- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു; രാജിപ്രഖ്യാപനം ട്വിറ്ററിലൂടെ; ഗുജറാത്തിനായി പ്രവർത്തിക്കുമെന്ന് പ്ര്യാപനം; ചിന്തൻ ശിബിറിൽ സജീവമായി പങ്കെടുത്ത ഗുജറാത്ത് വർക്കിങ് പ്രസിഡന്റിന്റെ രാജി പ്രതീക്ഷിതം; ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടിയായി വർക്കിങ് പ്രസിഡന്റിന്റെ രാജി. ഗുജറാത്ത് ഘടകം വർക്കിങ് പ്രസിഡന്റും പട്ടേൽ വിഭാഗം നേതാവുമായ ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. അടുത്തിടെ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണെന്നും ഹാർദിക് ബിജെപിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗുജറാത്ത് ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഹാർദിക് പട്ടേൽ പ്രതികരിച്ചു.
തന്നെ കോൺഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നു എന്നാണ് ആഴ്ചകൾക്ക് മുൻപ് ഹാർദിക് പട്ടേൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നും ഹാർദിക് പട്ടേൽ പറഞ്ഞു.
''കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു'' -കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.
കോൺഗ്രസ് നേതൃത്വവുമായി ഹാർദിക് ഇടയുന്നു എന്ന റിപ്പോർട്ടുകൾ ഇടയ്ക്ക് പുറത്തുവന്നിരുന്നു. വർക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാർട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് ഹാർദിക് ആരോപണമുയർത്തിയിരുന്നു. പട്ടേൽ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ പ്രശാന്ത് കിഷോർ ചില നീക്കങ്ങൾ നടത്തിയിരുന്നു. ഇതും ഹാർദികിനെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പിന്നാലെ ഒരു ഗുജറാത്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹാർദിക് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ചത് വിവാദമായി. രാമക്ഷേത്ര നിർമ്മാണം അടക്കമുള്ള വിഷയങ്ങളെ ഹാർദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഹാർദിക് ബിജെപിയിലേക്ക് പോകുകയാണോ എന്ന ചർച്ചകൾ ശക്തമായത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാട്ടീദാർ പ്രവർത്തകനായ ഹാർദിക് കോൺഗ്രസിൽ ചേർന്നത്.
മറുനാടന് മലയാളി ബ്യൂറോ