കണ്ണൂർ: പുന്നോൽ വധക്കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. കൊല ചെയ്യുന്നതിൽ പങ്കെടുത്ത ഇയാളെയും കൂട്ടാളികളെയും തിരിച്ചറിഞ്ഞത് ഈ കേസിൽ നിജിൽദാസെന്നയാൾ അറസ്റ്റു ചെയ്യപ്പെട്ടതോടെയാണ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പുന്നോൽ കൊലപാതകത്തെ പങ്കെടുത്ത അഞ്ചെംഗ സംഘത്തെ കുറിച്ചുള്ള വ്യക്തമായ വിവരം പൊലിസിന് ലഭിച്ചത്. കൊലനടന്നതിനു ശേഷം ഒളിവിൽ പോയ ഇവർക്കുവേണ്ടി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റു ചെയ്യുമെന്നാണ് പൊലിസ് നൽകുന്ന സൂചന.

അതിനിടെ, കേസിൽ പൊലീസുകാരനും സംശയമുനയിൽ. ഇയാളെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. ഒന്നാം പ്രതി ലിജേഷുമായി സംഭവദിവസം ഫോണിൽ സംസാരിച്ചിരുന്നു.

സംഭവദിവസം രാത്രി ഒരുമണിയോടെ കേസിലെ ഒന്നാം പ്രതി ലിജഷ് കണ്ണവം സ്റ്റേഷനിലെ പൊലീസുകാരനെ വാട്സാപ്പിൽ ഫോൺ വിളിക്കുന്നു. എന്നാൽ കോൾ എത്തിയത് കണ്ണവം സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരനായ സുരേഷിന്റെ ഫോണിലേക്കാണ്. ഇക്കാര്യം കണ്ടെത്തിയ പൊലീസ് സുരേഷിനോട് അന്വേഷിച്ചു. ഫോൺ ചെയ്ത വിവരം നിഷേധിച്ചു.പിന്നീട് ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ലിജേഷും സുരേഷുമായി സംസാരിച്ചതായി പൊലീസ് കണ്ടെത്തി.

ലിജേഷ് യഥാർഥത്തിൽ ഗോപാൽപേട്ട സ്വദേശിയായ സുനേഷിനെ വിളിച്ചതായിരുന്നു. എന്നാൽ ഫോൺ വന്ന കാര്യം സിപിഒ നിഷേധിച്ചതിന് പിന്നാലെയാണ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്യാനുണ്ടായ കാരണം. സുനേഷാണ് ഹരിദാസ് ഹാർബറിൽ നിന്ന് വീട്ടിലേക്ക് പോയ കാര്യം ലിജേഷിനെ അറിയിച്ചത്. സുരേഷിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതായി പൊലീസ് പറഞ്ഞു

കൊലപാതകം നടക്കുന്നതിന് മുമ്പും കൊലയക്ക് ശേഷവും ഇരുവരും തമ്മിൽ ഫോണിൽ വിളിച്ചിരുന്നു. ഇതാണ് പൊലീസുകാരനെ കൂടുതൽ സംശയത്തിൽ ആക്കുന്നതും. ആദ്യം ബിജെപി നേതാവ് വിളിച്ചപ്പോൾ സുരേഷ് എടുത്തില്ല. പിന്നീട് സുരേഷ് ലിജേഷിനെ തിരിച്ചു വിളിച്ച് വാട്സ്ആപ്പ് കോളിൽ നാല് മിനിറ്റ് നേരം സംസാരിക്കുകയായിരുന്നു. ലിജേഷ് ഫോണിൽ സേവ് ചെയ്ത നമ്പറുകളിലെ സാമ്യതയാണ് സുരേഷിന് വാട്് ആപ്പ് കോൾ പോകാൻ ഇടയാക്കിയതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന വിവരം. എന്നാൾ, ലിജേഷുമായി ഫോണിൽ സംസാരിച്ചതിന് തെളിവായ രേഖകൾ സുരേഷ് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇത് നിഷ്‌കളങ്കമായ പ്രവൃത്തിയായി കാണാൻ സാധിക്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തന്നെ നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

പൊലീസുകാരനെ അന്വേഷക സംഘം വിളിച്ചുവരുത്തി ചോദ്യംചെയ്തത് കൂടാതെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. വാട്സ്ആപ്പ് കോൾ റിക്കവറി ചെയ്യാൻ വിദഗ്ധരുടെ സേവനം പൊലീസ് തേടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ മൊബൈൽഫോൺ വിവരങ്ങൾ അന്വേഷകസംഘത്തിന് വൈകാതെ ലഭിക്കും, ഇത് ലഭിച്ച ശേഷം സുരേഷ് നരിക്കോടനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. കൊലപാതകം നടക്കാൻ പോകുന്നു എന്ന വിവരം പൊലീസുകാരനും അറിഞ്ഞിരുന്നോ എന്ന സംശയമാണ് ഉയരുന്നതും.

റിമാൻഡിലായ പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസുകാരനെ തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് വിളിച്ച കാര്യം ശ്രദ്ധയിൽപെട്ടത്. അതിന് ശേഷമാണ് ലിജേഷിന്റെ പങ്കിനെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നതും. ഇതിന് ശേഷമാണ് ഒന്നിച്ച് ജോലിചെയ്യുന്ന സുനേഷ് എന്ന മണിയെ വിളിച്ച് ഹരിദാസൻ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ തിരിച്ചെത്തിയതായി മനസിലാക്കിയതും കൊലയാളി സംഘത്തിന് വിവരം കൊടുത്തതും. കൊലയുടെ മുഖ്യസൂത്രധാരൻ നഗരസഭാ കൗൺസിലറും ബിജെപി തലശേരി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷാണെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവദിവസം രാത്രി ഒരുമണിക്ക് ലിജേഷ് നടത്തിയ വാട്സ് ആപ് കാളാണ് നിർണായക തെളിവായി പൊലീസിന് ലഭിച്ചത്. ലിജേഷിന്റെ ബന്ധുമാണ് ഈ പൊലീസുകാരനും.

ഹരിദാസന്റെ അതേ ഫൈബർ ബോട്ടിലെ ജീവനക്കാരനായിരുന്നു സുനേഷ്. ഹരിദാസൻ പണിക്ക് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഏൽപ്പിച്ചത് സുനേഷിനെയാണ്. കൊലപാതകം നടന്ന ദിവസം രണ്ടു തവണ സുനേഷും ലിജേഷും തമ്മിൽ വാട്സാപ്പിൽ ആശയവിനിമയം നടന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇതിനൊപ്പം ക്വട്ടേഷൻ ഏറ്റെടുത്തവരും വിമിനും അമലും തമ്മിലും വാട്സാപ്പിൽ ചർച്ച നടത്തി. ഇതെല്ലാം വാട്സാപ്പ് ഓഡിയോ സന്ദേശമായിരുന്നു. ഇതും ഗൂഢാലോചനയ്ക്ക് തെളിവായി പൊലീസ് വിലയിരുത്തിയിട്ടുണ്ട്.

ഒരാഴ്ചയോളമുള്ള ആസൂത്രണമായിരുന്നു ഇവർ കൊലപാതകത്തിനായി നടത്തിയിരുന്നത്. ലിജേഷ് ആത്മജ് എന്ന ബിജെപി പ്രവർത്തകൻ ഉൾപ്പെടുന്ന സംഘത്തെ തയ്യാറാക്കി നിർത്തിയിരുന്നു. ഈ സംഘം ഹരിദാസനെയും പ്രതീക്ഷിച്ച് വീടിന് മുന്നിൽ തയ്യാറായി നിന്നു. രണ്ട് ബൈക്കുകളിലായിരുന്നു ഇവർ എത്തിയത്. തുടർന്ന് വീടിന് സമീപത്ത് എത്തിയ ഹരിദാസനെ സംഘം ആക്രമിക്കുകയായിരുന്നു. സൂത്രധാരനായ ലിജേഷിന്റെ വിവാദ പ്രസംഗമാണ് കേസിൽ നിർണായക തെളിവുകളിലൊന്നായി പൊലീസ് പരിഗണിച്ചതും തുടർന്നാണ് ലിജേഷിനെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുന്നതും.

കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്

ന്നോൽ ഹരിദാസിന്റെ കൊലപാതകം രാഷ്ട്രീയവിരോധം മൂലമെന്നു റിമാൻഡ് റിപ്പോർട്ട്. കൊലപാതകം നടത്തിയത് ബിജെപി സംഘമാണ്. ഒന്നാംപ്രതി ബിജെപി കൗൺസിലർ ലിജേഷ് ആണ്. പ്രതികൾ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

നാലംഗ അക്രമി സംഘമാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്തുവച്ചാണു കൊലപാതകം നടന്നത്. അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. ശരീരത്തിൽ 20ലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലിജേഷിനെ കൂടാതെ അമൽ, സുനേഷ്, വിമിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.