- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര ഉത്സവത്തിനിടെ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കം; കൃത്യമായ രാഷ്ട്രീയ ബന്ധം ഉള്ളപ്പോഴും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അത്യധ്വാനം ചെയ്ത ഹരിദാസ്; മകളുടെ ചികിത്സയ്ക്ക് വേണ്ടി അവധി ദിവസങ്ങളിൽ പോലും തൊഴിൽ ചെയ്ത അച്ഛൻ; അക്രമിക്കും പരിക്കേറ്റു; ഹരിദാസിനെ കൊന്നത് ബിജെപിക്കാർ തന്നെ
കണ്ണൂർ:സിപിഎം പ്രവർത്തകൻ പുന്നോൽ താഴെവയൽ കൊരമ്പിൽ താഴെ കുനിയിൽ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ ചർച്ചയാകുന്നത് രാഷ്ട്രീയ കൊലപാതകമെന്ന സിപിഎം വാദം. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൺസിലറുമായ ലിജേഷ്, വിമൽ, അമൽ മനോഹരൻ, എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഏഴു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ന്യൂമാഹി സിഐ ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. അക്രമി സംഘത്തിലെ ഒരാൾക്ക് സംഭവത്തിനിടയിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു കരുതുന്നു.
തലശേരി നഗരസഭാ കൗൺസിലർ ലിജേഷ് പുന്നോലിൽ കഴിഞ്ഞ ഏഴാം തീയ്യതി നടന്ന ബിജെപി പ്രതിഷേധ 'പൊതുയോഗത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന സിപിഎം പരാതിയിൽ പൊലിസ് അന്വേഷണം നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചത്.ഇതിനെ തുടർന്നാണ് ലിജേഷിനെ അറസ്റ്റു ചെയ്തത്.' അക്രമം നടന്ന ന്യൂ മാഹി പൊലിസ് സ്റ്റേഷൻ പരിധിയിലെ പുന്നോലിൽ ബോംബ്, ഡോഗ് സ്‌ക്വാഡുകൾ ആയുധങ്ങൾക്കായി പരിശോധന നടത്തി വരികയാണ്.
പ്ലസ് ടു തലത്തിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കം രാഷ്ട്രീയ സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു. വീടിന്റെ നെടുംതൂണായ മനുഷ്യനായിരുന്നു ഹരിദാസ്. ഹരിദാസും സഹോദരനും കുടുംബങ്ങളും ഒരുമിച്ചായിരുന്നു താമസം. കൃത്യമായ രാഷ്ട്രീയ ബന്ധം ഉള്ളപ്പോഴും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അത്യധ്വാനം ചെയ്യുന്നയാളായിരുന്നു ഹരിദാസ്. മകളുടെ ചികിത്സയ്ക്ക് വേണ്ടി ധാരാളം പണം ആവശ്യമുള്ളതിനാൽ അവധി ദിവസങ്ങളിൽ പോലും തൊഴിൽ ചെയ്യുന്നയാളായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെൺമക്കളുമാണ് ഹരിദാസിന്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇദ്ദേഹത്തിന് ബാങ്ക് വായ്പാ ബാധ്യതകളും ഉണ്ടായിരുന്നെന്നാണ് വിവരം.
ഇരുപതിലധികം വെട്ടുകൾ ഹരിദാസന്റെ ശരീരത്തിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം. അരയ്ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം. വെട്ടിയ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കൈയിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ഹരിദാസനെ കൊലപ്പെടുത്തിയത് തിങ്കളാഴ്ച പുലർച്ചെ 1.30-ന് ആയിരുന്നു. മത്സ്യത്തൊഴിലാളിയായ അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലെത്തി അടുക്കളഭാഗത്ത് ഭാര്യയുടെ കൈയിൽ മീൻസഞ്ചി നൽകി മുൻവശത്തേക്ക് വരുമ്പോഴാണ് ആക്രമണം. വീട്ടുമുറ്റത്തും പറമ്പിലുമിട്ടാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. രക്ഷപ്പെട്ടോടാൻ ശ്രമിച്ചപ്പോൾ അക്രമികൾ സംഘംചേർന്ന് വെട്ടുകയായിരുന്നു. മുൻവശത്തെ മതിലിനോടുചേർന്നാണ് ഹരിദാസൻ വീണുകിടന്നത്. അവിടെ രക്തം തളംകെട്ടിയിരുന്നു.
ഹരിദാസന്റെ നിലവിളികേട്ട് വാതിൽ തുറന്ന് ഭാര്യയും ഇളയ സഹോദരൻ സുരേന്ദ്രനും വീട്ടിലുള്ള മറ്റുള്ളവരും പുറത്തേക്ക് വന്നപ്പോഴാണ് അക്രമിസംഘം ഓടിരക്ഷപ്പെട്ടത്. സംഘം രണ്ട് വഴികളിലൂടെയാണ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. രണ്ട് വഴികളിലും രക്തം കണ്ടെത്തിയിട്ടുണ്ട്. തനിക്കും ജ്യേഷ്ഠൻ ഹരിദാസനും ബിജെപി. പ്രവർത്തകരുടെ ഭീഷണിയുണ്ടായിരുന്നതായി സഹോദരൻ സുരേന്ദ്രൻ പറഞ്ഞു. കൂലോത്ത് ക്ഷേത്രത്തിൽ നടന്ന അക്രമസംഭവത്തിൽ പരിക്കേറ്റ് സുരേന്ദ്രന്റെ വലതുകൈയുടെ എല്ല് പൊട്ടി. ഞായറാഴ്ച രാത്രി അടുത്തുള്ള വിവാഹവീട്ടിൽ പോയശേഷം ജ്യേഷ്ഠന്റെ വീട്ടിലെത്തിയതാണ്. അപ്പോൾ ഹരിദാസൻ വീട്ടിലെത്തിയിരുന്നില്ല. കാത്തിരുന്ന് ഉറങ്ങിപ്പോയ സുരേന്ദ്രൻ നിലവിളി കേട്ടാണ് ഉണർന്നത്.
മറുനാടന് മലയാളി ബ്യൂറോ