തൃശൂർ: പാലിയേക്കര ടോൾ സംഭവത്തിൽ ആഭ്യന്തരമന്ത്രി രാഷ്ട്രീയം കളിക്കുന്നതായി സംശയമെന്ന് പാലിയേക്കര ടോൾ പ്ലാസ സംഭവുമായി ബന്ധപ്പെട്ട പരാതിക്കാരൻ ഹരി റാം മറുനാടൻ മലയാളിയോട് പറഞ്ഞു. ജനുവരി 7-ാം തീയതി വ്യാഴാഴ്ച, പാലിയേക്കര ടോൾ ബൂത്തിന് സമീപത്തുള്ള സമാന്തര പാതയിൽ വച്ച് രാത്രി 10 മണിക്ക് ശേഷം നടന്ന ചാലക്കുടി ഡിവൈഎസ്‌പി രവീന്ദ്രൻ, തന്നോടും കുടുംബത്തോടും മോശമായി പെരുമാറിയ സംഭവത്തിൽ, ഹരി റാം പിറ്റേദിവസം 8-ാം തീയതി വെള്ളിയാഴ്ച തന്നെ മേലധികാരികൾക്കും, ആഭ്യന്തരമന്ത്രിക്കും ഇമെയിൽ വഴിയും, തപാൽ വഴിയും പരാതി നൽകിയിരുന്നു.

ജനരക്ഷാ യാത്ര എന്ന പേരിൽ യാത്ര നടത്തുന്ന കോൺഗ്രസ് സർക്കാർ ഇങ്ങനെയുള്ള കാര്യങ്ങളിൽ സാധാരക്കാരായ ജനങ്ങളെ എങ്ങനെയാണ് രക്ഷിക്കുന്നതെന്നാണ് പൊതുവിൽ നിലനിൽക്കുന്ന ചോദ്യം. തന്റെ പരാതിയിന്മേൽ നടപടിയെടുക്കും വരെ മുന്നോട്ട് പോകുവാനാണ് ഹരിറാമിന്റെ തീരുമാനം. അതിനു വേണ്ടി സോഷ്യൽ മീഡിയ വഴി പിന്തുണ ആവശ്യപ്പെട്ട് ഹരിറാം ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതോടൊപ്പം താൻ ഇട്ട പോസ്റ്റിൽ കിട്ടിയ സർഗോഡ്കാരന്റെ കമന്റിൽ വിവാദ ഡിവൈഎസ്‌പി കാസർഗോഡ് സ്ഥലം മാറി എത്തിയിട്ടില്ല എന്നു കണ്ടുവെന്നും അതുകൊണ്ട് പാലിയേക്കര സംഭവത്തിൽ അഭ്യന്തരമന്ത്രിയടക്കം സ്വീകരിച്ചിരിക്കുന്നത് മെല്ലെ പോക്ക് നയം ആണോയെന്ന് താൻ സംശയിക്കുന്നതായും ഹരി റാം ആരോപിക്കുന്നു.

സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും ആ പ്രശ്‌നം കേരളം മുഴുവൻ ഏറ്റെടുത്തപ്പോൾ, 10-ാം തീയതി ഞായറാഴ്ച, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സുരേഷ് ബാബു ഹരിറാമിന്റെ മൊഴിയെടുക്കുകയും അന്നേ ദിവസം തന്നെ തൃശ്ശൂർ എസ്‌പി കാർത്തിക്ക് ഹരിറാമിൽ നിന്ന് നേരിട്ടു മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 12-ാം തീയതി ചൊവ്വാഴ്ച വരെ ഇതിൽ നടപടി കാണാത്തതിനാൽ ഹരിറാം ആഭ്യന്തരമന്ത്രിയുടെ മൊബൈൽ ആപ്പ് വഴി വീണ്ടും പരാതിയയച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ സംഭവുമായി ബന്ധപ്പെട്ട ഡിവൈഎസ്‌പിയെ കാസർഗോഡ് ക്രൈം ഡിപ്പാർട്ട്‌മെന്റിലേക്ക് സ്ഥലം മാറ്റി. എന്നാൽ വിശദമായ അന്വേഷണത്തിനു ശേഷം മേൽനടപടിയെടുക്കാമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാൽ ഇതുവരെ അതിൽ ഒരു തീരുമാനവുമായില്ലെന്ന് ഹരിറാം പറയുന്നു.

തന്റെ പരാതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്ന് ചോദിച്ച് പലവട്ടം ആഭ്യന്തരമന്ത്രിക്ക് പിന്നീടും ഇമെയിൽ അയച്ചുവെങ്കിലും മറുപടി കിട്ടിയില്ലെന്നു ഹരി റാം മറുനാടനോട് പറഞ്ഞു. തന്റെ പരാതിയിന്മേൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സുരേഷ്ബാബു, തൃശ്ശൂർ എസ്‌പി കാർത്തിക്കിന് 10-ാം തീയതി തന്നെ റിപ്പോർട്ട് അയച്ചതായും, എസ്‌പിയുടെ റിപ്പോർട്ട് ഐജിക്ക് 11-ാം തീയതി തന്നെ അയച്ചതായും ഇമെയിൽ വഴി മറുപടി കിട്ടി യെന്നും, ഐജി ഹരിറാമിനെ 11-ാം തീയതി തിങ്കളാഴ്ച വിളിച്ചതായും ഹരിറാം പറഞ്ഞു. എന്നാൽ 12-ാം തീയതി, താൽക്കാലികമായി മന്ത്രി ഇങ്ങനെയൊരു സ്ഥലം മാറ്റം നടപടി മാത്രമാണ് എടുത്തതെന്നും പാലിയേക്കര ടോൾ പ്ലാസയിലെ രാഷ്ട്രീയ, ഗുണ്ടാ വിളയാട്ടങ്ങളെ സഹായിക്കുന്നതാണ് ഇങ്ങനെയുള്ള നടപടിയിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും ഹരി പറയുന്നു.

പാലിയേക്കര ടോൾ പ്ലാസക്കാരെ സഹായിക്കാൻ വേണ്ടി സമാന്തര പാത വഴിയിലൂടെയും സഞ്ചാരം തടയുകയായിരുന്നു ചാലക്കുടി ഡിവൈഎസ്‌പി കെ കെ രവീന്ദ്രൻ ചെയ്തത്. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഹരിറാമിനെ അസഭ്യം പറയുകയും ഡ്രൈവിങ് ആർ സി ബുക്ക് പിടിച്ചു വാങ്ങുകയുമാണ് ഉണ്ടായത്. മറുനാടൻ പുറത്തുവിട്ട ഈ വാർത്ത പിന്നീട് ചാനലുകളും പത്രങ്ങളും ഏറ്റെടുക്കുകയാണ് ചെയ്തത്. ഡിവൈഎസ്‌പി പോലൊരു ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവൃത്തി വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു ഈ വിഷയത്തിൽ നിർണ്ണായകമായത്. ഹരിറാം തന്നെയാണ് തന്ത്രപരമായി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. അഞ്ച് മാസം ഗർഭിണിയായ ഭാര്യയും രണ്ടര വയസുകാരൻ മകനുമൊന്നിച്ച് രാത്രി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോകുന്ന വഴിക്കാണ് തന്നെ അവിശ്യമിലാതെ ചാലക്കുടി ഡിവൈഎസ്‌പി തടഞ്ഞത്. ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ഡിവൈഎസ്‌പി അറിയാത്തതുകൊണ്ട് ഈ വിഷയത്തിൽ തനിക്ക് നീതി ലഭിച്ചതെന്ന് ഹരിറാം പറയുന്നു.

സംഭവം സോഷ്യൽ മീഡിയവഴി വൻ വിവാദമായതോടെ ഡിവൈഎസ്‌പി വിളിച്ച് ആർസിബുക്ക് നേരിട്ട് എത്തിക്കാമെന്ന് ഹരിറാമിനെ അറിയിച്ചുു. ആദ്യം എടാ പോടാ എന്ന് ആദ്യം തന്നെ വിളിച്ച ഡിവൈഎസ്‌പി രണ്ടാമത് വിളിച്ചപ്പോൾ സമാവായ മാർഗ്ഗത്തിലാണ് സംസാരിച്ചത്. വേറെ ആവിശ്യത്തിന് അവിടെ വന്നപ്പോൾ സംഭവിച്ച കാര്യമാണിത്. എന്തിനാണ് ഇതിന്റെ വീഡിയോ എടുത്തതെന്നുമാണ് അദ്ദേഹം തിരക്കിയത്. എന്നാൽ ഗർഭിണിയായ ഭാര്യയ്ക്കും മകനുമൊത്താണ് യാത്ര ചെയ്തതെന്ന പരിഗണനയെങ്കിലും തനിക്ക് ഉദ്യോഗസ്ഥൻ നൽകേണ്ടതായിരുന്നു എന്നാണ് ഹരിറാം പറയുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതും. തനിക്കു സംഭവിച്ചത് മറ്റാർക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഹരിറാമിന്റെ തീരുമാനം. വടക്കാഞ്ചേരി പഞ്ചായത്ത് ഓഫിസിൽ കയറി സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്നു മുൻപു രവീന്ദ്രനെതിരെ പരാതിയുണ്ടായിരുന്നു. ഇതു നടന്നു വൈകാതെയാണു ചാലക്കുടിയിലേക്കു സ്ഥലം മാറ്റിയത്.