കണ്ണൂർ: ന്യൂമാഹി പൂന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസൻ കൊലക്കേസിൽ കസ്റ്റഡിയിലുള്ള ബിജെപി പ്രവർത്തകൻ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തയാളെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി.. പുന്നോൽ സ്വദേശി നിജിൽ ദാസിനെയാണ് അന്വേഷണ സംഘം ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് സൂചന.

മത്സ്യത്തൊഴിലാളിയായഹരി ദാസന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പുന്നോൽ സ്വദേശി നിജിൽ ദാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘത്തിൽപെട്ടയാളാണ് നിജിൽദാസെന്നാണ് വിവരം. .ഇന്നലെ രാത്രിയോടെയാണ് നിജിൽ ദാസിനെ അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. കേസിൽ ബിജെപി മണ്ഡലം പ്രസിഡന്റും, തലശ്ശേരി നഗരസഭ കൗൺസിലറുമായ ലിജേഷ് ഉൾപ്പടെ 4 പേരെ ചൊവ്വാഴ്ച രാത്രിയോടെ റിമാൻഡ് ചെയ്തിരുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് ഹരിദാസിനെ ഒരു സംഘം വീട്ടുമുറ്റത്തു വച്ച് വെട്ടിക്കൊന്നത്. പുന്നോൽ കൂലോത്ത് ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. നിജിൽ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹരിദാസ് കടലിൽപ്പോയി വരുന്നതുവരെ കാത്തിരുന്നു. ബൈക്കുകളിലായി എത്തിയവർ പുലർച്ചെ രണ്ടു മണിക്ക് വീട്ടുപരിസരത്തു വെച്ചു വെട്ടിക്കൊന്നുവെന്നാണ് കേസ്. ഹരിദാസിന്റെ കൂടെ മത്സ്യ ബന്ധനത്തിന് പോയിരുന്ന സുനേഷാണ് കൊലയാളികൾക്ക് ഹരിദാസൻ കരയിലെത്തുന്നതിന്റെ വിവരം നൽകിയത്.

പുന്നോൽ കൂലോത്ത് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പുന്നോൽ താഴെവയലിലെ കുരമ്പിൽതാഴെ കുനിയിൽ ഹരിദാസൻ കടലിൽ പോയത്. ജീവന് ഭീഷണിയുണ്ടായിരുന്നതിനാലായിരുന്നു ഹരിദാസൻ രണ്ടാഴ്ച വീട്ടിൽതന്നെ കഴിഞ്ഞത്. വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നം മുതിർന്നവർ ഏറ്റെടുത്തതോടെ വാക്കേറ്റവും കൈയേറ്റവുമായി. സംഘർഷം മൂർച്ഛിച്ച് ഇരുഭാഗത്തുള്ളവർക്കും കാര്യമായി മർദനമേറ്റു. ഇതിനിടയിലാണ് ഹരിദാസന്റെ ഇളയ സഹോദരൻ സുരേന്ദ്രന് മർദനമേറ്റ് വലതുകൈയുടെ എല്ല് പൊട്ടിയത്.

ന്യൂമാഹി പൊലീസ് സിപിഎം.- ബിജെപി. പ്രവർത്തകരുടെ പേരിൽ കേസുമെടുത്തു. എന്നാൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റോ തുടർനടപടികളോ വേണ്ട ജാഗ്രതയോ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ഭാര്യയും മക്കളും ബന്ധുക്കളും തടഞ്ഞതിനാൽ ഹരിദാസൻ രണ്ടാഴ്ച കടലിൽ പോയിരുന്നില്ല. പ്രാരബ്ധക്കാരനായിരുന്ന ഹരിദാസന് ജോലിക്ക് പോകാതെ അധിക ദിവസം വീട്ടിലിരിക്കാൻ കഴിഞ്ഞില്ല. കൊല നടന്ന ദിവസം. ഞായറാഴ്ച വൈകിട്ട് കടലിൽ പോയി തിങ്കളാഴ്ച പുലർച്ചെ 1.30-ഓടെയാണ് ഹരിദാസൻ തിരിച്ചെത്തിയത്. തലശ്ശേരി ഗോപാലപ്പേട്ടയിൽനിന്നാണ് ഹരിദാസൻ കടലിൽ പോകുന്നത്. ജീവന് ഭീഷണിയുണ്ടായിരുന്നതിനാൽ സ്ഥിരം പോകുന്ന വഴി ഒഴിവാക്കി പുതിയ വഴിയിലൂടെയാണ് ഹരിദാസൻ തിരിച്ചുവന്നത്.

കുടുംബത്തിന്റെ സർവ ആശ്രയവുമായിരുന്നു ഹരിദാസൻ. ഭാര്യയും രണ്ട് പെൺമക്കളുമാണുള്ളത്. മൂത്ത മകൾ ചിന്നുവിന്റെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകൾ നന്ദന പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഹരിദാസനൊപ്പമാണ് അമ്മ ചിത്രാംഗി താമസിക്കുന്നത്. അച്ഛൻ ഫൽഗുനൻ നേരത്തെ മരിച്ചു. സ്‌കൂൾവിദ്യാഭ്യാസം കഴിഞ്ഞതുമുതൽ അച്ഛന്റെ കൂടെ കടലിൽ പോകാൻ തുടങ്ങിയതാണ് ഹരിദാസൻ. അവധിയൊന്നുമില്ലാതെ എപ്പോഴും ജോലി ചെയ്യുന്ന പ്രകൃതമായിരുന്നു. സാമ്പത്തികപ്രയാസം കാരണം താമസിക്കുന്ന വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. മകളുടെ അസുഖത്തിന് വിദഗ്ധചികിത്സയ്ക്കായി ഡോക്ടറെ കാണാനിരിക്കെയാണ് ദുരന്തം.

കൊലയുടെ മുഖ്യസൂത്രധാരൻ നഗരസഭാ കൗൺസിലറും ബിജെപി തലശേരി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷാണെന്നും അന്വേഷണസംഘം കരുതുന്നു.ലിജേഷിനു പുറമെ കെ.വി. വിമിൻ, അമൽ മനോഹരൻ, സുനേഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ആത്മജ് എന്ന ബിജെപി പ്രവർത്തകനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടങ്ങിയിട്ടുണ്ട്. സംഭവദിവസം രാത്രി ഒരുമണിക്ക് ലിജേഷ് നടത്തിയ വാട്സ് ആപ് കാളാണ് നിർണായക തെളിവായി പൊലീസിന് ലഭിച്ചത്. ലിജേഷ് വിളിച്ച കാൾ ആളുമാറി അദ്ദേഹത്തിന്റെ ബന്ധുവിലേക്കാണ് എത്തിയത്. തുടർന്ന് ബന്ധു തിരിച്ചു വിളിച്ചിരുന്നു.

പിന്നീട് ലിജേഷ് വിളിച്ചത് സുനേഷിനെയാണ്. ഇയാളാണ് ഹരിദാസൻ ഹാർബറിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ട കാര്യം ഇവരെ അറിയിച്ചത്. മണി എന്ന പേരിലാണ് സുനേഷ് അറിയപ്പെടുന്നത്. ഇയാളും ബിജെപി പ്രവർത്തകനാണ്. ഹരിദാസന്റെ അതേ ഫൈബർ ബോട്ടിലെ ജീവനക്കാരനായിരുന്നു സുനേഷ്. ഹരിദാസൻ പണിക്ക് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഏൽപ്പിച്ചത് സുനേഷിനെയാണ്. കൊലപാതകം നടന്ന ദിവസം രണ്ടു തവണ സുനേഷും ലിജേഷും തമ്മിൽ വാട്സാപ്പിൽ ആശയവിനിമയം നടന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

ഇതിനൊപ്പം ക്വട്ടേഷൻ ഏറ്റെടുത്തവരും വിമിനും അമലും തമ്മിലും വാട്സാപ്പിൽ ചർച്ച നടത്തി. ഇതെല്ലാം വാട്സാപ്പ് ഓഡിയോ സന്ദേശമായിരുന്നു. ഇതും ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് പൊലീസ് വിലയിരുത്തുന്നു. കൊന്നവരെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.