തലശേരി: സി.പി. എം പ്രവർത്തകൻ ന്യൂമാഹി പുന്നോൽ താഴെ വയലിലെ ഹരിദാസൻ കൊലക്കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയ ഒൻപതു പ്രതികളെയും തിങ്കളാഴ്‌ച്ച ഉച്ചയോടെ കോടതിയിൽ തിരികെ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു.
തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഹാജരാക്കിയ പ്രതികളെ മജിസ്ട്രേട്ട് വീണ്ടും റിമാൻഡ് ചെയ്തു ജയിലിൽ അടച്ചു.

നാലുനാളത്തെ കസ്റ്റഡി കാലാവധിക്കിടയിൽ നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും അക്രമം നടത്താനായി പ്രത്യേകം രൂപകൽപന ചെയ്ത നാലു വാളുകളും സ്റ്റീൽ പൈപ്പും കൃത്യം നടത്തുന്ന സമയം പ്രതികൾ ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തതായി പ്രതികളെ തിരികെ ഹാജരാക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കോടിയേരി മാടപ്പീടിക കുറ്റി വയലിലെ ട്രാൻസ്ഫോർമറിന് സമീപത്തെ കലുങ്കിനടിയിൽ നിന്നാണ് മൂന്ന് വാളുകൾ കണ്ടെത്തിയത്. ആയുധങ്ങൾ കണ്ടെടുത്തതിനെ തുടർന്ന് കേസിൽ ആംസ് ആക്ട് സെക്ഷൻ 27 കൂടി ഉൾപെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ഹരിദാസനെ വകവരുത്താൻ നേരത്തെയും പ്രതികൾ ശ്രമം നടത്തിയിരുന്നു.അന്ന് ഉദ്യമം പരാജയപ്പെട്ടതിനെ തുടർന്ന് കുറ്റാരോപിതർ 13-ാം പ്രതി ആത്മജനെ ഏൽപിച്ച വാളുകളാണ് ആത്മജൻ ഒളിച്ചു വച്ച സ്ഥലത്ത് നിന്നും കണ്ടെടുത്തത്.

മുഖ്യ പ്രതികളായ ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ. ലിജേഷ് ,മൾട്ടി പ്രജി, പൊച്ചറ ദിനേശൻ എന്നിവരിൽ നിന്നാണ് രക്തക്കറയുള്ള വസ്ത്രങ്ങൾ കണ്ടെടുത്തത്. ബിജെപി.കോടിയേരി മേഖലാ സെക്രട്ടറി പുന്നോലിലെ കടുമ്പേരി പ്ര ഷീജ് എന്ന പ്രജൂട്ടി, പുന്നോൽ ചെള്ളത്ത് മടപ്പുര ക്ഷേത്രം ഡയറക്ടർ പുന്നോൽ എസ്.കെ. മുക്കിലെ കരോത്ത് താഴെക്കുനിയിൽ പൊച്ചറ ദിനേശൻ, ചെള്ളത്ത് മടപ്പുര ക്ഷേത്ര കമ്മിററി സിക്രട്ടറി പുന്നോൽ കിഴക്കയിൽ സി.കെ.അർജുൻ, ചെള്ളത്ത് മടപ്പുരക്കടുത്ത സോപാനത്തിൽ കെ.അഭിമന്യു ,പുന്നോൽ ചാലിക്കണ്ടി ഹൗസിൽ സി.കെ.അശ്വന്ത്, പുന്നോൽ ചാലിക്കണ്ടി ഹൗസിൽ ദീപക് സദാനന്ദൻ, ബിജെപി.തലശ്ശേരി മണ്ഡലം സിക്രട്ടറി ന്യൂ മാഹി പെരുമുണ്ടേരിയിലെ മീത്തലെ മീത്തിൽ പ്രജിത്ത് എന്ന മൾട്ടി പ്രജി, പന്തക്കൽ വയലിൽ പീടിക ശിവഗംഗയിൽ പി.എസ്.ശരത്, മാടപ്പീടിക രാജു മാസ്റ്റർ റോഡിലെ സമൻ ഗമയിൽ എസ്. ആത്മജൻ,എന്നിവരെയാണ് അനുവദിച്ച സമയം കഴിഞ്ഞതോടെ പൊലീസ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയത്.

ഹരിദാസൻവധക്കേസിൽ നേരത്തെ അറസ്റ്റിലും റിമാന്റിലുമായിരുന്ന ബിജെപി.തലശ്ശേരി മണ്ഡലം പ്രസിഡണ്ടും നഗരസഭാകൗൺസിലരുമായ കൊമ്മൽ വയലിലെ കെ.ലിജേഷ്, പുന്നോൽ സ്വദേശികളായ കെ.വി.വിമിൻ, അമൽ മനോഹരൻ, ഗോപാല പേട്ടയിലെ സു നേഷ് എന്ന മണി എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു. ഇവരിൽ നിന്നും കൊല നടത്താൻ ഉപയോഗിച്ച കൊടുവാളും രക്തക്കറയുള്ള വസ്ത്രവും യാത്ര ചെയ്ത സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 21 ന് പുലർച്ചെയാണ് കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസനെ പ്രതികൾ വീട്ടുമുറ്റത്ത് വച്ച് വെട്ടിക്കൊന്നത് . കേസിൽ 13 പ്രതികളാണ് ഇതേ വരെ പിടിയിലായത് .കൊലനടത്തിയ രണ്ടുപേർ കൂടി പിടിയിലാവാനുണ്ട്. ഇവർക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.