- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നോൽ ഹരിദാസൻ വധക്കേസ് അന്വേഷണം വഴിത്തിരിവിലേക്ക്; കൊലയിൽ നേരിട്ട് പങ്കെടുത്തവർ എന്ന് സംശയിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

കണ്ണൂർ: പുന്നോലിലെ സി.പി. എം പ്രവർത്തകൻ ഹരിദാസ് വധക്കേസിൽ മൂന്ന് പേരെ കൂടി ന്യൂമാഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പുന്നോൽ സ്വദേശികളായ പ്രജിത്ത്, പൊച്ചറദിനേശൻ, പ്രജൂട്ടിയെന്ന പ്രഷീജെന്നവരാണ് കസ്റ്റഡിയിലുള്ളത്. ഇവർ കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്തവരാണെന്നാണ് സൂചന.
ന്യൂമാഹി പുന്നോലിലെ സിപിഎം പ്രവർത്തകൻ ന്യൂമാഹികൊരമ്പിൽ താഴെകുനിയിൽ ശ്രീമുത്തപ്പൻവീട്ടിൽ ഹരിദാസനെ (54) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആസൂത്രിത ഗൂഢാലോചന നടന്നുവെന്ന് പൊലിസ് അന്വേഷണ റിപ്പോർട്ട്. മൂന്ന് തവണ പ്രതികൾ ഹരിദാസിനെ വധിക്കാനായി ലക്ഷ്യമിട്ടിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പേരാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തത്. അന്വേഷണം അന്തിമഘട്ടത്തിലാണിപ്പോൾ. ഇവരുടെ അറസ്റ്റു കൂടി രേഖപ്പെടുത്തുന്നതോടെ ഹരിദാസൻ വധത്തിലെ ചിത്രം തെളിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഗൂഢാലോചനയിൽ പത്തോളം പേർ പ്രത്യക്ഷമായും പരോക്ഷമായും കണ്ണികളാണെന്നാണ് വിവരം. ജുഡീഷ്യൽകസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടിയ തലശേരി നഗരസഭാ കൗൺസിലറും ബിജെപി തലശേരി മണ്ഡലം പ്രസിഡന്റുമായ കൊമ്മൽ വയലിലെ കെ. ലിജേഷ് (38), ആർ.എസ്.എസ് മുഖ്യശിക്ഷക് പുന്നോൽ ദേവീ കൃപയിലെ അമൽ മനോഹരൻ (27), ഖണ്ഡകാര്യവാഹക് പുന്നോൽ കെ.വി ഹൗസിൽ കെ.വി വിമിൻ (29), ഗോപാലപേട്ട സുനേഷ് നിവാസിൽ സുനേഷ് എന്ന മണി (26) കെ.ലിജേഷ് എന്നിവരെ കസ്റ്റഡിയിലുള്ള പ്രതികളുമൊന്നിച്ചു ചോദ്യം ചെയ്തുവരികയാണ്.
ഇവരിൽ നിന്നും നിർണായക വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ന്യൂമാഹി, ചെമ്പ്ര, കല്ലിക്കണ്ടി ഭാഗങ്ങളിൽ നിന്നുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ ചിലരെ കേസിൽ പങ്കില്ലെന്നു തെളിഞ്ഞതിനെ തുടർന്ന് ഇന്നലെ വെറുതെ വിട്ടിരുന്നു. പ്രതികളെ അവരവരുടെ വീടുകളിൽ നിന്നുമാണ് സുരക്ഷാഭീഷണിയുണ്ടെന്നു പറഞ്ഞ് പൊലിസ് മാഹി പൊലിസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവിടെ നിന്നും ചോദ്യം ചെയ്യാനായി കണ്ണൂരിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കമാണ് രാഷ്ട്രീയ വൈര്യത്തിൽ കലാശിച്ചത്. ഹരിദാസന്റെ മർദ്ദനത്തിൽ ആർ. എസ്. എസ് നേതാവുൾപ്പെടെ രണ്ടു പേർക്ക് പരുക്കേറ്റിരുന്നു. ഹരിദാസൻ ആർ. എസ്. എസ് നേതാവിനെ ചവുട്ടിവീഴ്‌ത്തിയെന്നാരോപിച്ചു ഭീഷണിയുയർന്നിരുന്നു.
ഉത്സവം കഴിഞ്ഞതിനു ശേഷവും ഈ മേഖലയിൽ സംഘർഷത്തിന് അയവുവരാത്തതിനാൽ ഹരിദാസന് മത്സ്യബന്ധനത്തിന് പോവാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് തവണ ഹരിദാസനെ തേടി അക്രമിസംഘം വീട്ടുപരിസരത്തെത്തിയെന്നാണ് സൂചന. ഇതുകാരണം
തന്റെ ജീവന് ഭീഷണിയുണ്ടെന്ന്ന്യൂമാഹി പൊലിസിൽ പരാതിപ്പെട്ടിരുന്നുവെങ്കിലും പൊലിസ് അതുഗൗരവത്തിലെടുക്കാതെ മാറിനിൽക്കാൻ ഉപദേശിക്കുകയായിരുന്നു.
സംഭവം കഴിഞ്ഞു ഒന്നരയാഴ്ചയ്ക്കു ശേഷമാണ് അതുവരെ വീട്ടിൽ നിന്നും കഴിഞ്ഞ ഹരിദാസൻ ഗോപാലപേട്ടയിലെ ബിജെപി പ്രവർത്തകനായ സുനേഷുമൊന്നിച്ചു മത്സ്യബന്ധനത്തിന് പോവുകയായിരുന്നു.സുനേഷ് മൊബൈൽ ഫോൺ വഴി നൽകിയ വിവരത്തെ തുടർന്നാണ് മത്സ്യബന്ധനം കഴിഞ്ഞു വീട്ടുവളപ്പിലെത്തിയ ഹരിദാസനെ ബൈക്കിൽ കാത്തു നിന്ന അക്രമികൾ വെട്ടിക്കൊലപ്പെടുത്തുന്നത്. ആർ. എസ്. എസ് നേതാവിനെ ചവുട്ടിവീഴ്‌ത്തിയതിനു പ്രതികാരമായി ഹരിദാസന്റെ കാൽവെട്ടിക്കളയാനായിരുന്നു പദ്ധതിയെന്ന് പ്രതികൾ മൊഴിനൽകിയിട്ടുണ്ട്. അരയ്ക്കു താഴെയാണ് ഹരിദാസന് വെട്ടുകൾ കൂടുതലേറ്റത്.
ഇതുതടയാൻ ശ്രമിച്ചപ്പോൾ കൈത്തണ്ടയ്ക്കും വെട്ടേറ്റു. ഒരാൾ പുറകിൽ നിന്നും പിടിക്കുകയും മറ്റൊരാൾ ശബ്ദം പുറത്തുവരാതിരിക്കാൻ വായപൊത്തിപിടിക്കുകയും ചെയ്തതിനു ശേഷമായിരുന്നു അക്രമം. ഇതിനിടെ ഭാര്യമിനിയും സഹോദരനും ശബ്ദം കേട്ടു ഓടിവന്നതിനാൽ കൊലയാളി സംഘം ബൈക്കിൽ കയറി രക്ഷപ്പെട്ടു.ഇരുപതിലേറെ വെട്ടുകളേറ്റ ഹരിദാസൻ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞതെന്നാണ് പ്രാഥമിക റിപ്പോർട്ട്.ഹരിദാസ് വധക്കേസിൽ പ്രതികൾ സഞ്ചരിച്ച ബൈക്കുകളും ഉപയോഗിച്ച ആയുധങ്ങളും ഇനിയും കണ്ടെത്തിയിട്ടില്ല. കണ്ണൂർസിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന്റെ മേൽനോട്ടത്തിൽ എ.സി.പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.


