തലശ്ശേരി: സിപിഎം.പ്രവർത്തകൻ പുന്നോൽ താഴെ വയലിൽ കോ രമ്പിൽ താഴെക്കുനിയിൽ കെ ഹരിദാസൻ (54) വധക്കേസിൽ കുറ്റപത്രം ഒരുങ്ങുന്നു. സംഭവം നടന്ന് 90 ദിവസം തികയുന്നതിന് മുൻപെ ഇത് കോടതിയിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇതിനിടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിൽ ജയിലിൽ കഴിയുന്ന എട്ടുപ്രതികൾ നൽകിയ ജാമ്യ ഹരജിയിൽ കോടതി നാളെ വാദം കേൾക്കും. കെ.വി.വി മിൻ, അമൽ മനോഹരൻ, പി.കെ.അശ്വന്ത് ,അർജുൻ, ദീപക് സദാനന്ദൻ, അഭിമന്യു, ശരത്ത്, ആത്മമജൻ എന്നിവരാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

കേസിൽ ബിജെപി.തലശ്ശേരി മണ്ഡലം പ്രസിഡണ്ടും നഗരസഭാംഗവുമായ കെ.ലിജേഷ് ഉൾപെടെ 15 പ്രതികൾ അറസ്റ്റിലായിരുന്നു. ഇതിൽ മൂന്നാം പ്രതി ഗോപാല പേട്ടയിലെ എം.സുനേഷ് മാത്രമാണ് ജാമ്യത്തിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞവരിൽ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണുള്ളത് ഇക്കഴിഞ്ഞ ഫെബ്രുവരി 21 ന് പുലർച്ചെ ഒന്നരയോടെയാണ് പുന്നോലിലെ സ്വന്തം വീട്ടുമുറ്റത്ത് വച്ച് ഹരിദാസനെ കൊലപ്പെടുത്തിയത്.