- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിദാസിനെ വെട്ടിക്കൊന്ന പ്രൊഫഷണൽ കൊലയാളി സംഘം ഇപ്പോഴും കാണാമറയത്ത്; അന്വേഷണ നീളുന്നത് മൂന്ന് സംഘങ്ങളിലേക്ക്; പുത്തൻകണ്ടം സംഘം കുടകിൽനിന്ന് ഒന്നരക്കോടിയുടെ ഹവാലപ്പണം തട്ടിയെടുത്തവർ; വധഗൂഢാലോചനയിൽ പൊലീസുകാരന്റെ പിടിച്ചെടുത്ത മൊബൈൽ ഫോൺ നിർണായക തെളിവാകും
കണ്ണൂർ: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54) നെ വെട്ടിക്കൊലപ്പെടുത്തിയത് പ്രൊഫഷണൽ സംഘമാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തൽ. കണ്ണവം, പിണറായിപുത്തൻകണ്ടം, ചെമ്പ്ര സംഘങ്ങളിലേക്കാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പുത്തൻകണ്ടം സംഘം കുടകിൽനിന്ന് ഒന്നരക്കോടിയുടെ ഹവാലപ്പണം തട്ടിയെടുത്ത വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുത്തൻകണ്ടം സംഘത്തെ തേടി കർണാടക പൊലീസും തലശേരിയിലെത്തിയിട്ടുണ്ട്. കണ്ണവം സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുൻപോട്ടുപോകുന്നത്.
ഇതിനിടെ കൊലപാതക വിവരം ബി.ജെപി നേതാവ് ലിജേഷിന്റെ ബന്ധുകൂടിയ പൊലിസുകാരന് നേരത്തെ അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ ഈ കാര്യം ഇതുവരെ സമ്മതിച്ചിട്ടില്ല. ഹരിദാസ് വധക്കേസിലെ ഗൂഢാലോചന കേസിൽ തലശേരി നഗരസഭാ കൗൺസിലറും അറസ്റ്റിലായിട്ടുള്ള ബിജെപി നേതാവുമായ ലിജേഷ് നടത്തിയ കൊലപാതകം നടന്നയുടൻ പൊലീസുകാരൻ നടത്തിയ വാട്‌സ് ആപ്പ് കോൾ സംഭാഷണമാണ് കേസിൽ നിർണായക തെളിവായി അന്വേഷണ സംഘം പരിഗണിക്കുന്നത്.
ഇരുവരും തമ്മിൽ നാലു മിനിറ്റാണ് സംസാരിച്ചത്. ബിജെപി നേതാവിന്റെ ഭാര്യാസഹോദരീ ഭർത്താവു കൂടിയായ പൊലീസുകാരൻ പുലർച്ചെ 1.21 നാണ് വാട്ട്‌സ് ആപ്പ് വഴി സംസാരിച്ചത്. ഇരുവരും കോൾ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. കോളിന്റെ വിവരങ്ങൾ ആരാഞ്ഞ് പൊലീസുകാരനെ മൂന്ന് മണിക്കൂറാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കണ്ണൂരിൽ ചോദ്യം ചെയ്തത്. താനൊരു പൊലീസുകാരനാണെന്നും കൊലപാതകത്തിന് കൂട്ടുനിൽക്കില്ലെന്നുമായിരുന്നു പൊലീസുകാരന്റെ നിലപാട്. ഇടയ്ക്ക് പൊട്ടിക്കരഞ്ഞ ഇയാൾ കൊലപാതകം നടന്നയുടനെയുള്ള വാട്‌സ് ആപ്പ് കോളുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ തയാറായിട്ടുമില്ല.
ദീർഘമായ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ച പൊലീസുകാരനെ കഴിഞ്ഞ ദിവസം വീണ്ടും വിളിപ്പിച്ചിരുന്നു. പൊലീസുകാരൻ മനസ് തുറന്നാൽ അത് കേസന്വേഷണത്തിൽ വലിയ വഴിത്തിരിവാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇതിനായി ഇയാളുടെ ഫോണിൽ നിന്നുള്ള സന്ദേശം വീണ്ടെടുക്കുന്നതിനായി സൈബർ പൊലിസിന് കൈമാറിയിട്ടുണ്ട്. മൊബൈൽ ദാതാക്കളുമായി സംസാരിച്ചു ഈ സന്ദേശം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾസൈബർ പൊലിസ് എന്നാൽ സംഭവം നടന്ന് അഞ്ചു ദിവസങ്ങൾ പിന്നിട്ടിട്ടും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ പിടികൂടാൻ സാധിക്കാത്തത് പൊലീസിന് തലവേദനയായിട്ടുണ്ട്.
ഗൂഢാലോചന കുറ്റം ചുമത്തി നാലുപേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. റിമാൻഡിൽ കഴിയുന്ന പ്രതികൾ സമർപ്പിച്ച ജാമ്യഹർജി തലശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഹരിദാസൻ കൊല്ലപ്പെട്ട ദിവസം ജീവന് ഭീഷണിയുണ്ടെന്നു പറഞ്ഞാണ് നഗരസഭ പ്രതിപക്ഷ നേതാവ് കൂടിയായ ലിജേഷിനെ പൊലീസ് കൂട്ടിക്കൊണ്ടുപോയതെന്നും രണ്ടു ദിവസം കഴിഞ്ഞ് പ്രതിചേർത്ത് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്തതെന്നും പ്രതിഭാഗം സമർപ്പിച്ച ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയ നീക്കത്തിലാണ് ലിജേഷ് ഉൾപ്പെടെ നിരപരാധികളായ നാലുപേരെ ജയിലിലടച്ചിട്ടുള്ളത്. ലിജേഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തെ തുടർന്ന് ബിജെപി കൂടുതൽ ശക്തിപ്രാപിച്ചിട്ടുണ്ട്. ഈ വിരോധമാണ് ലിജേഷിനെയും സഹപ്രവർത്തകരായ മറ്റ് മൂന്നുപേരെയും പ്രതികളാക്കാൻ കാരണമെന്നും ഹർജിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ