- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇസ്ലാമിലേക്ക് മതം മാറി അബുദുല്ല ഗാന്ധിയായി; മുഴുക്കുടിയനും വഴക്കാളിയും; മകളെ ബലാൽത്സഗം ചെയ്തുവെന്നും ആരോപണം; അവസാനകാലത്ത് ആര്യ സമാജത്തിൽപോയി തിരികെ ഹിന്ദുവായി; കാമാട്ടിപുരയിലെ തെരുവിൽ ആരോരുമില്ലാതെ അന്ത്യം; മഹാത്മാഗാന്ധിയുടെ മുടിയനായ മകന്റെ കഥ!
ലോകം മുഴുവൻ ആദരിക്കപ്പെടുമ്പോഴും സ്വന്തം വീട്ടിൽ പരാജയമായിപ്പോവുക. ചില മഹാന്മാർക്ക് പറ്റിയ അതേ പറ്റു തന്നെയായിരുന്നു നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാമാഗാന്ധിക്ക്, മുത്തമകൻ ഹരിലാൽ ഗാന്ധിയുടെ കാര്യത്തിൽ സംഭവിച്ചതും. ഗാന്ധികുടുംബം ഇന്നും ഓർക്കാൻ മടിക്കുന്നപേരാണ്, അബ്ദുല്ല ഗാന്ധിയെന്ന് പേരുമാറ്റി ഇസ്ലാമിലേക്ക് മതം മാറുകയും, പിന്നീട് ആര്യസമാജത്തിൽപോയി ഹിന്ദുമതത്തിലേക്ക് തിരിച്ചുവരികയുമൊക്കെ ചെയ്ത ഹരിലാലിന്റെത്. അഹിസയുടെയും മദ്യവർജ്ജനത്തിന്റെയും പ്രവാചകനായ ഗാന്ധിജിയുടെ മകൻ മുഴുക്കുടിയനും വഴക്കാളിയുമായിരുന്നു. ഇന്ത്യ മൂഴവൻ വിദേശവസ്ത്രം ബഹിഷ്‌ക്കരിക്കാനുള്ള ഗാന്ധിജിയുടെ കാമ്പയിനുമായി മുന്നേറുമ്പോൾ, മകൻ വിദേശ വസ്ത്രങ്ങളുടെ പ്രചാരകനായിരുന്നു. അവസാനം ഗാന്ധിജി ചെയ്യുന്ന എന്തിനെയും ധിക്കരിക്കുന്ന രീതിയിലേക്ക് അയാൾ മാറി.
ഗാന്ധിജിയുടെ വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖവും, മദ്യസക്തനും, ചുതാട്ടഭ്രാന്തനും, വേശ്യാലയങ്ങളിലെ സന്ദർശകനുമായി കുത്തഴിഞ്ഞ ജീവിതം നയിച്ച മകൻ തന്നെ ആയിരുന്നു. ഗാന്ധിയുടെ മരണത്തിനുശേഷം അധികം വൈകാതെ ഹരിലാലും മരിച്ചു. ഈ വിചിത്ര ബന്ധത്തെക്കുറിച്ച് സിനിമകളും, ലേഖനങ്ങളും പഠനങ്ങളും ഉണ്ടായി. പ്രശസ്തമായ പല മനഃശാസ്ത്ര ജേണലുകളിലും , അദ്ധ്യാപനം, ഗാർഹികാന്തരീക്ഷം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെയും ഹരിലാലിന്റെയും വിഷയം ഇന്നും ചർച്ച ചെയ്യുന്നുണ്ട്.
സ്വപ്നങ്ങൾ തകർത്തത് ഗാന്ധിജി തന്നെ
അന്നത്തെ ആചാരപ്രകാരം, 13ാം വയസ്സിൽ വിവാഹിതനായ വ്യക്തിയായിരുന്നു മോഹൻദാസ് കരംചംന്ദ് ഗാന്ധി. ഭാര്യ കസ്തൂർബക്ക് ഒരു വയസ്സ് കൂടുതൽ ആയിരുന്നു. 14 വയസ്സ്. ആദ്യപുത്രൻ ഹരിലാൽ പിറക്കുമ്പോൾ ഗാന്ധിക്ക് വെറും 18 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയിൽ വെച്ച് 1888 സെപ്റ്റംബറിലാണ് ഹരിലാൽ ജനിച്ചത്. കുട്ടിക്ക് ആറു മാസം പ്രായമുള്ളപ്പോളായിരുന്നു ഗാന്ധി നിയമപഠനാർത്ഥം ലണ്ടനിലേയ്ക്ക് പോയത്. അതുകൊണ്ട് തന്നെ ബാല്യകാലദിനങ്ങളിൽ അവനോടൊപ്പം ചെലവഴിക്കാൻ പിതാവിന് കഴിഞ്ഞില്ല. പിതാവുമായി വലിയ മാനസിക അടുപ്പം ഇല്ലാതെയാണ് അവൻ വളർന്നുവന്നത്. എന്നാൽ അമ്മയുടെ പ്രിയ പുത്രനായിരുന്നു ഹരിലാൽ. ചെറുപ്പക്കാലത്ത് പഠിക്കാനും മിടുക്കനായിരുന്നു.
ഗാന്ധിജിക്ക് നമ്മളെല്ലാമറിയുന്ന അഹിംസയുടെയും ലാളിത്യത്തിന്റെയുമൊക്കെ ഫക്കീർ കാലത്തിനു മുമ്പൊരു പൂർവാശ്രമമുണ്ടായിരുന്നല്ലോ. സമ്പത്തിന്റെയും ധാരാളിത്തത്തിന്റെയും ഒരു ഭൂതകാലം. ആ നല്ലകാലത്ത് ഈ ഭൂമിയിലേക്ക് കാലെടുത്തുവച്ചവനായിരുന്നു ഹരിലാൽ. എല്ലാ സുഖസൗകര്യങ്ങളും നുകർന്നുകൊണ്ടുള്ള ഒരു ശൈശവമായിരുന്നു അവന്റേത്. എല്ലാം നല്ല വെടിപ്പിന് പൊയ്ക്കൊണ്ടിരിക്കെയാണ്, ഹരിലാലിന്റെ അച്ഛനെ സത്യാഗ്രഹത്തിന്റെ അസ്‌കിത പിടികൂടുന്നത്. അതോടെ, അവന്റെ കാര്യങ്ങളൊക്കെ അവതാളത്തിലായി. നേരാംവണ്ണം സ്‌കൂളിൽ പോയിരുന്ന കുഞ്ഞിനെ അവിടത്തെ കൂട്ടുകാരിൽ നിന്നും വേർപ്പെടുത്തി വീട്ടിലിരുത്തി അച്ഛൻ തന്നെ പഠിപ്പിക്കാൻ തുടങ്ങി. അതോടെ അവന്റെ സുഖവും സന്തോഷവും നഷ്ടമായി. ഹരിലാൽ കഠിനധ്വാനം കൊണ്ട് ബ്രിട്ടനിൽ പോയി ഉപരിപഠനം നടത്താനുള്ള ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പും നേടി വീട്ടിൽ സന്തോഷ വർത്തമാനം അറിയിക്കാൻ ചെന്നപ്പോൾ അച്ഛൻ പോവാൻ സമ്മതിച്ചില്ല.
ദക്ഷിണാഫ്രിക്കയിലെ, ഒരു ഇന്ത്യൻ സുഹൃത്തും ഗാന്ധിജിയുടെ കുട്ടികളെ സ്‌കോളർഷിപ്പോടു കൂടി പഠിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലേയ്ക്ക് അയക്കാൻ സഹായിക്കാമെന്നേറ്റു. എന്നാൽ ഗാന്ധിജി അതിനെ എതിർക്കുകയും സ്‌കോളർഷിപ്പിന്, കൂടുതൽ അർഹരായ മറ്റ് രണ്ട് കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പിതാവിനെപ്പോലെ ഇംഗ്ലണ്ടിൽ പോയി നിയമം പഠിച്ച് ഒരു വക്കീൽ ആവുകയെന്നത് വലിയ സ്വപ്നമായി കൊണ്ടുനടന്നിരുന്ന ഹരിലാലിന് ഈ തീരുമാനം വലിയ ആഘാതമായി. അതോടെ ഹരിലാൽ ഗാന്ധിജിയോട് അകന്നു.
പിന്നീട് അങ്ങോട്ട് ഒരു ഡിപ്രഷൻ ബാധിച്ച ആളെപ്പോലെയായി അദ്ദേഹത്തിന്റെ ജീവിതം. ഗാന്ധിജി പലതവണ ഉപദേശിച്ചിട്ടും ഫലമുണ്ടായില്ല. ചീത്തകൂട്ടുകെട്ടികളിൽ ചെന്നുപെട്ട അയാൾ ക്രമേണെ മുഴുക്കുടിയനായി. ചൂതുകളിക്കാരനായി.
തന്റെ പിതാവ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നയങ്ങൾക്കെതിരായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവിതം. ഗാന്ധിയുടെ സഹിഷ്ണുത, സത്യാന്വേഷണം, അഹിംസ, വിദേശവസ്ത്രങ്ങളോടുള്ള എതിർപ്പ് തുടങ്ങിയ നയങ്ങളെ ഹരിലാൽ പരസ്യമായി എതിർത്തു. ബ്രിട്ടണിൽ നിർമ്മിച്ച ഇറക്കുമതി ചെയ്ത തുണിത്തരങ്ങൾ വിറ്റ് അദ്ദേഹം ജീവിതം നീക്കി.
നിയമപഠനത്തിന് വിദേശത്തു പോകാനുള്ള ആഗ്രഹം അച്ഛൻ നടത്തിക്കൊടുക്കാത്തതിലുള്ള ദേഷ്യമാണ് ഹരിലാൽ ഗാന്ധിയിൽ തന്റെ ജീവിതത്തെ മുച്ചൂടും മുടിച്ചുകളഞ്ഞ നിഷേധമായി വളർന്നതെന്ന്, സഹോദരനായ ദേവദാസ് ഗാന്ധി ഒരിക്കൽ എഴുതിയിരുന്നു. ഇന്ത്യയിൽ ഗോദറെജ് സോപ്പുകളുടെ വ്യാപകമായ പ്രചാരത്തിനുള്ള പ്രധാന കാരണം ഗാന്ധിജിയുടെ മകനായിരുന്നുവെന്നത് അധികം പേർക്കും അറിയില്ല. ഇടക്കാലത്ത് ഗോദറെജ് സോപ്പിന്റെ പ്രചാരണത്തിനുവേണ്ടി കമ്പനിയെ ഹരിലാൽ സഹായിച്ചിരുന്നു. ''ഒരു ജോലി ഏറ്റെടുത്താല വലിയ കാര്യപ്രാപ്തിയായിരുന്നു അദ്ദേഹത്തിന്. ഗോദറെജ് സോപ്പിന്റെ പ്രചാരണക്കാലത്ത് ഞാൻ അത് കണ്ടതാണ്. പക്ഷേ എവിടെയോ പിഴച്ചു. പക്ഷേ, ശാന്തി കിട്ടാത്ത ആത്മാവായി അലഞ്ഞു''- സഹോദരൻ ദേവദാസ് ഗാന്ധി അനുസ്മരിച്ചു.
മകളെ ബലാത്സഗം ചെയ്ത നീചൻ
മദ്യവും ചൂതാട്ടവും പോലെ തന്നെ മദിരാക്ഷിയും പിന്നെ ഹരിലാൽ ഗാന്ധിയുടെ ദൗർബല്യമായി മാറി. ഗാന്ധിജിയുടെ കത്തുകളിലൂടെ, ഹരിലാലിന്റെ സ്വഭാവ ദുഷ്യത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പിൽക്കാലത്ത് പുറത്തുവന്നു. ഗുരുതരമായ ആരോപണങ്ങളാണ് 1935 ജൂൺ മാസത്തിൽ ഗാന്ധിജി ഹരിലാലിന് അയച്ച ഒരു കത്തിലുള്ളത്.-''നിന്റെ സ്വഭാവം എന്നെ അസ്വസ്ഥനാക്കുന്നു എന്നുള്ളത് നീയറിയണം. ഒരുപക്ഷെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനോളം തന്നെ പ്രാധാന്യത്തോടെ എന്നെ അലട്ടുന്നുണ്ട്.'' എന്ന് തുടങ്ങുന്ന കത്തിൽ ഹരിലാൽ ഗാന്ധിയുടെ നിരവധി സ്വഭാവദൂഷ്യങ്ങൾ ഗാന്ധിജി പരാമർശിക്കുന്നു.
സബർമതി ആശ്രമത്തിൽ ഗാന്ധിജിക്കൊപ്പം കഴിഞ്ഞിരുന്ന ഹരിലാലിന്റെ മകളായ മനുഗാന്ധി, പിതാവിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിക്കുന്നതാണ് ഗാന്ധിജിയുടെ കത്തുകൾ. മറ്റൊരു കത്തിൽ ''മനു നിന്നെ കുറിച്ച് നിരവധി അപകടകരമായ കാര്യങ്ങൾ എന്നെ അറിയിക്കുന്നുണ്ട്. എട്ടു വർഷങ്ങൾക്കു മുമ്പ് നീ അവളെ ബലാത്സഗം ചെയ്തതായി അവളെന്നോട് വെളിപ്പെടുത്തി. ഇതിനെ തുടർന്ന് മാനസികമായി ഏറെ മുറിവേറ്റേതായും ചികിൽസ തേടേണ്ടി വന്നതായും അവൾ എന്നോട് പറഞ്ഞു.''- എന്ന് ഗാന്ധിജി പറയുന്നുണ്ട്. ''നീ ഇപ്പോഴും മദ്യപാനത്തിലും സ്ത്രീ വിഷയങ്ങളിലും മുഴുകി കഴിയുകയാണോ, ദയവ് ചെയ്ത് എന്നോട് സത്യം പറയൂ? മദ്യത്തിന് അടിമയായി കഴിയുന്നതിനേക്കാൾ നീ മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്''- ഗാന്ധിജി എഴുതി.
പക്ഷേ അതൂകൊണ്ടൊന്നും ഹരിലാലിന്റെ മനസ്സ് മാറിയില്ല. മാതാവ് കസ്തൂർബാ ഗാന്ധിയുടെ മരണ സമയത്തും മദ്യപിച്ചാണ് ഇയാൾ എത്തിയത്. ആധുനിക മരുന്നുകൾ എടുക്കാതെ പിതാവ് തന്റെ അമ്മയുടെ മരണത്തിന് പരോക്ഷമായ കാരണക്കാരനായി എന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. പുനെയിലെ അഗ ഖാൻ കൊട്ടാരത്തിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധിക്ക് ബ്രോങ്കൈറ്റിസ് ബാധിക്കുന്നത്. പിന്നീട് അത് ന്യുമോണിയയായി. ഒപ്പം ഹൃദയത്തിന്റെ താളവും തെറ്റിത്തുടങ്ങി.
കസ്തുർബയെ ഡോക്ടറെ കൊണ്ട് കാണിച്ചയുടനെ അദ്ദേഹം പറഞ്ഞത് വളരെ മോശം അവസ്ഥയാണെന്നും ഉടനെ പെൻസിലിൻ ഇൻജെക്ഷൻ എടുത്തില്ലെങ്കിൽ സ്ഥിതി വഷളാവുമെന്നുമായിരുന്നു. എന്നാൽ ഗാന്ധിജി പെൻസിലിന് എതിരായിരുന്നു. പ്രകൃത്യാതീതമായ എല്ലാ അലോപ്പതി ചികിത്സകളെയും ഗാന്ധിജി 'ഹിംസ' എന്നാണ് കരുതിയിരുന്നത്. ഗാന്ധിജി അനുമതി തന്നാലേ താൻ പെൻസിലിൻ എടുക്കൂ എന്ന് കസ്തൂർബാ പറഞ്ഞു. താൻ ഒരിക്കലും അതിനെ അനുകൂലിക്കില്ല, കസ്തൂർബായ്ക്ക് നിർബന്ധമുണ്ടങ്കിൽ സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ ആവാം എന്ന് ഗാന്ധിജി. മകൻ ദേവദാസ് ഗാന്ധി ചികിത്സയുമായി മുന്നോട്ടുപോവാൻ ആഗ്രഹിച്ച് പെൻസിലിനും വാങ്ങി വീട്ടിൽ വന്നു. അസുഖം മൂർച്ഛിച്ച് മോഹാലസ്യപ്പെട്ടു കിടക്കുകയായിരുന്നു കസ്തൂർബാ അപ്പോൾ. ഗാന്ധിജിയാവട്ടെ ദേവദാസിനെ പെൻസിലിൻ ഇൻജെക്ട് ചെയ്യുന്നതിൽ നിന്ന് വിലക്കി.
സ്ഥിതി വല്ലാതെ മോശമായപ്പോൾ പ്രകൃതി ചികിത്സയെല്ലാം ഉപേക്ഷിച്ച് ഗാന്ധിജി പ്രാർത്ഥനാ നിരതനായി ഇരിക്കാൻ തുടങ്ങി. തന്റെ പ്രിയപത്നിയുടെ ആരോഗ്യം വീണ്ടുകിട്ടാൻ അദ്ദേഹം ആവോളം പ്രാർത്ഥിച്ചു നോക്കിയെങ്കിലും 1944 ഫെബ്രുവരി മാസം 22 ന് ഒരു മഹാശിവരാത്രി നാളിൽ, അസുഖം മൂർച്ഛിച്ച്, അവർ മരിച്ചു.
ഭാര്യയെ കൈവിട്ട ശേഷം ഗാന്ധിജി വല്ലാതെ അസ്വസ്ഥനായി സ്വയം പഴിച്ചിരുന്നു, ഇടയ്ക്കിടെ സ്വന്തം കരണത്തടിച്ച് സ്വയം ശിക്ഷിച്ചിരുന്നു എന്നൊക്കെ പ്രൊഫ. സ്റ്റാൻലി വോൾപാർട്ട് തന്റെ 'ഗാന്ധീസ് പാഷൻ - ഹിസ് ലൈഫ് ആൻഡ് ലെഗസി ' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം ഇങ്ങനെ പറഞ്ഞത്രേ.. ''ഞാനൊരു മഹാത്മാവൊന്നുമല്ല.. നിങ്ങളെപ്പോലെ ഒരു സാധാരണക്കാരൻ. അഹിംസാമാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതിരിക്കാൻ പെടാപ്പാടുപെടുന്നോൻ..'' ഒരർഥത്തിൽ കസ്തുർബ തന്റെ സഹനത്തിന് കൊടുത്ത വിലയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നാണ് പ്രൊഫ. സ്റ്റാൻലി വോൾപാർട്ട് പറയുന്നത്.
ഹരിലാലിനെയും മാതാവിന്റെ മരണം ഉലച്ചിരുന്നു. അയാൾ പിതാവിനെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. കസ്തുർബയോടുള്ള ഗാന്ധിയുടെ സമീപനത്തിലും ഹരിലാലിന് ഏറെ എതിർപ്പുകൾ ഉണ്ടായിരുന്നു.
ഇസ്ലാമിലേക്ക് മാറിയത് പണം വാങ്ങിയോ?
ഇടക്കാലത്ത് ഇസ്ലാമിലേക്ക് മാറി, പേര് അബ്ദുല്ലഗാന്ധിയെന്ന് ആക്കിയും ഹരിലാൽ തലക്കെട്ടുകൾ ആകർഷിച്ചു. ഗാന്ധിയുടെ മകൻ ഇസ്ലാം സ്വീകരിച്ചത് ഇസ്ലാമിസ്റ്റുകൾ ആഘോഷിച്ചു. പല വാർത്തകളും അതേക്കുറിച്ച് പ്രചരിച്ചു. ഒരു പ്രമുഖ സംഘടനയിൽനിന്ന് വൻ തുക കൈപ്പറ്റിയാണ് അദ്ദേഹം മതം മാറിയതെന്നും ആരോപണങ്ങൾ ഉയർന്നു.
മകൻ ഇസ്ലാമായപ്പോൾ ഗാന്ധിജി തന്റെ ഒരു ബന്ധുവിന് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു- ''ഹരിലാലിൻെ മതം മാറ്റം പത്രത്തിലൂടെയറിഞ്ഞു. സ്വാർത്ഥതയില്ലാത്ത പ്രേരണകളാലും ഇസ്ലാം മതത്തെ പൂർണ്ണമായി മനസിലാക്കിയും അവൻ മതം മാറുന്നതിൽ തെറ്റില്ല. പക്ഷേ സമ്പത്തിനു വേണ്ടിയും കാമാസക്തി പൂർത്തീകരിക്കാനുള്ള അത്യാർത്തിക്കുമാണ് മതം മാറിയത്. ആ ലക്ഷ്യത്തിലല്ലെന്നുവന്നാൽ, അവൻ വിണ്ടും മറ്റൊരു മതം മാറാം'' -ഗാന്ധിജി എഴുതി.
അദ്ദേഹം കത്ത് ഇങ്ങനെ തുടർന്നു, -''ഇപ്പോൾ അവൻ അബ്ദുല്ലാഗാന്ധിയാണ്. ഇസ്ലാമിന്റെ ലേബൽ സ്വീകരിച്ചു. അവൻ ഇസ്ലാമിലെ ഏറ്റവും മികച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതുവരെ അവനെ ഒരു ഇസ്ലാം മതാനുയായി ആയി നമുക്ക് കണക്കാക്കാനാവില്ല. നമ്മൾ വിശ്വസിക്കുന്ന മതത്തെ എല്ലാ അർത്ഥത്തിലും മനസിലാക്കാൻ കഴിയണം, അതിനു പരിശ്രമിക്കണം,''- ഗാന്ധിജി വിശദീകരിച്ചു.
ഗുജറാത്തി ഭാഷയിൽ എഴുതിയ കത്തുകൾ, ഗാന്ധിജിയുടെ കുടുംബത്തിലെ ഒരു ശാഖയിൽപെട്ട ഒരാളിൽ നിന്നാണ് ഷ്റോപ്ഷെയറിലെ മലോക്സ് എന്ന ലേലക്കമ്പനിക്ക് ലഭിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഈ കത്തുകളുടെ വിശദാംശങ്ങൾ ആ കമ്പനി പുറത്തു വിട്ടത്. അതു വരെ ഈ കത്തുകൾ പുറം ലോകം കണ്ടിരുന്നില്ല. ഈ കത്തുകൾ ഉടൻ ലേലത്തിന് വെയ്ക്കുമെന്നും ഷ്റോപ്ഷെയറിലെ മലോക്സ് ലേലക്കമ്പനി വ്യക്തമാക്കിയിരുന്നു. ഗാന്ധിജി പ്രവചിച്ചത് തന്നെ സംഭവിച്ചു. ഇസ്ലാമിൽ അധികകാലം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കസ്തൂർബാ ഗാന്ധിയുടെ പ്രേരണയിൽ ആര്യസമാജത്തിൽ പോയി അബ്ദുല്ല ഗാന്ധി വീണ്ടും ഹരിലാൽ എന്ന ഹിന്ദുവായി. ഒരുപക്ഷേ ഇന്ത്യയെ ആദ്യ ഘർവാപ്പസി!
പക്ഷേ ഏത് മതത്തിൽപോയിട്ടും മദ്യപാനം നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഗാന്ധിജിയുടെ ശവസംസ്‌കാരച്ചടങ്ങിൽ ഹരിലാലെത്തിയത് കുടിച്ചു ലക്കില്ലാതെയാണ്. ആരും കാണാതെ ആരും ഗൗനിക്കാതെ ദുഃഖിതരായ ജനങ്ങളിലൊരാളായി, അദ്ദേഹം മാറിനിന്നു. സാധാരണ മൂത്ത മകനാണ് ചിതക്ക് തീകൊളത്തേണ്ടത്. പക്ഷേ ഗാന്ധിജിയുടെ ആഗ്രഹപ്രകാരം മൂന്നാമത്തെ മകൻ രാംദാസാണ് ആ കർമ്മം നിർവഹിച്ചത്.
ഗാന്ധിജിക്കും ഹീരാലാലിനുമിടയിലെ അന്ത:സംഘർഷങ്ങളെ പ്രതിപാദിക്കുന്ന സിനിമയാണ് 'ഗാന്ധി മൈ ഫാദർ '2007 ഓഗസ്റ്റ് 3ന് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധാനം ഫിറോസ് അബ്ബാസ് ഖാനും നിർമ്മാണം അനിൽ കപൂറും ആണ്. ഹരിലാലായി അക്ഷയ് ഖന്ന അഭിനയിച്ചു.
ഗാന്ധിജിക്ക് കഴിയാത്തത് ചെയ്ത മലയാളി മരുമകൾ
ഹരിലാൽ ഗാന്ധിയുടെ മകനും ഡോക്ടറുമായിരുന്ന കാന്തിലാൽ ഗാന്ധിയുടെ ഭാര്യ സരസ്വതി മലയാളിയായിരുന്നു. ഹരിലാലിനെ കുറിച്ച് ആരെങ്കിലും നല്ലത് എഴുതിയിട്ടുണ്ടെങ്കിൽ അത് അവർ മാത്രമാണ്. 2008ൽ തിരുവനന്തപുരത്തുവച്ചാണ് സരസ്വതി ഗാന്ധി എൺപത്തിയാറാം വയസ്സിൽ അന്തരിച്ചത്.
ഹരിലാൽ ഗാന്ധിയെക്കുറിച്ചുള്ള അനുസ്മരണത്തിൽ സരസ്വതി ഇങ്ങനെ പറയുന്നു. 'ഞാൻ കേരളത്തിൽനിന്നാണ്. ഖാദി, ഗ്രാമവ്യവസായ കമ്മീഷൻ ചെയർമാൻ ജി. രാമചന്ദ്രന്റെ അനന്തരവളാണ് ഞാൻ. അമ്മാവൻ കാരണമാണ് ഞാൻ കാന്തിലാൽജിയെ വിവാഹം കഴിക്കാനിടയായത്. അമ്മാവനിൽനിന്നും ഇംഗ്ലീഷ് പഠിക്കാനും പിന്നെ ടൈപ്പിങ്ങും ഷോർട്ട് ഹാൻഡും പഠിക്കാനുമാണ് അദ്ദേഹം വന്നത്. എനിക്കന്ന് പത്തു വയസ്സായിരുന്നു. എന്റെ മുത്തച്ഛനും മുത്തശ്ശിയും വിവാഹത്തെ എതിർത്തു. എന്റെ പ്രായമായിരുന്നു പ്രശ്‌നം. എനിക്കാകട്ടെ, മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയില്ലായിരുന്നു. എന്നാൽ ഞാൻ കാന്തിലാലിനെ വിവാഹം ചെയ്യണമെന്ന് അമ്മയ്ക്ക് ഒരേ നിർബന്ധമായിരുന്നു. പെൺകുട്ടിയല്ലേ, വളരും എന്ന് അമ്മ പറഞ്ഞു. അങ്ങനെ ബാപ്പുവിന്റെ കൊച്ചുമകന്റെ ഭാര്യയായി ഞാൻ.' - സരസ്വതി പറയുന്നു.
ഭർത്താവിന്റെ അച്ഛനായ ഹരിലാൽ ഗാന്ധിയെക്കുറിച്ച് ആളുകൾ മോശമായിട്ടു മാത്രമേ സംസാരിച്ചിരുന്നുള്ളൂവെന്ന് സരസ്വതി എഴുതിയിട്ടുണ്ട്. ആദ്യം ഹരിലാൽ ഭായിയെ (അങ്ങനെയായിരുന്നു മക്കൾ ഹരിലാലിനെ വിളിച്ചിരുന്നത്) കാണുമ്പോൾ ഉണ്ടായ അനുഭവവും മറിച്ചായിരുന്നില്ല. അവരുടെ വിവാഹസമയത്തോ വർഷങ്ങൾക്കുശേഷം പ്രസവിക്കുമ്പോഴോ ഒന്നും പലരും പലതും പറഞ്ഞുകേട്ടിരുന്ന ബാപ്പുവിന്റെ ആ 'മുടിയനായ പുത്രനെ' സരസ്വതി കണ്ടിരുന്നില്ല. കുത്തഴിഞ്ഞ ജീവിതവും മദ്യപാനവുമായി അലഞ്ഞുതിരിയുകയായിരുന്നല്ലോ ആ ജന്മം.
ഒരുദിവസം കാന്തിലാലിനൊപ്പം ഒരു വൃദ്ധൻ വീട്ടിൽ വന്നുകയറി. പതിവുപോലെ, ഏതെങ്കിലും ഗാന്ധിയനാണെന്ന് സരസ്വതി കരുതി. അവശനും അശരണനെപ്പോലെ തകർന്നവനുമായ അപരിചിതൻ സ്വയം പരിചയപ്പെടുത്തി: 'ഞാൻ കാന്തിയുടെ അച്ഛനാണ്.' അതിനു ശേഷമുള്ള നീണ്ട ബന്ധത്തിൽനിന്നും സരസ്വതി ഗാന്ധി പറയുന്നത് നാട്ടുകാർ പറഞ്ഞും കേട്ടും ശീലിച്ചപോലെ ഒരു നിഷേധിയായിരുന്നില്ല ഹരിലാൽ എന്നും ഒരു നല്ല മനുഷ്യനു വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിൽ ഉണ്ടായിരുന്നുവെന്നുമാണ്.
മൈസൂരിൽ ആറുമാസക്കാലം ഡോ. കാന്തിലാൽ ഗാന്ധിയോടും സരസ്വതിയോടുമൊപ്പം ഹരിലാൽ ഗാന്ധി ഉണ്ടായിരുന്നു. തെല്ലും മദ്യപിച്ചില്ല. ചർക്കയുടെ മാഹാത്മ്യത്തെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. സരസ്വതി സത്യത്തിൽ അദ്ഭുതപ്പെട്ടുപോയി, ഹരിലാൽഭായിയും ബാപ്പുവും തമ്മിൽ എങ്ങനെ തെറ്റി? ആ ദിവസങ്ങളിൽ സരസ്വതിക്ക് ബാപ്പുവിന്റെ കത്തുകൾ വരാറുണ്ടായിരുന്നു. ഒരു കത്തിൽ ഗാന്ധി ഇങ്ങനെ എഴുതി:'ചിരഞ്ജീവി സാരൂ, ഹരിലാലിനു മേലുള്ള വിജയം എനിക്കു നിഷേധിക്കപ്പെട്ടതാണ്. എന്നാൽ, നീ അത് ആർജിച്ചിരിക്കുന്നു. പൂർണവിജയത്തിന് എന്റെ ആശംസകൾ. ബാപ്പു.'
ആരോരുമല്ലാതെ കാമാട്ടിപുരയിൽ അന്ത്യം
എന്നാൽ, സരസ്വതി ഗാന്ധി പരാജയപ്പെട്ടു. ഹരിലാൽ വീണ്ടും കുടി തുടങ്ങി. അതേക്കുറിച്ച് സരസ്വതി ഗാന്ധി ഇങ്ങനെ എഴുതി: 'അത്താഴത്തിനുവേണ്ടി ഹരിലാൽ ഭായിയെ ഞങ്ങൾ കാത്തിരുന്നു. വന്നില്ല. അവസാനം ഞങ്ങൾ ഭക്ഷണം കഴിച്ചു. രാത്രി വളരെ വൈകി അദ്ദേഹം പൂർണമായും മദ്യപിച്ച് വീട്ടിലെത്തി. പതുക്കെ നടന്ന് മുറിയിലെത്തിക്കിടന്നു. വളരെ ഉറക്കെ ഓരോന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു. ജീവിതത്തിലാദ്യമായാണ് ഞാനൊരു കുടിയനെ കാണുന്നത്. ഞാൻ ഭയന്നുവിറച്ചുപോയി. അടുത്തു ചെന്ന മകനോട് ഹരിലാൽ ഭായി പറഞ്ഞു: 'ബാപ്പു നിനക്കെന്തു തരാനാണ്? ഞാൻ നിന്നെ വലിയ കണ്ണുഡോക്ടറാക്കും. വിദേശത്തയച്ചു പഠിപ്പിക്കും.' ഇത്രയും പറഞ്ഞിട്ട് അദ്ദേഹം മുറി മുഴുവൻ ഛർദിച്ചു. ഞാൻ മകനെ എടുത്ത് മുറിയിലേക്കോടി.
മഹാത്മാഗാന്ധിയുടെ മരണാനന്തരകർമങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം എവിടെനിന്നോ വന്നുചേർന്നതം സരസ്വതി ഓർക്കുന്നു.- ''അപ്പോൾ ഞാൻ എഴുന്നേറ്റുനിന്നു തൊഴുതു. ഹരിലാൽഭായി വളരെ മോശം അവസ്ഥയിലായിരുന്നു. അദ്ദേഹം എന്നെ കണ്ടതായി നടിച്ചില്ല. അസ്ഥിനിമജ്ജനത്തിനുശേഷം അദ്ദേഹം എന്റെ സമീപം വന്നുനിന്നു, എന്നിട്ടു പറഞ്ഞു: 'കുട്ടീ, ഞാൻ പോവുകയാണ്.' അന്നുപോയ ഒരാളെ പിന്നീട് ജവനോടെ കണ്ടിട്ടില്ല''
ഹരിലാലിന്റെ ഭാര്യയുടെ പേര് ഗുലാബ് എന്നാണ്. ഗുലാബ് -ഹരിലാൽ ദമ്പതികൾക്ക് അഞ്ച് മക്കൾ ജനിച്ചു. അതിൽ ഏറ്റവും ഇളയവളായ റാമി ബെന്നിന്റെ പുത്രിയായ നീലം പരീഖ്, 'ഗാന്ധിജീസ് ലോസ്റ്റ് ജ്യൂവൽ: ഹീരാലാൽ ഗാന്ധി' എന്ന പേരിൽ ഹരിലാലിന്റെ ജീവചരിത്രമെഴുതിയിട്ടുണ്ട്. ഗുലാബിനോടും മക്കളോടും നല്ല രസത്തിലല്ല ഹരിലാൽ കഴിഞ്ഞിരുന്നത്. ദാമ്പത്യ ജീവിതം വൻ പരാജയമായിരുന്നു. രോഗാവസ്ഥയിൽ ഭാര്യയെ തിരിഞ്ഞുനോക്കാൻ അയാൾ കൂട്ടാക്കിയില്ല. വേദനയോടെ ഗുലാബ് മരണപ്പെട്ടു. തുടർന്ന് ഗുലാബിന്റെ സഹോദരിയായ വിധവയെ വിവാഹം കഴിക്കാൻ ഹരിലാൽ ശ്രമിച്ചെങ്കിലും അവരതിന് തയ്യാറായില്ല. ഹരിലാൽ വീണ്ടും അമിത മദ്യപാനത്തിൽ മുഴുകി. ഗുലാബിന്റെ സഹോദരി ഹരിലാലിനെ ഉൾക്കൊണ്ടില്ലെങ്കിലും അഞ്ച് മക്കളേയും തന്റെ ഏക സന്താനത്തോടൊപ്പം ചേർത്ത് പൊന്നുപോലെ വളർത്തി.
ഗാന്ധിജിയുടെ ദേഹവിയോഗത്തിന് ശേഷം അഞ്ചു മാസങ്ങൾ കഴിഞ്ഞ്, 1948 ജൂൺ 18ന് ഹരിലാലും വിടവാങ്ങി. മുംബൈയിലെ കാമാട്ടിപുരയിലെ തെരുവിൽ ആരോരുമില്ലാതെ തളർന്നുകിടന്ന ഹരിലാലിനെ മുനിസിപ്പാലിറ്റി ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഗാന്ധിജിയുടെ മകനാണ് താനെന്ന് അദ്ദേഹം ആശുപത്രിയിൽ വെളിപ്പെടുത്തിയില്ല. അവിടെവച്ച് അന്ത്യശ്വസം വലിച്ചു. മരണശേഷമാണ് ഹരിലാൽഗാന്ധിയെ തിരിച്ചറിഞ്ഞത്.
മറ്റു മക്കൾ എല്ലാം പ്രശസ്തരും പ്രഗൽഭരും
മൂത്തമകന്റെ കാര്യത്തിൽ മാത്രമാണ് ഗാന്ധിജിയുടെ കണക്കൂകൂട്ടൽ തെറ്റിപ്പോയത്. അതിന്റെ പേരിൽ മാത്രം ഗാന്ധിജി ഒരു മോശം രക്ഷിതാവാണെന്ന് വിധക്കാൻ കഴിയില്ല. മറ്റുമക്കളൊക്കെ പഠിച്ച് മിടുക്കരും പ്രഗൽഭരുമായി. ഗാന്ധിജി ആഗ്രഹിച്ചപോലെ അവസരം ഉണ്ടായിട്ടും അവർ രാഷ്ട്രീയത്തിൽ കാര്യമായി ഇടപെട്ടതുമില്ല.
1892 ഒക്ടോബർ 28നാണ് ഗാന്ധിജിയുടെ രണ്ടാമത്തെ മകൻ മണിലാൽ ജനിക്കുന്നത്. 1903ൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ എഡിറ്ററായി മണിലാൽ പ്രവർത്തിച്ചു. ബ്രിട്ടീഷ് സർക്കാരിനെതിരേ ഒട്ടേറെ സമരങ്ങളിൽ പങ്കെടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
മണിലാലിന്റെ മകൻ അരുൺ മണിലാൽ ഗാന്ധി, ദക്ഷിണാഫ്രിക്കയിലെ പ്രമുഖ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനുമാണ്. അദ്ദേഹത്തിന്റെ മകനും സാമൂഹികപ്രവർത്തകനുമായ തുഷാർ ഗാന്ധി, അടുത്തകാലത്ത് നരേന്ദ്ര മോദിയെ വിമർശിച്ച് ഒട്ടേറെ തവണ വാർത്തകളിൽ നിറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് മണിലാലിന്റെ മകൾ ഇള ഗാന്ധി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അംഗമാണ്. 1994 മുതൽ 2004 വരെ ദക്ഷിണാഫ്രിക്കൻ പാർലമെന്റംഗം ആയിരുന്നു. ഡർബൻ സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയും വഹിച്ചിട്ടുണ്ട്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
ഗാന്ധിജിയുടെ മൂന്നാമത്തെ മകൻ രാംദാസും ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. അച്ഛനൊപ്പം ഒട്ടേറെ സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തു, ജയിൽവാസം അനുഭവിച്ചു. ഗാന്ധിജിയുടെ ആഗ്രഹംപോലെ, രാംദാസാണ് അദ്ദേഹത്തിന്റെ ചിതക്ക് തീകൊളുത്തിയത്. ബാപ്പുജിയുടെ പ്രിയപ്പെട്ടവൻ ആയിരുന്നു അദ്ദേഹം. രാംദാസിന്റെ മകൻ കനുഭായ് യു.എസ്. സ്പേസ് ഏജൻസിയായ നാസയിലെ ശാസ്ത്രജ്ഞനായിരുന്നു. അമേരിക്കയിലെ നാല് പതിറ്റാണ്ടുകൾ നീണ്ട വാസത്തിനുശേഷം 2014ലാണ് ഗുജറാത്തിൽ തിരിച്ചെത്തിയത്. സൂറത്തിലെ രാധാകൃഷ്ണക്ഷേത്രം ട്രസ്റ്റ് നടത്തുന്ന ആശ്രമത്തിലായിരുന്നു കനുവും ഭാര്യയും താമസിച്ചത്. ദണ്ഡിയാത്രയ്ക്കിടെ ആറു വയസ്സുകാരനായ കനു ഗാന്ധി ഗാന്ധിജിയുടെ ഊന്നുവടിയുടെ ഒരറ്റത്തു പിടിച്ചുകൊണ്ട് കടൽത്തീരത്തുകൂടി ഓടുന്ന ചിത്രം അതിപ്രശസ്തമാണ്.
ഗാന്ധിജിയുടെ ഏറ്റവും ഇളയമകൻ, ദേവ്ദാസും ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാവുകയും ഒട്ടേറെ തവണ ജയിലിൽ കിടക്കുകയും ചെയ്തു. പേരെടുത്ത പത്രപ്രവർത്തകനായിരുന്ന അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായിരുന്നു. ദേവ്ദാസിന്റെ മകൻ രാജ്‌മോഹൻ അമേരിക്കയിലും ഇന്ത്യയിലുമായി ഒട്ടേറെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. രാജീവ് ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. 1990-92ൽ രാജ്യസഭാംഗമായി. ഹിന്ദുസ്ഥാൻ ടൈംസിന്റെ മാനേജിങ് എഡിറ്ററായിരുന്നു. 2014ൽ ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.
ദേവ്ദാസ് ഗാന്ധിയുടെ രണ്ടാമത്തെ മകൻ രാമചന്ദ്രഗാന്ധി ഇന്ത്യൻ തത്ത്വശാസ്ത്ര ഗവേഷകനായിരുന്നു. രാജ്യത്തെ പ്രമുഖ സർവകലാശാലയിലെല്ലാം അദ്ധ്യാപനം നടത്തി. ഹൈദരാബാദ് സർവകലാശാലയിലെ തത്ത്വശാസ്ത്ര വകുപ്പിന്റെ സ്ഥാപകൻ.
ദേവ്ദാസ് ഗാന്ധിയുടെ ഏറ്റവും ഇളയ മകനായ ഗോപാലകൃഷ്ണ ഗാന്ധി, ഐ.എ.എസ്. ഓഫീസർ, ഗവർണർ, രാഷ്ട്രപതിയുടെ സെക്രട്ടറി, ദക്ഷിണാഫ്രിക്കയിലെയും ശ്രീലങ്കയിലെയും ഹൈക്കമ്മിഷണർ എന്നിങ്ങനെ ഒട്ടേറെ സ്ഥാനങ്ങൾ അലങ്കരിച്ചു. 2017ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ യു.പി.എ. സ്ഥാനാർത്ഥിയായിരുന്നു.
അങ്ങനെ നോക്കുമ്പോൾ ഗാന്ധിജിയുടെ വംശവൃക്ഷത്തിലെ വഴിതെറ്റിപ്പോയ ഒരു കണ്ണി മാത്രമാണ് ഹരിലാൽ ഗാന്ധി എന്ന് പറയേണ്ടിവരും. ചരിത്രത്തിൽ എവിടെയും കാണുമെല്ലോ ഇത്തരം അപഭ്രംശങ്ങൾ. അതുപോലെ ഗാന്ധിയുടെ അതീതീവ്രമായ ആശയ ദൃഢതകൊണ്ട് ബുദ്ധിമുട്ടിയവർ കസ്തൂർബയും, ഹരിലാലുമായിരുന്നു. അവരുടെ നഷ്ട ബാല്യവും യൗവനവും കൂടി ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ വരവുവെക്കേണ്ടതുണ്ടെന്ന് പല ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വാൽക്കഷ്ണം: ഗാന്ധിജിയുടെ മക്കൾ ആരും തന്നെ കാര്യമായി രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല എന്ന് ഓർക്കണം. ഇപ്പോൾ നെഹ്റു കുടുബമാണ് ഗാന്ധിയെന്ന പേര് പോലം ഉപയോഗിക്കുന്നത്. ഇന്ദിരയുടെ ഭർത്താവ് ഫിറോസ് പാഴ്സി കുടുംബാഗമായിരുന്നു. ഫിറോസിന് മഹാത്മാ ഗാന്ധിയോടുള്ള തീവ്രമായ ആരാധന കാരണം അദ്ദേഹം തന്റെ സർ നെയിമായ Ghandi-യുടെ സ്പെല്ലിംഗിൽ ചെറിയ മാറ്റം വരുത്തി Gandhi എന്നാക്കി എന്നതാണ് കഥ. അങ്ങനെ ഗന്ധികൾ ഗാന്ധിയായപ്പോൾ യഥാർഥ ഗാന്ധിമാർ കളത്തിന് പുറത്തുമാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ