കണ്ണൂർ:മത്സ്യത്തൊഴിലാളിയും സിപി എം പ്രവർത്തകനുമായ ന്യൂ മാഹി പുന്നോൽ താഴെവയലിലെ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ഏഴ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ കൂടി അറസ്റ്റിലായതോടെ കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി. ഹരിദാസന്റെ കാൽ വെട്ടിയത് അറസ്റ്റിലായവരിൽ പൊച്ചറ ദിനേശനെന്നയാളാണെന്ന് വ്യക്തമായതായി പൊലിസ് അറിയിച്ചു.

സൈലന്റ് കില്ലർ എന്നാണ് പൊലിസ് നേരത്തെ ദിനേശതെ വിശേഷിപ്പിച്ചിരുന്നത്. ബിജെപി തലശേരി മണ്ഡലം സെക്രട്ടറി ന്യൂമാഹി പെരുമുണ്ടേരിയിലെ മീത്തലെമഠത്തിൽ വീട്ടിൽ പ്രജിത്ത് എന്ന മൾട്ടി പ്രജി (32), കോടിയേരി മേഖലാ സെക്രട്ടറി പുന്നോലിലെ കടുമ്പേരി പ്രഷീജ് എന്ന പ്രജൂട്ടി (38), പുന്നോൽ ചെള്ളത്ത് മടപ്പുര ക്ഷേത്രം ഡയറക്ടർ പുന്നോൽ എസ്‌കെ മുക്കിലെ കരോത്ത്താഴെക്കുനിയിൽ പൊച്ചറ ദിനേശൻ (45), ചെള്ളത്ത് മടപ്പുര ക്ഷേത്രകമ്മിറ്റി സെക്രട്ടറി സുനിൽകുമാറിന്റെ മകൻ പുന്നോൽ കിഴക്കയിൽ ഹൗസിൽ സി കെ അർജുൻ (23), നഗരസഭാ കൗൺസിലർ കെ ബിന്ദുവിന്റെ മകൻ ചെള്ളത്ത് മടപ്പുരയ്ക്കടുത്ത സോപാനത്തിൽ കെ അഭിമന്യു (22), പുന്നോൽ ചാലിക്കണ്ടി ഹൗസിൽ സി കെ അശ്വന്ത് (23), പുന്നോൽ ചാലിക്കണ്ടി ഹൗസിൽ ദീപക് സദാനന്ദൻ (29) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ഇവരെ രഹസ്യ കേന്ദ്രത്തിൽ ഒളിച്ചിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രജൂട്ടി, പൊച്ചറ ദിനേശൻ എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവർ വധഗൂഢാലോചനയിലെ പ്രധാന കണ്ണികളാണ്. ഹരിദാസനെ വധിക്കാൻ നേരത്തെ ശ്രമിച്ച സംഘത്തിലും ഇവർ ഉൾപ്പെട്ടിട്ടുണ്ട്. സൈലന്റ് കില്ലർ എന്നറിയപ്പെടുന്ന പൊച്ചറ ദിനേശനാണ് ഹരിദാസന്റെ ഇടതുകാൽ വെട്ടിമാറ്റിയത്. ആറുപേരാണ് കൊലനടത്തിയതെന്ന് കുറ്റസമ്മതമൊഴിയിൽ പറയുന്നു.

അറസ്റ്റിലായവരടക്കം 14 പേർ ഗൂഢാലോചനയിലും പങ്കെടുത്തതായി പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ പൂർണ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒന്നുമുതൽ നാലുവരെ പ്രതികളായ ബിജെപി മണ്ഡലം പ്രസിഡന്റ് കൊമ്മൽവയലിലെ കെ ലിജേഷ്, പുന്നോൽ സ്വദേശികളായ കെ വി വിമിൻ, അമൽ മനോഹരൻ, ഗോപാലപ്പേട്ടയിലെ സുനേഷ് എന്ന മണി എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. റിമാൻഡിലായ ഇവരെ വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി മജിസ്‌ട്രേട്ട് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഇവരെ ചോദ്യംചെയ്തപ്പോൾ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തെളിവുകൾ കൃത്യമായി പരിശോധിച്ച് ശാസ്ത്രീയമായാണ് കേസന്വേഷണവും അറസ്റ്റും. നടത്തിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മീൻപിടിത്തം കഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസനെ 21ന് പുലർച്ചെ വീട്ടുമുറ്റത്തിട്ടാണ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ വെട്ടിക്കൊന്നത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.