കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിലെ മുഖ്യപ്രതികളിലൊരാൾ മുഖ്യമന്ത്രിയുടെ വീടിന് പരിസരത്ത് ഒളിവിൽ താമസിച്ച സംഭവത്തിൽ വൻസുരക്ഷാവീഴ്ചയെന്ന് രഹസ്യാന്വേഷണവിഭാഗം വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വസതിയിൽ നിന്നും ഏകദേശം 200 മീറ്റർ ചുറ്റളവിലാണ് ഇന്ന് പൊലീസ് പിടികൂടിയ കേസിലെ മുഖ്യപ്രതിയും ആർ. എസ്. എസ് നേതാവുമായ നിജിൽദാസ് കഴിഞ്ഞ ഒന്നരമാസത്തിലേറെയായി താമസിച്ചിരുന്നത്.

ഈ കാലയളവിൽ പലതവണ മുഖ്യമന്ത്രി കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും വീട്ടിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച്ചയാണ് അദ്ദേഹം തിരിച്ചു തിരുവനന്തപുരത്തേക്ക് മടങ്ങിയത്. പാർട്ടികോൺഗ്രസ്, സർക്കാരിന്റെ ഒന്നാംവാർഷികം, പിണറായി പെരുമ സാംസ്‌കാരികോത്സവം മണ്ഡലത്തിലെ വിവിധ ഉദ്ഘാടനപരിപാടികൾ എന്നിവയിലാണ് അദ്ദേഹം ഏപ്രിലിൽ നാട്ടിൽ വന്നതിനു ശേഷം പങ്കെടുത്തത്. ഇതുകൂടാതെ വിഷുദിനത്തിൽ മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ കനത്ത പൊലിസ് സുരക്ഷയേർപ്പെടുത്തിയിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ വീടിനടുത്ത് കണ്ണൂർ ജില്ലയിൽ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലക്കേസിലെ മുഖ്യപ്രതിയായ ആർ. എസ്. എസ് നേതാവ് ഒരു വാടകവീട്ടിൽ ഒളിവിൽ താമസിച്ചത് പൊലിസിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

അതുമാത്രമല്ല സി.പി. എം പാർട്ടി ഗ്രാമത്തിലാണ് ഈ സംഭവം നടന്നതെന്നത് പാർട്ടി തലത്തിലും ചർച്ചയായിട്ടുണ്ട്. പിണറായി പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിൽ ആർ. എസ്. എസ്, ബിജെപി കേന്ദ്രങ്ങൾ വളർന്നു വരുന്നത് നേരത്തെ സി.പി. എമ്മിൽ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ വീടിനടുത്താണ് പുത്തൻങ്കണ്ടമെന്ന ആർ. എസ്. എസ് ഗ്രാമം. ഇവിടെയുള്ള ആർ. എസ്. എസ് പ്രവർത്തകരിൽ ചിലർ ക്വട്ടേഷൻ ഗുണ്ടാ അക്രമണ കേസിലടക്കം നേരത്തെ പ്രതി ചേർക്കപ്പെട്ടവരുമാണ്.

നേരത്തെ പിണറായി ഒന്നാം സർക്കാരിന്റെ വിജയാഹ്ളാദം നടക്കുന്നതിനിടെ പുത്തങ്കണ്ടത്തിനടുത്തുള്ള റോഡിൽ വെച്ചുണ്ടായ സംഘർഷത്തിൽ വാഹനം മറിഞ്ഞ് രവീന്ദ്രനെന്ന സി.പി. എം പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷം കനത്ത ജാഗ്രതയാണ് പൊലിസ് ഇവിടെ പുലർത്തിയിരുന്നത്. മുഖ്യമന്ത്രി നാട്ടിലുണ്ടെങ്കിലും ഇല്ലെങ്കിലും സ്ഥിരമായി ഇവിടെ ഒരു വണ്ടി പൊലിസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്‌ച്ച ഇവിടെ കനത്ത പൊലിസ് സുരക്ഷയാണുണ്ടായിരുന്നത്. ഇത്തരം സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വീടിന് സമീപത്തു തന്നെ വധക്കേസിലെ പ്രതി ഒളിവിൽ താമസിച്ചതെന്നത് ഏറെ ഗൗരവകരമായ സംഗതിയായാണ് ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നത്.

നിജിൽ അറസ്റ്റിലായത് പുലർച്ചെ

സിപിഎം പ്രവർത്തകനും ന്യൂമാഹി പുന്നോലിലെ മത്സ്യ തൊഴിലാളിയുമായ കെ ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ് തലശേരി ഖണ്ഡ് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസാണ് (38) വെള്ളിയാഴ്‌ച്ച പുലർച്ചെ ഒരുമണിയോടെ പിടിയിലാകുന്നത്. രഹസ്യവിവരമനുസരിച്ചു ഇയാളെ വീടുവളഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്.

കൊലപാതകത്തിന് ശേഷം പിണറായി പാണ്ഡ്യാലമുക്കിലെ വാടക വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുന്നവിവരം മൊബൈൽ ടവർ ലൊക്കെഷൻ നോക്കിയാണ് പൊലിസ് തിരിച്ചറിഞ്ഞത്. ഗൾഫിലുള്ള പ്രശാന്തിന്റെ അണ്ടലൂർ കാവിനടുത്ത വീടാണിത്. ആൾതാമസമില്ലാത്ത ഈ വീട്
പുന്നോൽ അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായ പ്രശാന്തിന്റെ ഭാര്യയാണ് നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. തലശേരി ചാക്യത്ത് മുക്ക് സ്വദേശിനിയായ ഇവർ അവിടെയുള്ള അമൃത വിദ്യാലയത്തിലെ അദ്ധ്യാപിക കൂടിയാണ്. ഒളിവിൽ കഴിയുന്ന നിജിൻദാസിന് പുറമേ നിന്നും രഹസ്യമായി ചിലർ ഭക്ഷണവും മറ്റുമെത്തിച്ചിരുന്നതായി നേരത്തെ പൊലിസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചത്.

വധഗൂഢാലോചന കുറ്റം ചുമത്തി

സി.പി. എം പ്രവർത്തകനായ ഹരിദാസൻ വധക്കേസിൽ ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് ഉൾപ്പെടെ പതിമൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മുഴുവൻ പ്രതികളും റിമാൻഡിലാണ്. ഇതിൽ സി.പി. എം നേതാവിന്റെ അടുത്ത ബന്ധുവും കൂടിയുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി കഴിഞ്ഞയാഴ്‌ച്ചയാണ് തള്ളിയിരുന്നത്. കേസിൽ ഇനിയും രണ്ടുപേരെ പിടികൂടാനുണ്ട്. ഇവരും ഒളിവിലാണ്.

ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരമണിക്കാണ് രാഷ്ട്രീയവൈരാഗ്യത്താൽ ഹരിദാസനെ കാൽവെട്ടിമാറ്റി കൊന്നത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുടുംബത്തിന്റെ മുന്നിലിട്ടാണ് ആർഎസ്എസ്-ബിജെപി സംഘം വധിച്ചതുകൊലപാതകത്തിനുപയോഗിച്ച ആയുധവും വാഹനവും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ശാസ്ത്രീയ തെളിവുകളോടെയാണ് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തത്. ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷും മണ്ഡലം സെക്രട്ടറി മൾട്ടി പ്രജിയും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതായി നേരത്തെ തെളിഞ്ഞിരുന്നു. അഡീഷനൽ എസ്‌പി പി പി സദാനന്ദൻ, എസിപി പ്രിൻസ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്.