ഹരിപ്പാട്: വോട്ടിനൊപ്പം ഒരു നോട്ടും കൂടി ചോദിച്ചാണ് ഇവിടുത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദ് വോട്ടർമാരെ സമീപിച്ചത്. ആദ്യമൊക്കെ ഇത് രാഷ്ട്രീയക്കാരന്റെ സ്ഥിരം നമ്പറായി കണ്ട ജനം പക്ഷേ, പ്രസാദ് എന്ന സിപിഐ നേതാവിന്റെ ലാളിത്യത്തിന്റെ യഥാർഥ മുഖം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഇതോടെ ഹരിപ്പാട്ട് മത്സരം കടുക്കുകയാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കുറി ഒരു പാട് വിയർപ്പൊഴുക്കേണ്ടി വരും. ബസിലും നടന്നുമൊക്കെയായി വോട്ട് തേടി നടക്കുന്ന പി. പ്രസാദിനെ വോട്ടർമാർ സഹതാപത്തോടെയാണ് കാണുന്നത്. തനിക്ക് മത്സരിക്കാൻ പണമില്ലെന്ന യാഥാർഥ്യം തുറന്നു പറയാൻ മടികാണിക്കാത്ത പ്രസാദ് ജനഹൃദയങ്ങളിലേക്ക് കടന്നു ചെന്നതും അങ്ങനെ തന്നെ.

'ഇന്നലെ ആദ്യ സന്ദർശനം ചെറുതന പഞ്ചായത്തിലെ കാഞ്ഞിരംതുരുത്ത് മേഖലയിലായിരുന്നു. ഭവന സന്ദർശനം ഏകദേശം പൂർത്തിയായപ്പോൾ ഒരു സ്ത്രീ എന്റെ കൈകൾ വല്ലാതെ ചേർത്തു പിടിച്ചു. അവരുടെ കൈയിലൊരു മുഷിഞ്ഞ അൻപതു രൂപയുമുണ്ടായിരുന്നു. മുണ്ടിന്റെ കോണിലെവിടെയോ കെട്ടിവച്ചിരുന്ന ഒരു പഴയ നോട്ട്. ഇല്ലായ്മകളിൽ നിന്ന് മിച്ചംവച്ച് നിങ്ങൾ തന്ന നോട്ടിന്റെ മൂല്യം, അമ്മേ അതെത്ര വലുതാണെന്ന് പറയാൻ എനിക്ക് വാക്കുകളില്ല...

തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചു കഴിഞ്ഞു. ഒരു സാമ്പത്തിക ഭീമനോടാണ് ഏറ്റുമുട്ടുന്നത്. വമ്പൻ സ്വർണ വസ്ത്ര വ്യാപാരികളുടേതെന്ന പോലെ ഡസൻ കണക്കിന് ബോർഡുകൾ യു.ഡി.എഫ് സ്ഥാനാർത്ഥിയുടേതായി മണ്ഡലത്തിൽ നിറഞ്ഞു കഴിഞ്ഞു. ബോർഡൊന്നിന് രണ്ടുലക്ഷം വരെയാണ് ചെലവ്. എൽ.ഡി.എഫിന്റെ ഒരു നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ആലോചിക്കാൻ പോലും കഴിയാത്ത തുകയാണിത്. എനിക്കെതിരെ മത്സരിക്കുന്ന പ്രധാന സ്ഥാനാർത്ഥിയുടെ ഒന്നാംകിട ബഹുവർണ ചുവരെഴുത്തുകൾ കുറഞ്ഞത് ആയിരമെങ്കിലുമുണ്ട്. ഇതിനോടൊന്നും കിടപിടിക്കുവാൻ നമുക്ക് ഒരിക്കലുമാവില്ല. അങ്ങേയറ്റത്തെ ആത്മാർത്ഥതയുള്ള സഖാക്കൾ മാത്രമാണ് നമ്മുടെ കൈമുതൽ. എണ്ണത്തിൽ കുറവെങ്കിലും ഇതുവരെയുള്ള ചുവരെഴുത്തുകളും മറ്റും അവർ സ്വന്തം പണംകൊണ്ടാണ് നടത്തിയത്.

അതൊന്നും നിങ്ങൾ അറിയണ്ട സഖാവേ എന്നവർ പറയുമെങ്കിലും ഭാരിച്ച തെരഞ്ഞെടുപ്പ് ചെലവത്രയും അവരുടെ തലയിൽ കെട്ടിവച്ച് മാറി നിൽക്കുക സാധ്യമല്ലല്ലോ. പ്രചരണ രംഗത്ത് വലിയ സാമ്പത്തിക പരാധീനതകൾ തന്നെ അനുഭവിക്കേണ്ടി വരുന്നുണ്ട്. വമ്പൻ മുതലാളിമാരുടെയോ മൂലധനശക്തികളുടെയോ പിന്തുണ നമ്മൾ പ്രതീക്ഷിക്കുന്നതേയില്ല. സഹായം തേടാൻ നാം തയ്യാറുമല്ല. ഭാവിയിൽ അവരുടെ ഇച്ഛാനുസരണം പ്രവർത്തിച്ചുകൊള്ളാം എന്ന ബാധ്യതപ്പെടലാണത്. ജനകീയ സഹായത്തിൽ മാത്രമേ നമ്മൾ വിശ്വസിക്കുന്നുള്ളൂ. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രതിനിധിയായാണ് ഞാൻ മത്സരിക്കുന്നത്.അതുകൊണ്ടു തന്നെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സഹായം എല്ലാ തരത്തിലും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസവുമുണ്ട്.

വോട്ടിനൊപ്പം ഒരു നോട്ടുകൂടി ഞങ്ങൾ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പു പ്രചരണവുമായി നിങ്ങളുടെ മുമ്പിലെത്തുന്ന എന്റെയോ എൽ.ഡി.എഫ് പ്രവർത്തകരുടെയോ കയ്യിൽ നിങ്ങളുടെ സംഭാവന അതെത്ര തന്നെ ചെറുതായാലും, എത്ര ചെറിയ നാണയത്തുട്ടാണെങ്കിലും എൽപ്പിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു-പ്രസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

വലിയൊരു ദൗത്യമാണ് പ്രസാദ് ഏറ്റെടുത്തിരിക്കുന്നത്. രമേശ് ചെന്നിത്തല പോലെയൊരു അതികായനോട് ഏറ്റുമുട്ടാൻ പോലും നേതാക്കൾ വിമുഖത കാട്ടുന്നിടത്താണ് വെറും സാധാരണക്കാരനായി പ്രസാദ് എത്തുന്നത്. പ്രചാരണ രംഗത്ത് ഗ്ലാമർ പരിവേഷത്തോടെ നിറഞ്ഞു നിൽക്കുന്ന ചെന്നിത്തലയെ ബോർഡ്, ബാനർ, പോസ്റ്റർ, നോട്ടീസ് തുടങ്ങിയ പ്രചാരണ ഉപാധികളോടെ തോൽപിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് പ്രസാദ് വോട്ടർമാരുടെ ഇടയിലേക്ക് ഇറങ്ങുന്നത്. ചെന്നിത്തലയ്ക്ക് ഈസി വാക്കോവർ പ്രതീക്ഷിച്ചിരുന്നു ഇതുവരെ.

പക്ഷേ, പ്രചാരണ രംഗത്ത് പുതിയ തന്ത്രവുമായി പ്രസാദ് ഇറങ്ങിയതോടെ മത്സരം കടുകട്ടിയായി. മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇടതും വലതും മാറി മാറി ജയിച്ചുവെന്ന് കാണാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 5520 വോട്ടിനാണ് ചെന്നിത്തല ജയിച്ചത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ നേടിയത് 8865 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഹരിപ്പാട് നഗരസഭയും എട്ടു ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും യു.ഡി.എഫിനൊപ്പമാണ്. രണ്ടു ഗ്രാമപഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും എൽ.ഡി.എഫിനുമുണ്ട്. കമ്യൂണിസ്റ്റു പാർട്ടിക്കാർക്കിടയിലെ സൗമ്യസാന്നിധ്യം എപ്പോഴും സിപിഐ പ്രവർത്തകർക്കാണ് ഉണ്ടാവുക.

അതിലൊരാളാണ് പി. പ്രസാദ്. മുല്ലക്കര രത്‌നാകരനെയാണ് ഇക്കാര്യത്തിൽ പ്രസാദ് അനുസ്മരിപ്പിക്കുന്നത്. രാഷ്ട്രീയ-പൊതുപ്രവർത്തനത്തിന് വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ പി. പ്രസാദ് അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. സിപിഐ ജില്ലാ സെക്രട്ടറി ആയിരിക്കുന്ന സമയത്ത് ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയതും പ്രസാദായിരുന്നു.