- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നല്ല തുകയുടെ പോളിസി ചേർന്ന ശേഷം പരാതി നൽകിയ അയൽവാസിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യ്; അപ്പോൾ ബാങ്ക് വായ്പ എഴുതി തള്ളും കുടുംബത്തിന് പണം ലഭിക്കുകയും പരാതി നൽകിയ അയൽവാസി അകത്താകുകയും ചെയ്യും! ഇത് ഹാരീസ് ബുദ്ധി; നികുതി പണത്തിലെ കളിയാക്കലും ജോബിന് സഹിച്ചില്ല; കൈക്കൂലിക്കാരൻ ഹാരീസ് കുടുങ്ങിയ കഥ
കോട്ടയം: റബർ റീട്രെഡിങ് സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കുന്നതിനു യുവ വ്യവസായിയിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ. എം. ഹാരിസിന്റേത് ഞെട്ടിക്കുന്ന അഴിമതി കഥകൾ. ഇയാൾക്ക് കോടികളുടെ അനധികൃത സമ്പാദ്യം ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തി. പണമായി 16.89 ലക്ഷം രൂപ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്തത് കൂടാതെ 17 ലക്ഷം രൂപ ഒരു ബാങ്കിൽ തന്നെ നിക്ഷേപമുണ്ട്. അനധികൃത സമ്പാദ്യം കണ്ടെത്തുന്നതിനു ആദായ നികുതി വകുപ്പിന്റെ പരിശോധനയും വരും.
ആലുവായിൽ താമസിച്ചിരുന്നത് ഒരു കോടി രൂപയിലധികം വില വരുന്ന ആഡംബര ഫ്‌ളാറ്റിലാണ്. ഇയാൾക്ക് പന്തളത്ത് സ്വന്തമായുള്ള 32 സെന്റ് സ്ഥലവും ഇരുനില വീടും കൂടാതെ തിരുവനന്തപുരം എൻജിനീയറിങ് കോളജിനു സമീപം 2000 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഉൾപ്പെടെ കോടികൾ മതിക്കും. പാലാ -മൂവാറ്റുപുഴ റോഡ് അരികിൽ ടയർ റീട്രെഡിങ് വ്യവസായം നടത്തുന്ന പാലാ പ്രവിത്താനം സ്വദേശി ജോബിൻ സെബാസ്റ്റ്യനിൽ നിന്നാണ് എ.എം.ഹാരിസ് 25,000 രൂപ കൈക്കൂലി വാങ്ങിയത്. ലൈസൻസ് പുതുക്കുന്നതിന് 25,000 രൂപ ജില്ലാ ഓഫിസർ ആവശ്യപ്പെട്ടു. ലൈസൻസ് പുതുക്കാതെ സ്ഥാപനംനിന്നു പോകുന്ന സാഹചര്യത്തിലാണ് ജോബിൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. കൈക്കൂലി ആവശ്യപ്പെടുന്ന വിഡിയോ ദൃശ്യവും ജോബിൻ വിജിലൻസിന് ഹാജരാക്കി.
''ഒരു നല്ല തുകയുടെ പോളിസി ചേർന്ന ശേഷം പരാതി നൽകിയ അയൽവാസിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യ്, അപ്പോൾ ബാങ്ക് വായ്പ എഴുതി തള്ളും കുടുംബത്തിന് പണം ലഭിക്കുകയും പരാതി നൽകിയ അയൽവാസി അകത്താകുകയും ചെയ്യും.'' ഹാരിസിന്റെ ഈ വാക്കുകളാണ് പരാതിക്കാരനെ വിജിലൻസിന് മുമ്പിൽ എത്തിച്ചത്. ഐടി കമ്പനിയിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചത്. ഇതാണ് ഹാരീസിന്റെ കൈക്കൂലി മോഹം തകർക്കാൻ ശ്രമിച്ചത്.
ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് എല്ലാ വാഹനങ്ങളുടെയും ടയറുകൾ റീട്രെഡിങ് നടത്തുന്ന യൂണിറ്റാണ് ആരംഭിച്ചത്. കൈവശം ഉണ്ടായിരുന്ന 40 ലക്ഷം രൂപയും ബാക്കി ബാങ്ക് വായ്പയും എടുത്തു. 24 മണിക്കൂറും പ്രവർത്തിച്ചാൽ മാത്രമേ യൂണിറ്റ് ലാഭകരമായി പോകുകയുള്ളൂ. എന്നാൽ അയൽവാസിയുടെ പരാതിയെ തുടർന്ന് പകൽ മാത്രമാക്കി പ്രവർത്തനം പരിമിതപ്പെടുത്തി. പരാതിയിൽ കഴമ്പില്ലെന്ന് ജില്ലാ മലിനീകരണ ബോർഡ് പരിശോധനയിൽ കണ്ടെത്തിയിട്ടും കോടതിയിൽ പോയി.
മൂന്നു ദിവസം നീണ്ട പരിശോധനയിലും ശബ്ദ മലിനീകരണം കണ്ടെത്താനായില്ലെന്ന് ജോബിൻ പറയുന്നു. എന്നിട്ടും ലൈസൻസ് പുതുക്കുന്നതിനു മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാ ഉദ്യോഗസ്ഥർ തയാറായില്ല. കഴിഞ്ഞ 13ന് ദിവസം മുൻപ് ജില്ലാ ഓഫിസിൽ എത്തി ലൈസൻസ് പുതുക്കുന്നതിനു ഹാജരാക്കാൻ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഹാരിസും അസിസ്റ്റന്റ് ഓഫിസറും ചേർന്ന് ആത്മഹത്യ ചെയ്യാൻ പറഞ്ഞു പരിഹസിച്ചുവെന്നും ജോബിൻ പറയുന്നു.
വിജിലൻസ് എസ്‌പി വി.ജി. വിനോദ് കുമാർ ഡിവൈഎസ്‌പി കെ.എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഹാരിസിന് കെണി ഒരുക്കിയത്. ജോബിൻ കൈക്കൂലിയായി നൽകിയ നോട്ടുകളുടെ നമ്പർ വിജിലൻസ് രേഖപ്പെടുത്തി. കൈമാറിയ നോട്ടുകളിൽ ഫിനോഫ്തലിൻ പൊടി പുരട്ടി കൈക്കൂലിയായി നൽകുകയായിരുന്നു. ജില്ലാ ഓഫിസർ ഈ പണം വാങ്ങി മേശയ്ക്കു ഉള്ളിലേക്ക് ഇട്ടതിനു പിന്നാലെ പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം ഹാരിസിനെ അറസ്റ്റ് ചെയ്തു.
ജോബിൻ സെബാസ്റ്റ്യൻ 2016 ജൂൺ മാസത്തിലാണ് ഒരു കോടി രൂപ ചെലവിൽ ആധുനിക യന്ത്രസംവിധാനങ്ങളിൽ ടയർ റീട്രെഡിങ് സ്ഥാപനം തുടങ്ങിയത്. എന്നാൽ ഈ സ്ഥാപനത്തിൽ നിന്നുള്ള ശബ്ദ മലിനീകരണം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കാണിച്ച് അയൽവാസി ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകി. ഈ പരാതിയിൽ അന്നത്തെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി ശബ്ദ മലിനീകരണമില്ലെന്ന് റിപ്പോർട്ട് നൽകി.
എന്നാൽ അയൽവാസി കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതി നിർദ്ദേശപ്രകാരം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തുടർച്ചയായി മൂന്നു ദിവസം യന്ത്രസഹായത്താൽ ശബ്ദതീവ്രത പരിശോധിച്ചു. എന്നാൽ ഇവിടെനിന്നുള്ള ശബ്ദ തീവ്രത ശബ്ദ മലിനീകരണത്തിനു താഴെയാണെന്നു കണ്ടെത്തിയതായി ജോബിൻ പറയുന്നു. എന്നാൽ ജില്ലാ എൻജിനീയർ ഈ റിപ്പോർട്ട് കോടതിയിൽ നൽകിയില്ല. ഇതുകൂടാതെ 24 മണിക്കൂറും പ്രവർത്തിക്കേണ്ട പ്ലാന്റിന്റെ സമയം പകൽ മാത്രമാക്കി മലിനീകരണ നിയന്ത്രണ ബോർഡ് വെട്ടിച്ചുരുക്കി.
റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന ജില്ലാ എൻജിനീയർ ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകാത്തതിനാൽ കോടതിയിൽ റിപ്പോർട്ട് നൽകിയില്ല. 15 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി റിപ്പോർട്ട് ആറ് മാസം പിന്നിട്ടിട്ടും ഹാജരാക്കാതെ വന്നതോടെ ജോബിൻ മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ കോടതി അലക്ഷ്യ കേസ് ഫയൽ ചെയ്തു. ഈ കേസിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചു.
തുടർന്ന് ലൈസൻസ് പുതുക്കേണ്ട സമയം ആയി. ഈ സമയം അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭരണങ്ങാനം പഞ്ചായത്ത് സ്റ്റോപ്പ് മെമോയും നൽകി. ലൈസൻസ് പുതുക്കുന്നതിനായി സർട്ടിഫിക്കറ്റ് നൽകുന്നതിനു വീണ്ടും ജില്ലാ മലിനീകരണം നിയന്ത്രണ ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും ഫീസ് ഈടാക്കാൻ ആദ്യം വിസമ്മതിച്ചു. എന്നാൽ വ്യവസായ മന്ത്രിയുടെ അദാലത്തിൽ അടക്കം പരാതി നൽകിയതോടെ ഫീസ് വാങ്ങാൻ തയാറായി. എന്നാൽ ലൈസൻസ് നൽകാതെ ഉദ്യോഗസ്ഥർ വീണ്ടും കാലതാമസം വരുത്തി. പിന്നീട് കൈക്കൂലി ആവശ്യവും.
ഐ.ടി. മേഖലയിൽ പ്രവർത്തിച്ചിരുന്ന ജോബിൻ അതിൽനിന്ന് സമ്പാദിച്ചതിനൊപ്പം 25 ലക്ഷം രൂപ വായ്പയുമെടുത്താണ് സ്ഥാപനം തുടങ്ങിയത്. അയൽക്കാരൻ നിരന്തരം പരാതികൾ അയച്ചതോടെ പരിശോധനകളും സ്ഥാപനനടത്തിപ്പിന് തടസ്സവും വന്നു. ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരിയിൽ കോടതി നൽകിയ നിർദ്ദേശങ്ങൾ മലിനീകരണനിയന്ത്രണ ബോർഡ് പാലിച്ചില്ല. തുടർന്ന് ജോബിൻ കോടതിയലക്ഷ്യത്തിന് കോടതിയെ വീണ്ടും സമീപിച്ചു. പൂർണമായി വിധി നടപ്പാക്കാതെ ഉദ്യോഗസ്ഥൻ വട്ടംചുറ്റിച്ചു.
'കോടതിവഴിയല്ലേ നീക്കം, ഇനി കോടതിയുത്തരവുവഴി മുന്നോട്ടുപോകുന്നത് ഒന്നു കാണട്ടെ' എന്നായിരുന്നു ഹാരീസിന്റെ ഭീഷണിയെന്ന് ജോബിൻ പറഞ്ഞു. സർക്കാരുദ്യോഗസ്ഥൻ കോടതിയുത്തരവ് പാലിക്കാതെ കളിക്കുന്നത് കണ്ടതോടെയാണ് മറ്റുനടപടികളിലേക്ക് പോയത്. മുഴുവൻ സമയം പ്രവർത്തിക്കാൻ അനുമതി ലഭിച്ചാൽ സർക്കാരിന് ലഭിക്കുന്ന നികുതിയുടെകാര്യം പറഞ്ഞപ്പോൾ, നികുതി നൽകുന്നതൊന്നും തങ്ങളുടെ വിഷയമല്ലെന്ന നിലപാട് സ്വീകരിച്ചു. നികുതിപ്പണംകൊണ്ടാണ് സർക്കാർ ശമ്പളം തരുന്നതെന്ന് പറഞ്ഞപ്പോൾ കളിയാക്കി. ഇതോടെയാണ് പോരാട്ടം കടുപ്പിക്കാൻ ജോബിൻ തീരുമാനിച്ചത്.
അറസ്റ്റിലായ ഹാരീസിന്റെ ആലുവയിലെ ഫ്‌ളാറ്റിൽ പണം അടുക്കിവെച്ചിരിക്കുന്നത് അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചു. അടുക്കളയിലും അതിലെ അലമാരയിലുമൊക്കെയായിരുന്നു ഇയാൾ പണം ശേഖരിച്ചുവെച്ചിരുന്നത്. 17 ലക്ഷം രൂപ വരുമിത്. ബുധനാഴ്ച വിജിലൻസ് അറസ്റ്റുചെയ്ത ഹാരീസിനെ വ്യാഴാഴ്ച കോടതി റിമാൻഡുചെയ്തു. ആലുവയിലെ ഫ്‌ളാറ്റിൽ പരിശോധന വ്യാഴാഴ്ച പുലർച്ചെവരെ നീണ്ടു. സ്വത്തുവിവരങ്ങളുടെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. സർക്കാർവാഹനം ദുരുപയോഗംചെയ്തതിനും ഹാരീസിനെതിരേ മുമ്പ് പരാതിയുയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ