തലശേരി: സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായി ബന്ധമുള്ള പൊലീസുകാരനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ബലപ്പെടുന്നു. കണ്ണവം പൊലീസ് സ്‌റ്റേഷനിലെ കണ്ണവം സ്റ്റേഷനിലെ പൊലീസുകാരൻ സുരേഷ് നരിക്കോടൻ പൊലീസ് കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ. കേസിലെ മുഖ്യപ്രതിയും ബിജെപി നേതാവുമായ കെ ലിജേഷ് ഫോണിൽ അർദ്ധരാത്രി വിളിച്ചത് സുരേഷിനെ ആയിരുന്നു. ഇരുവരും തമ്മിൽ രണ്ട് തവണ അന്നേ ദിവസം രാത്രം തമ്മിൽ ഫോണിൽ വിളിച്ചിട്ടുണ്ട്.

ബിജെപി നേതാവ് അറസ്റ്റിലായതോടെ ഫോൺരേഖകൾ പരിശോധിച്ചപ്പോഴാണ് പൊലീസുകാരനെ വിളിച്ചിരുന്നു എന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഫോൺവിളി രേഖകൾ ഇതിനോടകം സുരേഷ് നശിപ്പിക്കുകയാണ് ഉണ്ടായത്. ലിജേഷ് തന്നെ ആളു മാറി വിളിച്ചതാണെന്നാണ് പൊലീസുകാരൻ പറഞ്ഞതും. എന്നാൽ, കൊലപാതകം നടക്കുന്നതിന് മുമ്പും കൊലയക്ക് ശേഷവും ഇരുവരും തമ്മിൽ ഫോണിൽ വിളിച്ചിരുന്നു. ഇതാണ് പൊലീസുകാരനെ കൂടുതൽ സംശയത്തിൽ ആക്കുന്നതും.

ആദ്യം ബിജെപി നേതാവ് വിളിച്ചപ്പോൾ സുരേഷ് എടുത്തില്ല. പിന്നീട് സുരേഷ് ലിജേഷിനെ തിരിച്ചു വിളിച്ച് വാട്‌സ്ആപ്പ് കോളിൽ നാല് മിനിറ്റ് നേരം സംസാരിക്കുകയായിരുന്നു. ലിജേഷ് ഫോണിൽ സേവ് ചെയ്ത നമ്പറുകളിലെ സാമ്യതയാണ് സുരേഷിന് വാട്് ആപ്പ് കോൾ പോകാൻ ഇടയാക്കിയതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന വിവരം. എന്നാൾ, ലിജേഷുമായി ഫോണിൽ സംസാരിച്ചതിന് തെളിവായ രേഖകൾ സുരേഷ് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇത് നിഷ്‌കളങ്കമായ പ്രവൃത്തിയായി കാണാൻ സാധിക്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തന്നെ നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

പൊലീസുകാരനെ അന്വേഷക സംഘം വിളിച്ചുവരുത്തി ചോദ്യംചെയ്തത് കൂടാതെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. വാട്‌സ്ആപ്പ് കോൾ റിക്കവറി ചെയ്യാൻ വിദഗ്ധരുടെ സേവനം പൊലീസ് തേടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ മൊബൈൽഫോൺ വിവരങ്ങൾ അന്വേഷകസംഘത്തിന് വൈകാതെ ലഭിക്കും, ഇത് ലഭിച്ച ശേഷം സുരേഷ് നരിക്കോടനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. കൊലപാതകം നടക്കാൻ പോകുന്നു എന്ന വിവരം പൊലീസുകാരനും അറിഞ്ഞിരുന്നോ എന്ന സംശയമാണ് ഉയരുന്നതും.

റിമാൻഡിലായ പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസുകാരനെ തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് വിളിച്ച കാര്യം ശ്രദ്ധയിൽപെട്ടത്. അതിന് ശേഷമാണ് ലിജേഷിന്റെ പങ്കിനെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നതും. ഇതിന് ശേഷമാണ് ഒന്നിച്ച് ജോലിചെയ്യുന്ന സുനേഷ് എന്ന മണിയെ വിളിച്ച് ഹരിദാസൻ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ തിരിച്ചെത്തിയതായി മനസിലാക്കിയതും കൊലയാളി സംഘത്തിന് വിവരം കൊടുത്തതും. കൊലയുടെ മുഖ്യസൂത്രധാരൻ നഗരസഭാ കൗൺസിലറും ബിജെപി തലശേരി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷാണെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവദിവസം രാത്രി ഒരുമണിക്ക് ലിജേഷ് നടത്തിയ വാട്‌സ് ആപ് കാളാണ് നിർണായക തെളിവായി പൊലീസിന് ലഭിച്ചത്. ലിജേഷിന്റെ ബന്ധുമാണ് ഈ പൊലീസുകാരനും.

ഹരിദാസന്റെ അതേ ഫൈബർ ബോട്ടിലെ ജീവനക്കാരനായിരുന്നു സുനേഷ്. ഹരിദാസൻ പണിക്ക് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഏൽപ്പിച്ചത് സുനേഷിനെയാണ്. കൊലപാതകം നടന്ന ദിവസം രണ്ടു തവണ സുനേഷും ലിജേഷും തമ്മിൽ വാട്‌സാപ്പിൽ ആശയവിനിമയം നടന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇതിനൊപ്പം ക്വട്ടേഷൻ ഏറ്റെടുത്തവരും വിമിനും അമലും തമ്മിലും വാട്‌സാപ്പിൽ ചർച്ച നടത്തി. ഇതെല്ലാം വാട്‌സാപ്പ് ഓഡിയോ സന്ദേശമായിരുന്നു. ഇതും ഗൂഢാലോചനയ്ക്ക് തെളിവായി പൊലീസ് വിലയിരുത്തിയിട്ടുണ്ട്.

ഒരാഴ്ചയോളമുള്ള ആസൂത്രണമായിരുന്നു ഇവർ കൊലപാതകത്തിനായി നടത്തിയിരുന്നത്. ലിജേഷ് ആത്മജ് എന്ന ബിജെപി പ്രവർത്തകൻ ഉൾപ്പെടുന്ന സംഘത്തെ തയ്യാറാക്കി നിർത്തിയിരുന്നു. ഈ സംഘം ഹരിദാസനെയും പ്രതീക്ഷിച്ച് വീടിന് മുന്നിൽ തയ്യാറായി നിന്നു. രണ്ട് ബൈക്കുകളിലായിരുന്നു ഇവർ എത്തിയത്. തുടർന്ന് വീടിന് സമീപത്ത് എത്തിയ ഹരിദാസനെ സംഘം ആക്രമിക്കുകയായിരുന്നു. സൂത്രധാരനായ ലിജേഷിന്റെ വിവാദ പ്രസംഗമാണ് കേസിൽ നിർണായക തെളിവുകളിലൊന്നായി പൊലീസ് പരിഗണിച്ചതും തുടർന്നാണ് ലിജേഷിനെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുന്നതും.