തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണ വിധേയനായ ഉന്നതനെ കൂടി അമൃതാ ടിവിയിൽ നിന്ന് മാതാ അമൃതാനന്ദമയീ മഠം ഇടപെട്ട് പുറത്താക്കി. അമൃതാ ടിവിയുടെ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ഹരി എസ് കർത്തയെയാണ് കരാർ പുതുക്കാതെ അമൃതാ ടിവി പുറത്താക്കിയത്. ഹരി എസ് കർത്തയുടെ കരാർ തീർന്നതോടെ കൺസൾട്ടന്റായി തുടരാനാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. എന്നാൽ ശമ്പളത്തിൽ കുറവ് വരുത്തരുതെന്നായിരുന്നു ഹരി എസ് കർത്തയുടെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാട് എടുത്ത മാനേജ്‌മെന്റ് കരാർ പുതുക്കാത്തതിനെ തുടർന്ന് ഹരി എസ് കർത്ത പുറത്താവുകയായിരുന്നു.

ആർഎസ്എസ് മുഖ പത്രമായിരുന്ന ജന്മഭൂമിയുടെ ചീഫ് എഡിറ്ററായിരുന്നു നേരത്തെ ഹരി എസ് കർത്ത. ഇവിടെ നിന്നും ഒഴിവാക്കിയതിനെ തുടർന്നാണ് അമൃതാ ടിവിയിൽ ഹരി എസ് കർത്ത എത്തിയത്. അന്നത്തെ ആർഎസ്എസ് നേതൃത്വം ഹരി എസ് കർത്തയോട് കടുത്ത അതൃപ്തിയുള്ളവരായിരുന്നു. എന്നാൽ നിലവിൽ ഹരി എസ് കർത്തയും ആർഎസ്എസുമായി നല്ല ബന്ധത്തിലാണ്. ഈ സാഹചര്യത്തിൽ ജനം ടിവിയിലോ ജന്മഭൂമിയിലോ ഹരി എസ് കർത്ത വീണ്ടുമെത്തുമെന്നാണ് സൂചന. ജന്മഭൂമിയുടെ ചീഫ് എഡിറ്ററാകാനും സാധ്യത ഏറെയാണ്. ബിജെപി നേതൃത്വവും ഹരി എസ് കർത്തയ്ക്ക് ഇപ്പോൾ അനുകൂലമാണ്. അതിനാൽ ജന്മഭൂമിയിൽ ഉടൻ നിയമനം ലഭിക്കാനാണ് സാധ്യത.

ദീപക് ധർമ്മടവുമായി ബന്ധപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഹരി എസ് കർത്തയ്ക്ക് എതിരേയും ആരോപണം ഉയർന്നിരുന്നു. ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ തെളിവ് ശേഖരണം നടത്തിയാൽ വിവരമറിയുമെന്ന് ചാനലിലെ ചില മാദ്ധ്യമ പ്രവർത്തരെ ഹരി എസ് കർത്ത ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് മാദ്ധ്യമ പ്രവർത്തകർ അന്ന് സിഇഒയായിരുന്ന കെ ഗോപാലകൃഷ്ണനെ അറിയിച്ചെങ്കിലും ദീപക്കിനെ വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വിടാൻ ചരട് വലികൾ നടത്തിയ ഗോപാലകൃഷ്ണനും അതിനെ കാര്യമായെടുത്തില്ല. ഈ വിഷയത്തിൽ പ്രതിരോധ വകുപ്പ് പരിശോധനകൾ നടത്തുകയാണ്. വിഷയത്തിൽ പ്രതിരോധ വകുപ്പിലെ മാദ്ധ്യമ വിഭാഗത്തെ സ്വാധീനിച്ച് അന്വേഷണം കെ ഗോപാലകൃഷ്ണൻ അട്ടിമറിച്ചിരുന്നു. എന്നാൽ ഒരു മാസം മുമ്പ് വിഷയത്തിലെ പരാതി പ്രതിരോധ വകുപ്പ് സെക്രട്ടറിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. 

ഈ സാഹചര്യത്തിലാണ് ദീപക് ധർമ്മടം വിഷയത്തിൽ ഒത്തുകളിച്ചവരെയെല്ലാം അമൃതാനന്ദമയീ മഠം പുറത്താക്കുന്നത്. ഗോപാലകൃഷ്ണനേയും എച്ച് ആർ ജനറൽ മാനേജരായിരുന്ന ആർ ഹരികുമാറിനേയും ഇതേ മാതൃകയിൽ മഠം ഇടപെട്ട് പുറത്താക്കിയിരുന്നു. അമൃതാ ടിവിയുടെ എച്ച് ആറിന്റെ ചുമതലയിൽ പുതിയ വ്യക്തിയെ നിയമിക്കുകയും ചെയ്തു. എച്ച് ആർ വിഭാഗത്തിൽ പൂർണ്ണമായും പിടിമുറുക്കാനായിരുന്നു ഇത്. ദീപക് വിഷയത്തിൽ ധർമ്മടം പൊലീസ് സ്‌റ്റേഷനിലും കേസുണ്ട്. പാസ്‌പോർട്ടെടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച ഈ കേസും ഉന്നത സ്വാധീനത്തിലൂടെ അട്ടിമറിച്ചിരുന്നു. യുഡിഎഫ് ഭരണകാലത്ത് പ്രോസിക്യൂഷനിൽ നിന്നും അനുകൂല റിപ്പോർട്ട് സംഘടിപ്പിച്ചായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ടും പുതിയ പരാതി പൊലീസിന്റെ പരിഗണനയിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും പുതിയ പരാതി നൽകാനും ആലോചനയുണ്ട്. മഠവുമായി അടുത്ത നിൽക്കുന്ന വിഭാഗമാണ് ഈ നീക്കത്തിന് പിന്നിൽ. അമൃതാ ടിവിയുടെ നടത്തിപ്പിൽ മഠത്തിന് നിയമപരമായി നേരിട്ട് ബന്ധമില്ല. അതിനാൽ ഈ വിഷയങ്ങളിൽ മഠത്തിനെ ബന്ധപ്പെടുത്താനും കഴിയില്ല. എന്നാൽ മഠവുമായി സ്ഥാപനത്തിനുള്ള ബന്ധം പരസ്യവുമാണ്. അതുകൊണ്ട് വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിയമപരമായ നടപടികൾ മഠം എടുക്കും. ദീപക് ധർമ്മടത്തെ സംരക്ഷിച്ച് പുലിവാല് പിടിക്കേണ്ടതില്ലെന്നാണ് നിലപാട്. ഇതിന്റെ ഭാഗമായാണ് വിഷയത്തിൽ ആരോപണ വിധേയനായ ഹരി എസ് കർത്തയേയും പുറത്താക്കുന്നത്. ഹരി എസ് കർത്തയ്ക്ക് എതിരേയും ധർമ്മടം പൊലീസിന് പരാതി കിട്ടിയിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം.

അമൃതാ ടിവിയുടെ സിഇഒയായ ഗോപാലകൃഷ്ണനാണ് ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് അയച്ചത്. അമൃതയിലെ മാദ്ധ്യമ പ്രവർത്തകർ തന്നെ ദീപക്കിന്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ സംശയങ്ങൾ ഉന്നയിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജികെ സുരേഷ് ബാബു ദീപക്കിനെ വിടരുതെന്നും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മറ്റൊരു വിഷയമുണ്ടാക്കി ജികെ സുരേഷ് ബാബുവിനെ അമൃതാ ടിവിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. 2013 ജൂലൈയിലായിരുന്നു സസ്‌പെൻഷൻ. ഇതേ ദിവസം തന്നെയാണ് ദീപക്കിന് പ്രതിരോധ വകുപ്പിന്റെ കോഴ്‌സിനുള്ള അനുമതി പത്രം എച്ച്ആറിൽ നിന്ന് നൽകിയത്. സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന നീലന് പോലും ഈ നീക്കത്തോട് യോജിപ്പില്ലായിരുന്നു.

ജികെ സുരേഷ് ബാബുവിനെ സസ്‌പെന്റ് ചെയ്ത ശേഷം ഹരി എസ് കർത്തയെ ന്യൂസിന്റെ ചുമതലയിൽ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്ററാക്കി. അപ്പോഴാണ് ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ ആക്ഷേപങ്ങൾ ഉന്നയിച്ചവരെ ഹരി എസ് കർത്ത ഭീഷണിപ്പെടുത്തിയതായി പരാതികൾ ഉയർന്നത്. എന്നാൽ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഒരു നടപടിയും എടുത്തതുമില്ല. ഇതെല്ലാം അമൃതാനന്ദമയീ മഠത്തിന് ബോധ്യപ്പെട്ടതോടെയാണ് ഹരി എസ് കർത്തയെ പുറത്താക്കിയതെന്നാണ് സൂചന. ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വിടുന്നതിന് മുമ്പ് അമൃതാ ടിവയിലെ ഉന്നതൻ പാക്കിസ്ഥാൻ സന്ദർശനം നടത്തിയതും വിവാദമായിട്ടുണ്ട്.