കണ്ണുർ: പുന്നോൽ താഴെവയലിലെ കെ ഹരിദാസൻ വധക്കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നലെ കണ്ണൂർ സ്പെഷ്യൽ ജയിലിൽ നടന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒമ്പതാം പ്രതി കൊമ്മൽവയലിലെ പ്രഷീജ് എന്ന പ്രജൂട്ടി, പത്താംപ്രതി പുന്നോൽ കരോത്ത്താഴെ ഹൗസിൽ പി കെ ദിനേശ് എന്ന പൊച്ചറ ദിനേശ്, പതിനൊന്നാം പ്രതി പ്രീതീഷ് എന്ന മൾട്ടി പ്രജി എന്നിവരെയാണ് തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയത്.

കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിൽ കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് വ്യാഴാഴ്‌ച്ച വൈകുന്നേരം നടന്നത്. പ്രതികളെ പ്രത്യേക പൊലീസ് വാഹനത്തിൽ മുഖംമൂടിയണിഞ്ഞാണ് കൊണ്ടുവന്നത്. ഇവരോടൊപ്പം മറ്റു മൂന്നുപേരെയുംകൂടി നിർത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കൊലപാതകത്തിന് ദൃക്സാക്ഷികളായ ഹരിദാസന്റെ സഹോദരൻ, ഭാര്യ, മകൾ എന്നിവരാണ് തിരിച്ചറിയൽ പരേഡിനെത്തിയത്. ഇവർ മൂന്ന് പ്രതികളെയും തിരിച്ചറിയുകയായിരുന്നു.

ഇതേ സമയം ഹരിദാസ് വധക്കേസിൽ മറ്റൊരാൾ കൂടി ഇന്നലെ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പുന്നോൽ കൊമ്മൽ വയലിലെ സനലാ(27)ണ് പിടിയിലായത്. ഈ കേസിൽ ഒളിവിലുള്ള മാഹി ചാലക്കരയിലെ ദീപക് എന്ന് ദീപു തൃശൂർ ഒല്ലൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരുകോടിയോളം രൂപ തട്ടിപ്പറിച്ച കേസിൽ പ്രതിയാണ്. കേരള പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഹരിദാസൻ വധത്തിൽ പങ്കെടുത്തത്. ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖിലും ദീപുവും ഒളിവിലാണ്. ഗൂഢാലോചന നടത്തിയ ഏതാനും പേരെക്കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.

സിപി എം പ്രവർത്തകനായ ഹരിദാസനെ ഫെബ്രുവരി 21ന് പുലർച്ചെയാണ് വീട്ടുമുറ്റത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്.കേസിലെ പതിനൊന്നാംപ്രതി മൾട്ടി പ്രജി ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയുമാണ്. മറ്റുള്ളവർ ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ്. മൾട്ടി പ്രജിയുടെ മൂന്നാമത്തെ കൊലപാതകമാണിതെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ വധശ്രമക്കേസിൽ പ്രതിയാണ് പൊച്ചറ ദിനേശ്.

വീട്ടുപറമ്പിൽവച്ച് കെ ലിജേഷ്, മൾട്ടി പ്രജി, ഒളിവിൽ കഴിയുന്ന ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖിൽ, മാഹി ചാലക്കരയിലെ ദീപക് എന്ന ദീപു എന്നിവർ ചേർന്നാണ് ഹരിദാസന്റെ ഇടതുകാൽ മുട്ടിന് താഴെമുറിച്ചുമാറ്റുകയും വലതുകാലിന് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. ഇവർ നാലുപേരും വാൾ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. ഒമ്പതും പത്തും പ്രതികളുടെ കൈയിൽ ഇരുമ്പ് പൈപ്പാണ് ഉണ്ടായിരുന്നതെന്നും അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.