കണ്ണൂർ: പുന്നോൽ താഴെ കുനിയിലിൽ കൊരമ്പിൽ ഹരിദാസ് വധത്തിൽ പൊലീസ് അന്വേഷണം അന്തിമഘട്ടത്തിൽ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേരുൾപ്പെടെ എട്ടുപേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ഹരിദാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രജി, ദിനേശൻ, പ്രജൂട്ടി എന്നിവരുൾപ്പെടെയുള്ള സംഘമാണ് പൊലിസ് കസ്റ്റഡിയിലുള്ളത്.

ഇന്നലെ പൊലിസ് കസ്റ്റഡിയിലെടുത്ത തലശേരി നഗരസഭാ കൗൺസിലർ കെ.ലിജേഷിനെയും മറ്റു മൂന്നു പേരെയും ഇവരോടൊപ്പം ചോദ്യം ചെയ്തു വരികയാണ്. ന്യു മാഹി, ചെമ്പ്ര, കല്ലിങ്കണ്ടി എന്നിവടങ്ങളിൽ നിന്നുള്ളവരാണ് കസ്റ്റഡിയിലുള്ള പ്രതികൾ. ഹരിദാസ് വധവുമായി ബന്ധമില്ലെന്നു പൊലീസ് കണ്ടെത്തിയ ചിലരെ വെറുതെ വിട്ടയച്ചിട്ടുണ്ട്. കൊലയിൽ പങ്കെടുത്ത മൂന്നു പേരും ഗൂഢാലോചനയിൽ പങ്കെടുത്ത അഞ്ചു പേരുമാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. എന്നാൽ പ്രതികളെ പിടികൂടിയ കാര്യം ഇതുവരെ സ്ഥിരീകരിക്കാൻ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ ഇതുവരെ തയ്യാറായിട്ടില്ല.

പ്രതികളെ മുഴുവൻ, വീടുകളിൽ നിന്ന് നിങ്ങൾക്ക് ഭീഷണിയുണ്ടെന്നും അതുകൊണ്ടു പൊലിസ് സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞ് പൊലീസ് വിളിച്ചിറക്കി കൊണ്ടുവരികയായിരുന്നു. ന്യു മാഹി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ഇവരെ പിന്നീട് കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിനിടെ ആർഎസ്എസ് കുടുംബത്തിലുള്ള രണ്ട് പ്‌ളസ് ടൂ വിദ്യാർത്ഥികൾ ഒരു പെൺകുട്ടിയെ കമന്റടിച്ച വിഷയം തർക്കമായി വളരുകയായിരുന്നു. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്തു. ഇതു ചോദിക്കാനായി ചെന്ന ആർഎസ്എസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘവുമായി വീണ്ടും സംഘർഷമുണ്ടായി. ഇതിനിടെ ഹരിദാസ് ആർഎസ്എസ് നേതാവിനെ ചവുട്ടി വീഴ്‌ത്തിയെന്നാണ് ആരോപണം.

ഇതോടെയാണ് ആർഎസ്എസ് നേതാവിനെ ചവുട്ടിയ ഹരിദാസിന്റെ കാൽ വെട്ടിയെടുക്കുമെന്ന വെല്ലുവിളി ഉയർന്നത്. ഇതോടെ ഹരിദാസിന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും മത്സ്യ ബന്ധനത്തിന് കടലിൽ പോകാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയതു. ന്യൂ മാഹി പൊലിസിൽ തനിക്കെതിരെ വധഭീഷണിയുണ്ടെന്നു പരാതിപ്പെട്ട ഹരിദാസിന് പൊലിസ് സുരക്ഷയും ലഭിച്ചില്ല. ഇതേ തുടർന്നാണ് വളരെ ആസുത്രിതമായി ഹരിദാസ് കടലിൽ പോയി മടങ്ങി വന്ന ദിവസം അക്രമി സംഘം വീടിനരികെ ഒളിഞ്ഞിരുന്ന് ചാടി വീണു കൊലപ്പെടുത്തിയത്.പൊലിസ് അസി.കമ്മിഷണർ പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കുന്നത്.