- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സ് ആപ്പ് കോൾ ആർക്കും ചെയ്തിട്ടില്ല; ഹരിദാസ് വധക്കേസിൽ തന്നെ കുടുക്കിയത്; രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബിജെപി നേതാവ് കെ.ലിജേഷ്; കേസിൽ പ്രതികൾ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ
കണ്ണൂർ: ഹരിദാസ് വധക്കേസുമായി തനിക്ക് ബന്ധമില്ലെന്നും കേസിൽ പ്രതിചേർത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പ്രതിയും തലശേരി നഗരസഭാ കൗൺസിലറുമായ കെ.ലിജേഷ്. താൻ ആർക്കും വാട്സ് ആപ്പ് കോളും ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കണ്ണൂർ കോടതി വളപ്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നെ പൊലിസ് മർദ്ദിച്ചിട്ടില്ലെന്നും, തന്റെ കൂടെയുള്ളവരെ പൊലിസ് മർദ്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ന്യൂമാഹി പുന്നോലിലെ മത്സ്യത്തൊഴിലാളിയും സി.പി. എം പ്രവർത്തകനുമായ ഹരിദാസൻ വധത്തിൽ റിമാന്റിൽ കഴിയുന്ന ബിജെപി - ആർ. എസ്. പ്രവർത്തകരെ അന്വേഷണത്തിന്റെ ഭാഗമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഇന്നു ഉച്ചയ്ക്ക് ശേഷമാണ് കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്)കോടതി മുൻപാകെ പ്രതികളെ ഹാജരാക്കിയത്.
ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ ലിജേഷ്, പുന്നോലിലെ കെ വി വിമിൻ, ഗോപാല പേട്ടയിലെ എം സുനേഷ്, പുന്നോലിലെ അമൽ മനോഹരൻ എന്നിവരെയാണ് തലശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് - രണ്ട് മുൻപാകെ ഹാജരാക്കിയത്. പ്രതികളെ മാർച്ച് നാലുവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ന്യൂ മാഹി ഇൻസ്പെക്ടറുടെ ഹർജി പരിഗണിച്ചാണ് പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി വിട്ടുകൊടുത്തത്.
അതേസമയം, ഹരിദാസിന്റെ കൊലപാതകത്തിൽ അന്വേഷണം നടക്കുന്നത് സിപിഎമ്മും പൊലീസും സംയുക്തമായി ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടത് മറച്ചുവെക്കാൻ കേസ് ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. സിപിഎം പൊലീസുമായി ചേർന്ന് മെനഞ്ഞുണ്ടാക്കിയ തിരക്കഥയെ അടിസ്ഥാനമാക്കിയാണ് അറസ്റ്റുകൾ രേഖപ്പെടുത്തുന്നത്. പൊലീസും മാർക്‌സിസ്റ്റ് പാർട്ടിയുടെ ഭാഗമായെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.
സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രവർത്തനമാണ് ജില്ലാ പൊലീസ് മേധാവി ചെയ്യുന്നത്. കേസിൽ ലിജേഷ് പ്രതിയാണെന്ന് പറയുന്നത് സിപിഎം ജില്ലാ സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. കേരളപൊലീസിലെ ഒരു വിഭാഗം തൊപ്പിയും ലാത്തിയും സിപിഎം ഓഫീസിൽ പണയം വെച്ചത് ലജ്ജാകരം തന്നെയാണെന്നും വീണ് കിട്ടിയ അവസരം മുതലെടുത്ത് ബിജെപി പ്രവർത്തകരെ കള്ളകേസിൽ കുടുക്കുകയാണെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്