൂട്ടായ്മകളും എത്തിക്കൽ ഹാംക്കിംഗിന്റെ യൂ ട്യൂബ് ട്യൂട്ടോറിയലുകളും സഹായിച്ചതായി ഹരി പറയുന്നു. ഗൂഗിൾ ഹാൾ ഓഫ് ഫെയിം ഒരു സ്വപ്‌നമായിരുന്നു എന്നും . എപ്പോഴെങ്കിലും ഈ ലിസ്റ്റിൽ തന്റെ പേരു വരണം എന്ന് ആഗ്രഹിച്ചിരുന്നു. ആ സ്വപ്‌നസാഫല്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഹരി ആഹ്‌ളാദത്തോടെ പറയുന്നു.

ഗൂഗിളിന്റെ അനലിസ്റ്റുകളുമയി നിരന്തര സമ്പർക്കം ഇപ്പോഴുമുണ്ട്. ഇതു സംബന്ധിച്ച സംശയങ്ങൾ അവരുമായി പങ്കുവച്ചതായും ഹരി വെളി്‌പ്പെടുത്തി. ഗൂഗിളിന്റെ അവസാനസ്്ഥിരീകരണം കാത്തിരിക്കുയാണിപ്പോൾ. രണ്ടാഴ്ചയ്ക്കകം ഇതുണ്ടാകും. റിവാർഡ് സംബന്ധിച്ച് അപ്പോഴാണ് അറിയാനാവുക എന്നും ഹരി പറഞ്ഞു.

സ്വകാര്യത എന്നത്തേക്കാൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഇപ്പോൾ. ഇന്റർനെറ്റിന്റേയും സോഷ്യൽ മീഡിയയുടേയും പ്രചാരമാണ് സ്വകാര്യതയെ മൗലിക അവകാശമായി പുതിയകാലത്ത് നിർവ്വചിക്കാൻ പ്രധാന ഘടകമായത്. ലോകം വിരൽത്തുമ്പിൽ എത്തുമ്പോൾ അതുയർത്തുന്ന സുരക്ഷയും ഭീഷണികളും തിരിച്ചറിയേണ്ടതുണ്ട്. തിരച്ചിൽ സംവിധാനത്തിലെ ചെറിയ പിഴവു പോലും വളരെ ഗുരുതരമായ വിപത്തിലേയ്ക്ക് നയിക്കപ്പെട്ടേക്കാം.

ഏറ്റവും വലിയ സൈബർ ആക്രമണമായിരുന്നു വനാക്രൈ. ലോകത്തെങ്ങും കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഇത് വരുത്തിവച്ചത്. 28 ഭാഷകളിലായി എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന ഡാറ്റകൾക്ക് പണം ആവശ്യപ്പെടുന്നതായിരുന്ു ഈ വൈറസ്. ഈ-മെയിൽ വഴിയുള്ള ഫിഷിംഗും, കമ്പ്യൂട്ടർ വേം വഴിയുമായിരുന്നു കമ്പ്യൂട്ടറിൽ നിന്നും കമ്പ്യൂട്ടറിലേക്ക് ഇത് പകർന്നത് . ഈ വൈറസ് ലക്ഷ്യമിട്ടത് വിൻഡോസിനെ ആയിരുന്നു. ഇതേ തരത്തിലുള്ള സുരക്ഷാഭീഷണി എല്ലാ സോഫ്റ്റവെയറുകളും നേരിടുന്നുണ്ട്. നമ്മുടെ കൈവശമുള്ള ഡാറ്റകൾ ചോർത്തപ്പെട്ടേക്കാം, സൈറ്റുകൾ തകർത്തേക്കാം, തെറ്റായ വിവരങ്ങൾ നല്കിയേക്കാം ഇങ്ങനെ അനവധി ആക്രമണങ്ങൾ പ്രതിരോധിക്കാനുള്ള കരുത്ത് സോഫ്റ്റവെയറുകൾ ആർജ്ജിക്കേണ്ടതായുണ്ട്.

ഇന്റർനെറ്റിലെ വിവരശേഖരണത്തിലും , വെബ് അധിഷ്ഠിതമായ സേവനങ്ങളുമാണ് ഗൂഗിൾ ചെയ്തുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനമാണ് ഗൂഗിൾ. വിവിധ തിരച്ചിൽ സംവിധാനങ്ങളിലൂടെ ഇരുപത് കോടിയിലേറെ അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. ഇതിൽ വാർത്തകൾ, ചിത്രങ്ങൾ, വീഡിയോ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എല്ലാം ഉൾപ്പെടുന്നു. ലോകമെമ്പാടുനിന്നും കോടിക്കണക്കിന് അന്വേഷണങ്ങൾ എത്തുമ്പോൾ പിഴവില്ലാത്ത ഉത്തരം നല്കാനായി ശക്തമായ സംവിധാനമാണ് ഗൂഗിൾ നിലനിർത്തിയിരിക്കുന്നത്. പക്ഷേ ഗൂഗിൾ പ്രോഗ്രാമിങ്ങിലെ പിഴവാണ് മലയാളിയായ ഹരിപ്രസാദ് കണ്ടെത്തിരിക്കുന്നത്. ഗൂഗിളിലെ പിഴവുകൾ കണ്ടെത്തുന്നവരെ അവർ ആദരിക്കുന്നുണ്ട്-ഹാൾ ഓഫ് ഫെയിം പദവിയാണ് അവർ സ്വന്തം സൈറ്റിൽ നൽകുക. സൈബർ ലോകത്തെ വളരെ വലിയ നേട്ടമാണിത്. കംപ്യൂട്ടർ രംഗത്തെ ഓരോ ഗവേഷകരും കൊതിക്കുന്ന പദവി. സ്വന്തം നിരീക്ഷണത്തിലൂടെയും അദ്ധ്വാനത്തിലൂടെയും ഹരിപ്രസാദ് നേടിയെടുത്തതാണ് ഈ അഭിമാനം.