- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിൽ പോയ രതീഷിനെ തിരഞ്ഞ് പൊലീസ് നെട്ടോട്ടം ഓടുന്നതിനിടെ വിദേശത്ത് നിന്ന് ഫോൺ കോൾ; പട്ടണക്കാട് എസ്ഐ മഹേഷിന്റെ മൊബൈലിൽ വന്ന കോളിൽ കിട്ടിയത് ഒരു നമ്പർ; വീട് വളയുമ്പോൾ പൊലീസിനെ കണ്ട് പതറി ഭാര്യാസഹോദരിയെ വകവരുത്തിയ പ്രതി
ആലപ്പുഴ: യുവാവുമായുള്ള ബന്ധത്തിന്റെ പേരിൽ ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പുത്തൻകാട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന രതീഷി(35)നെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് വിദേശത്ത് നിന്നുമുള്ള ഒരു ഫോൺ സന്ദേശത്തിന് പിന്നാലെയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ രതീഷിനെ അന്വേഷിച്ച് പൊലീസ് നെട്ടോട്ടമോടുകയായിരുന്നു. ഇയാളുമായി ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുകയും ചിലരെ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്തു.
ഇതിനിടയിലാണ് വിദേശത്ത് നിന്നും ഒരു ഫോൺ കോൾ പട്ടണക്കാട് എസ്ഐ മഹേഷിന്റെ മൊബൈലിലേക്ക് വരുന്നത്. രതീഷിന്റെ സഹോദരന്റെ ഭാര്യ വീട്ടിൽ രതീഷുണ്ടെന്നും അവിടുത്തെ നമ്പർ നൽകുകയും ചെയ്തു. ഇതോടെ ഫോണിൽ വിളിച്ചയാൾ നൽകിയ നമ്പറിന്റെ മേൽവിലാസം എടുക്കുകയും അവിടേക്ക് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തുകയുമായിരുന്നു. വീടു വളഞ്ഞ ശേഷം പൊലീസ് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന രതീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ സഹോദരന്റെ ഭാര്യയുടെ അമ്മ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.
രാത്രിയിൽ ചെങ്ങണ്ടയിലെത്തിയ രതീഷ് ഇവരോട് കള്ളം പറഞ്ഞാണ് വീട്ടിൽ തങ്ങിയത്. വിദേശത്ത് നിന്നും ലഭിച്ച വിവരത്തെ തുടർന്ന് അപ്പോൾ തന്നെ പൊലീസ് എത്തിയതിനാൽ ഇവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞിരുന്നില്ല. പൊലീസിനെ കണ്ട് പ്രതി പതറിപ്പോയി. രക്ഷപെടാനുള്ള ശ്രമമൊന്നും നടത്തിയില്ല. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ കുറ്റം സമ്മതിച്ചു.
കൊലപാതകം കഴിഞ്ഞ് തങ്കി റെയിൽവേ ഗേറ്റിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തി മദ്യപിച്ച ശേഷം അവിടെ തങ്ങാനായിരുന്നു നീക്കം. എന്നാൽ അവിടെ നിന്നും ഇയാൾ വീണ്ടും മുങ്ങി. സുഹൃത്തിനോട് കൊലപാതക വിവരം പറഞ്ഞതോടെ അയാൾ അവിടെ നിന്നും വേഗം പോകാൻ പറഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിനിടയിൽ യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. രതീഷിന്റെ കുടുംബവീട്ടിൽ നിന്നും പിതാവെത്തി രതീഷിന്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ ആരും ഇല്ലാ എന്ന് മനസ്സിലായി. വീടിനുള്ളിൽ ഫാൻ കറങ്ങുന്ന ശബ്ദം കേട്ട വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു. രാത്രി 12 മണിയോടെ പൊലീസും യുവതിയുടെ മാതാപിതാക്കളും ഒരുമിച്ചെത്തി വീടിന്റെ വാതിൽ തട്ടിവിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടർന്ന് വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
യുവതി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു. തർക്കത്തിനിടയിൽ മർദ്ദിച്ചപ്പോൾ ബോധരഹിതയായ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് രതീഷ് പറഞ്ഞു. ഇതിനിടയിൽ പെൺകുട്ടിക്ക് മറ്റൊരാളുമായും അടുപ്പം ഉണ്ടായി. അവർ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് പോകുന്നതിനേ ചൊല്ലിയാണ് തർക്കമുണ്ടായത്. വാക്കുതർക്കത്തെ തുടർന്ന് പെൺകുട്ടിയെ രതീഷ് മർദ്ദിച്ചു. മർദ്ദനത്തിൽ പെൺകുട്ടി ബോധരഹിതയായി താഴെവീണു. പിന്നാലെ കഴുത്ത് ഞെരിച്ച് കൊന്നതായി രതീഷ് പൊലീസിനോട് സമ്മതിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ആറേമുക്കാലിനു മെഡിക്കൽ കോളേജിൽനിന്നു ജോലികഴിഞ്ഞിറങ്ങിയതാണു യുവതി. രാത്രി എട്ടരയായിട്ടും വീട്ടിലെത്താതിരുന്നതോടെയാണു വീട്ടുകാർ അന്വേഷണം തുടങ്ങിയത്. രതീഷിനെ ബന്ധപ്പെട്ടപ്പോൾ യുവതി ഇന്നു ജോലികഴിഞ്ഞുവരില്ലെന്നു പറഞ്ഞുവെന്നായിരുന്നു മറുപടി. ശനിയാഴ്ച പുലർച്ചേ വീട്ടുകാർ പട്ടണക്കാട് പൊലീസിൽ പരാതി നൽകി. തുടർന്ന്, രതീഷിന്റെ പൂട്ടിയ വീട് പൊലീസിന്റെ സാന്നിധ്യത്തിൽ തുറന്നു നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ രതീഷിന്റെ ഭാര്യ വെള്ളിയാഴ്ച രാത്രി ജോലിയായിരുന്നു. ഈ സമയത്താണ് രതീഷ് യുവതിയെ വീട്ടിലേക്കു വരുത്തിയത്. ജോലികഴിഞ്ഞു ചേർത്തലയിലെത്തുന്ന യുവതിയെ രതീഷായിരുന്നു മിക്കപ്പോഴും സ്കൂട്ടറിൽ വീട്ടിലെത്തിച്ചിരുന്നത്. ഇരുവീടുകളും ഒരുകിലോമീറ്റർ മാത്രമേ വ്യത്യാസമുള്ളൂ.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.