- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിജീഷ് വിളിച്ച കോൾ ആളുമാറി ബന്ധുവിലേക്ക് എത്തി; തുടർന്ന് ബന്ധു തിരിച്ചു വിളിച്ചു; പിന്നീട് കൗൺസിലർ വിളിച്ചത് സുമേഷിനെ; ഹരിദാസൻ ഹാർബറിൽ നിന്ന് വീട്ടിലേക്ക് എത്തിയ കാര്യം അങ്ങനെ കൊലയാളി സംഘം അറിഞ്ഞു; വാട്സാപ്പിൽ വിളിച്ചിട്ടും കാര്യമുണ്ടായില്ല; ഹരിദാസൻ കൊല തെളിഞ്ഞത് ഇങ്ങനെ
കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകനായ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കണ്ടെത്തിയെന്ന് പൊലീസ്. മുഖ്യ സൂത്രധാരൻ ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ ലിജേഷാണെന്ന് പൊലീസ് പറയുന്നു. കേസിൽ ലിജീഷ് ഉൾപ്പടെ നാല്പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത സംഘത്തെയാണ് ഇനി പിടികിട്ടാനുള്ളത്. അതിനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിക്കക്കഴിഞ്ഞു.
ലിജീഷിന് പുറമെ കെ.വി വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവ ദിവസം പുലർച്ചെ ഒരുമണിക്ക് ലിജേഷ് നടത്തിയ വാട്സ്ആപ്പ് കോളാണ് നിർണായക തെളിവായത് ്. ലിജീഷ് വിളിച്ച കോൾ ആളുമാറി അദ്ദേഹത്തിന്റെ ബന്ധുവിലേക്കാണ് എത്തിയത്. തുടർന്ന് ബന്ധു ലിജീഷിനെ തിരിച്ചു വിളിച്ചു. പിന്നീട് ലിജീഷ് വിളിച്ചത് അറസ്റ്റിലായ സുമേഷിനെയാണ്. ഇയാളാണ് ഹരിദാസൻ ഹാർബറിൽ നിന്ന് വീട്ടിലേക്ക് എത്തിയ കാര്യം അറിയിക്കുന്നത്. ഇതോടെ കാത്തിരുന്ന കൊലയാളി സംഘം ഓപ്പറേഷൻ തുടങ്ങി.
വാട്‌സാപ്പ് കോളിൽ വിളിച്ചാൽ തെളിവുണ്ടാകില്ലെന്ന കരുതലിലായിരുന്നു ഓപ്പറേഷൻ. എന്നാൽ അതിവേഗം പ്രതികളെ അറസ്റ്റ് ചെയ്തതു കൊണ്ടു തന്നെ വിളിയുടെ വിശദാംശങ്ങൾ പൊലീസിന് കിട്ടി. ചാറ്റുകളും കണ്ടെത്തിയെന്നാണ് സൂചന. കൊലയ്ക്കായി ഒരാഴ്ചയോളമുള്ള ആസൂത്രണം നടന്നു. ലിജേഷ് ആത്മജ് എന്ന ബിജെപി പ്രവർത്തകൻ ഉൾപ്പെടുന്ന സംഘത്തെ തയ്യാറാക്കി നിർത്തിയിരുന്നു. ഈ സംഘം ഹരിദാസനെയും പ്രതീക്ഷിച്ച് വീടിന് മുന്നിൽ തയ്യാറായി നിന്നു. രണ്ട് ബൈക്കുകളിലായിരുന്നു ഇവർ എത്തിയത്. തുടർന്ന് വീടിന് സമീപത്ത് എത്തിയ ഹരിദാസനെ സംഘം ആക്രമിക്കുകയായിരുന്നു.
സൂത്രധാരനായ ലിജേഷിന്റെ വിവാദ പ്രസംഗമാണ് കേസിൽ നിർണായക തെളിവുകളിലൊന്നായി പൊലീസ് പരിഗണിക്കുന്നത്. പ്രതികളിൽ ചിലർക്ക് മാഹിയിൽ സിപിഎം പ്രവർത്തകനായിരുന്ന കണ്ണിപ്പൊയിൽ ബാബു കൊലക്കേസിലും പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. 7 പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുന്നോൽതാഴെവയൽ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീമുത്തപ്പൻ വീട്ടിൽ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കടലിൽ പോയി മടങ്ങിയെത്തിയ ഹരിദാസൻ അടുക്കള ഭാഗത്തെത്തി മീൻ ഭാര്യ മിനിയെ ഏൽപ്പിച്ച ശേഷം മുൻഭാഗത്തേക്കു പോകുന്നതിനിടെ അക്രമികൾ ചാടി വീഴുകയായിരുന്നു. രക്ഷപ്പെടാൻ മതിൽ ചാടുന്നതിനിടെ വെട്ടി വീഴ്‌ത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാൽ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തിൽ ഇരുപതിലേറെ വെട്ടേറ്റിരുന്നു.
ഹരിദാസിനെ ശരിയാക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ആഴ്ചകളോളം ഹരിദാസ് വീട്ടിൽ തന്നെ ഇരുന്നു. വീട്ടു ചെലവിന് പണമില്ലാത്തതു കൊണ്ടാണ് വീണ്ടും ജോലിക്ക് പോയത്. ഇതെല്ലാം അക്രമി സംഘം മനസ്സിലാക്കിയിരുന്നു. പണിക്ക് പുറത്തിറങ്ങിയ ആദ്യ ദിനം തന്നെ ഹരിദാസിനെ വകവരുത്തുകയായിരുന്നു സംഘം. പ്രദേശത്ത് പെൺകുട്ടികളെ ചിലർ കമന്റടിച്ചതിൽ തുടങ്ങിയ വിവാദമാണ് കൊലയ്ക്ക് കാരണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്