ഹരിപ്പാട്: മിസ്ഡ്കോളിലൂടെ പരിചയപ്പെട്ട കാമുകിയെ കഴുത്തിൽ ചുരിദാർഷാൾ മുറുക്കി കൊന്ന ശേഷം ദൃശ്യം മോഡലിൽ കുഴിച്ചു മൂടാൻ ശ്രമം. കുഴിയെടുക്കാൻ വിളിച്ച സുഹൃത്ത് പൊലീസിന് വിവരം കൈമാറിയതോടെ കാമുകൻ അറസ്റ്റിലായി. ഭരണിക്കാവ് പുത്തൻപുരയിൽ പടീറ്റതിൽ ഭാനുവിന്റെ മകൾ പുഷ്പകുമാരി(43)യാണ് കൊല്ലപ്പെട്ടത്. ഹരിപ്പാട് പൊത്തപ്പള്ളി ശാന്താഭവനം വേണു(39)വിനെ കൊലപാതകം നടന്ന വാടകവീട്ടിൽനിന്ന് പൊലീസ് അറസ്റ്റ്ചെയ്തു.

വിധവയായ പുഷ്പകുമാരിയും കെട്ടിട നിർമ്മാണത്തൊഴിലാളിയായ വേണുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. വേണു വേറെ വിവാഹിതനാണ്. മൃതദേഹം കുഴിച്ചുമൂടാൻ വേണു സഹായത്തിനു വിളിച്ചയാൾ തന്ത്രപരമായി പിന്മാറി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാക്തർക്കത്തെ തുടർന്ന് ആത്മഹത്യാഭീഷണി മുഴക്കിയ പുഷ്പകുമാരിയെ കൊലപ്പെടുത്തുകയായിരുന്നെന്നു വേണു ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.

ഹരിപ്പാട് നഗരമധ്യത്തിൽ മാധവാ ജങ്ഷന് സമീപത്തെ വീട്ടിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാമുകിയെ കൊലപ്പെടുത്തിയശേഷം രാത്രിയിൽ വേണു സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം കക്കൂസിൽ കുഴിച്ചിടാൻ ശ്രമിച്ചു. സുഹൃത്ത് വിവരം തന്ത്രപൂർവം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് സംഘം വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പുഷ്പകുമാരിയുടെ ഭർത്താവ് പത്തനംതിട്ട മുറിപ്പാറ സ്വദേശി അഞ്ചുവർഷം മുമ്പ് മരിച്ചു. പിന്നീട് ഇവർ ഭരണിക്കാവിലെ കുടുംബവീട്ടിലായിരുന്നു താമസം. സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടെന്നുപറഞ്ഞ് ഇടയ്ക്കിടെ വീട്ടിൽനിന്ന് മാറിത്താമസിക്കാറുണ്ടായിരുന്നു. ഇങ്ങനെ രണ്ടുദിവസം മുമ്പാണ് വേണു വാടകയ്ക്കെടുത്ത വീട്ടിലെത്തിയത്.

ബുധനാഴ്ച രാത്രി പുഷ്പകുമാരിക്ക് വന്ന ഫോൺകോളിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും വേണു ഇത് ചോദ്യംചെയ്തു. തുടർന്ന് പുഷ്പകുമാരി ആത്മഹത്യഭീഷണി മുഴക്കി. ഇതു കേട്ടപ്പോൾ താൻ തന്നെ അതു ചെയ്യാമെന്നു പറഞ്ഞു വേണു പുഷ്പകുമാരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഇതിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. പള്ളിപ്പാട് സ്വദേശി മഹേശൻ എന്ന സുഹൃത്തിനെയാണ് വേണു കുഴിയെടുക്കാൻ വിളിച്ചത്. മൃതദേഹം മറവുചെയ്യാനാണെന്ന് മനസ്സിലായപ്പോൾ പിക്കാസ് എടുത്ത് വരാമെന്നപേരിൽ സ്ഥലംവിട്ട മഹേശൻ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.

പൊലീസ് സംഘം എത്തിയപ്പോൾ വേണു വീട്ടിലുണ്ടായിരുന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും തെളിവെടുത്തു. പൊലീസ് എറണാകുളം ഡപ്യൂട്ടി കമ്മിഷണർ യതീഷ് ചന്ദ്ര സംഭവസ്ഥലം സന്ദർശിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

രണ്ടുവർഷം മുമ്പായിരുന്നു പുഷ്പയും വേണുവും അടുപ്പം തുടങ്ങിയത്്. പിന്നീട് ഇടയ്ക്കിടെ വേണു ഇവരെ താമസസ്ഥലത്ത് വിളിച്ചുവരുത്താറുണ്ടായിരുന്നു. പുഷ്പകുമാരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവർ താത്പര്യം കാട്ടിയിരുന്നില്ലെന്നാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. വേണു കൂലിപ്പണിക്കാരനാണ്. വീട്ടുകാരുമായി ബന്ധമില്ലാതെ വാടകവീടുകളിലായിരുന്നു താമസം.

മൃതദേഹപരിശോധന വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. കഴുത്തിൽ കുരുക്കിട്ട് മുറുക്കിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.