- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേഹമാസകലം 24 വെട്ടുകൾ; കലി തീരാഞ്ഞ് വെട്ടിയ മുറിവിൽ തന്നെ വീണ്ടും വെട്ടി; ഇടതുകാൽ മുട്ടിനു താഴെ മുറിച്ചു മാറ്റി; വലതു കാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ; ഹരിദാസിന്റേത് ആസൂത്രിത കൊലപാതകം; തലശേരി നഗരസഭാ കൗൺസിലർ ലിജേഷ് ഉൾപ്പെടെ ഏഴു പേർ കസ്റ്റഡിയിൽ
കണ്ണൂർ: ന്യൂ മാഹി പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. അതിദാരുണമായ കൊലപാതകമാണ് ഹരിദാസിന്റേതെന്നാണ് ലഭ്യമായ വിവരം ഇയാളുടെ ദേഹമാസകലം 24 വെട്ടുകൾ ഏറ്റിട്ടുണ്ടെന്നാണ് പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.
ദേഹമാസകലം വെട്ടി നുറുക്കിയതിനു ശേഷം മരണം ഉറപ്പു വരുത്തിയതിനു ശേഷമാണ് അക്രമികൾ കടന്നു കളഞ്ഞത്ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാനാവാതെ ശരീരം വികൃതമാക്കി. ഇടതുകാൽ മുട്ടിനു താഴെ മുറിച്ചു മാറ്റി. വലതു കാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്.
അരയ്ക്കു താഴെയാണ് മുറിവുകൾ ഏറെയുള്ളത്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ഏഴുപേർ പൊലിസ് കസ്റ്റഡിയിലാണ്. ഇതിൽ 4 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന സൂചനയാണ് പൊലിസ് നൽകുന്നത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ബൈക്കിലെത്തിയ സംഘം ഇവരാണെന്നാണ് കരുതുന്നത് വളരെ ആസൂത്രിതമായ കൊലപാതകമാണ് ന്യൂമാഹി പഞ്ചായത്തിലെ പുന്നോലിൽ നടന്നതെന്നാണ് പൊലിസ് പറയുന്നത്. പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകരാണ് തന്റെ ജ്യേഷ്ഠന്റെ കൊലപാതകത്തിന് പിന്നിലെന്ന് സംഭവത്തിന് ദ്യക് സാക്ഷിയായ മരിച്ച ഹരിദാസന്റെ സഹോദരൻ സുരേന്ദ്രൻ പറഞ്ഞു.
സംഭവത്തെ കുറിച്ച് സുരേന്ദ്രൻ പറയുന്നത് ഇങ്ങനെയാണ്:
രാത്രി ഏറെ വൈകിയിട്ടും ജ്യേഷ്ഠൻ എത്തിയില്ലെന്ന് ഏടത്തിയമ്മ ഫോൺ വിളിച്ചു പറഞ്ഞതനുസരിച്ച് താൻ ജ്യേഷ്ഠന്റെ വീട്ടിലെത്തി. പുലർച്ചെ ഏതാണ്ട് രണ്ടു മണിയോടെ ശബ്ദം കേട്ടാണ് താൻ പുറത്തിറങ്ങിയത് അപ്പോൾ അഞ്ചു പേർ ചേർന്ന് ജ്യേഷ്ഠനെ വെട്ടുന്നതാണ് കണ്ട്. ഓടി അടുത്തെത്തുമ്പോഴെകും അക്രമി സംഘം ഓടി ഇരുട്ടിൽ മറഞ്ഞിരുന്നു. വീടും പരിസരവും നന്നായി അറിയുന്നവർ സംഘത്തിലുണ്ടെന്ന് വ്യക്തമാണ്. കൃത്യമായി പരിചയമില്ലാത്തവർക്ക് ഇടവഴിയിലൂടെ രാത്രി ഹരിദാസന്റെ വീട്ടുപരിസരത്ത് എത്താനും ഒരാളെ കൊന്ന് രക്ഷപ്പെടാനും കഴിയില്ലെന്ന് സുരേന്ദ്രൻ പറയുന്നു. കഴിഞ്ഞ ഞായറാഴ്‌ച്ച ഉച്ചയ്ക്കാണ് ഹരിദാസൻ കടലിൽ പോയത്. മടങ്ങിയെത്തും വരെ അക്രമി സംഘം തീരത്ത് ബൈക്ക് ഒതുക്കി വെച്ച് കാത്തു നിൽക്കുകയായിരുന്നു.
ഇതിനിടെ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുന്നോൽ കുലോത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിലുൾപ്പട്ടവരെയും സംഘർഷത്തിന് ശേഷം വിവാദ പ്രസംഗം നടത്തിയ ബിജെപി വാർഡ് കൗൺസിലർ കെ ലിജേഷിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോയെന്ന് പറയാൻ സാധിക്കുകയുള്ളൂവെന്നും രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
അതേ സമയം ഹരിദാസന് വെട്ടേറ്റ വീട്ടു പറമ്പിൽ നിന്നും കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന ഒരു വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തിയിട്ടുണ്ട്.ഫോറൻസിക് സംഘത്തിന്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കൂടാതെ ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. സംഭവ സമയം വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. വൈകാതെ പ്രതികളെ പിടികൂടാൻ സാധിക്കുമെന്നും സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ വ്യക്തമാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്