- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിസിന്റെ ഭാര്യ നസ്ലീനും ഷൈബിനും തമ്മിൽ പുലർത്തിയത് രഹസ്യബന്ധം; ഈ ബന്ധം ഹാരിസ് കൈയോടെ പിടികൂടി; മകൻ ജീവിച്ചിരിക്കുന്നത് നസ്ലീനയ്ക്കും ഷൈബിനും തടസ്സമായിരുന്നു; ഹാരിസിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ചു മാതാവ്; ഓട്ടോ ഡ്രൈവറിൽ നിന്നും 300 കോടി ആസ്തി നേടിയ ഷൈബിൻ ഒരു സീരിയൽ കില്ലറോ?
കോഴിക്കോട്: നിലമ്പൂരിൽ വൈദ്യനെ അതിക്രൂരമായി കൊലപ്പെടുത്തി കഷ്ണങ്ങളായി തോട്ടിലെറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഒരു സീരിയൽ കില്ലറാണോ? വെറും ഓട്ടോറിക്ഷാക്കാരനിൽ നിന്നും 300 കോടി ആസ്തിയുള്ള സമ്പന്നനായി ഇയാൾ മാറിയത് എത്രപേരെ കൊന്നുതള്ളിയാണ്? നടുക്കുന്ന വിവരങ്ങളാണ് സുൽത്താൻ ബത്തേരി സ്വദേശിയായ ഷൈബിൻ അഷ്‌റഫിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത്. നിരവധി കൊലപാതക കേസുകളിൽ സംശയ നിഴലിലാൽ ആയ ഇയാൾ മുൻ ബിസിനസ് പാർട്ട്‌നറെയും കൊന്നുതള്ളിയെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഈ സംശയം ബലപ്പെടുത്തുന്ന ആരോപണങ്ങളുമായി കുടുംബം രംഗത്തുവന്നു.
കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയും പ്രവാസി വ്യവസായിയുമായിരുന്ന ഹാരിസിന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഷൈബിൻ അഷ്റഫാണ് ഹാരിസിന്റെ കൊലപാതകത്തിന് പിന്നിലെന്നും സംഭവത്തിൽ നീതി ലഭിക്കണമെന്നും ഹാരിസിന്റെ മാതാവ് സൈറാബി മാധ്യമങ്ങളോട് പറഞ്ഞു. ഹാരിസിന്റെ ഭാര്യയുമായി ഷൈബിനുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നും ഇവർ ആരോപിച്ചു.
ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് ഭാര്യ നസ്ലീനുമായി ഷൈബിൻ രഹസ്യബന്ധം പുലർത്തിയിരുന്നത് ഹാരിസ് അറിഞ്ഞു. ഈ ബന്ധം ഹാരിസ് കൈയോടെ പിടികൂടി. ഇതിനുശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഹാരിസിനെതിരേ ഷൈബിൻ നേരത്തെ ക്വട്ടേഷൻ നൽകിയിരുന്നു. മകൻ ജീവിച്ചിരിക്കുന്നത് നസ്ലീനയ്ക്കും ഷൈബിനും തടസ്സമായിരുന്നു. നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് മകൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സൈറാബി ആരോപിച്ചു.
പണവും സ്വാധീനവുമുള്ള ആളാണ് ഷൈബിൻ. അയാളെ ഭയന്നിട്ടാണ് ഇത്രയുംകാലം പരാതി നൽകാതിരുന്നത്. ഞങ്ങൾക്ക് നീതി വേണം. ഹാരിസിന്റെ മൃതദേഹം റീപോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും സൈറാബി പറഞ്ഞു. 2020 മാർച്ചിലാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹാരിസും ഷൈബിനും നേരത്തെ ഗൾഫിൽ ബിസിനസ് പങ്കാളികളായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് നിലമ്പൂരിൽ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ ഷൈബിൻ അഷ്റഫ് പിടിയിലായതോടെയാണ് ഹാരിസിന്റെ മരണത്തിലും സംശയമുണർന്നത്.
കേസിലെ കൂട്ടുപ്രതികൾ നൽകിയ പെൻഡ്രൈവിൽ ഹാരിസിനെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ബ്ലൂപ്രിന്റുകളും അടങ്ങിയിരുന്നു. ഹാരിസിനെ കീഴ്പ്പെടുത്തി വകവരുത്തേണ്ട പദ്ധതിയുടെ പലഘട്ടങ്ങളാണ് പ്രിന്റെടുത്ത് സൂക്ഷിച്ചിരുന്നത്. ഈ പ്രിന്റുകളുടെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്. ഹാരിസിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ. കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് കമ്മീഷണർക്കും മലപ്പുറം എസ്‌പി.ക്കുമാണ് പരാതി നൽകിയിട്ടുള്ളത്.
ദീപേഷിന്റെ മരണത്തിലും ആരോപണ വിധേയൻ
ഹാരീസിന്റെ മരണം കൂടാതെ സുൽത്താൻ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തിലും ഷൈബിൻ അഷ്‌റഫ് ആരോപണ വിധേയനായിട്ടുണ്ട്. ദൊട്ടപ്പൻകുളം പുതിയവീട്ടിൽ ദീപേഷ് (36) ന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ജിസ ശനിയാഴ്ച ബത്തേരി ഡിവൈ.എസ്‌പി.ക്ക് പരാതിനൽകി. ഏഴുവർഷം മുമ്പ് ബീനാച്ചിയിൽനടന്ന വടംവലി മത്സരത്തിനിടെയുണ്ടായ തകർക്കവുമായി ബന്ധപ്പെട്ട് ഷൈബിൻ അഷ്‌റഫിന്റെ ഗുണ്ടകൾ ദീപേഷിനെ തട്ടിക്കൊണ്ടുപോയി മർദിച്ചിരുന്നു. ഇതിനെതിരേ ദീപേഷിന്റെ പരാതിയിൽ ഷൈബിനെതിരേ ബത്തേരി പൊലീസ് കേസെടുത്തിരുന്നു.
2020 മാർച്ച് നാലിന് വൈകുന്നേരമാണ് ദീപേഷിനെ കർണാടകയിലെ കുട്ടയിലുള്ള കാപ്പി എസ്റ്റേറ്റിലെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മീൻ പിടിക്കുന്ന വലയിൽ കാൽകുരുങ്ങി മുങ്ങിമരിച്ചുവെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ, നീന്തലറിയാവുന്ന ദീപേഷ് മുങ്ങിമരിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ബന്ധുക്കൾ. എസ്റ്റേറ്റിലെ കാപ്പി നനയ്ക്കുന്നതിനുള്ള ജോലിക്കായാണ് സുഹൃത്ത് പ്രസാദിനൊപ്പം ദീപേഷ് കുട്ടയിലെത്തിയത്. മരണത്തിന് ഒരാഴ്ചമുമ്പ് സുഖമില്ലാത്തതിനെ തുടർന്ന് പ്രസാദ് നാട്ടിലേക്ക് തിരിച്ചുവന്നിരുന്നു. മരിക്കുന്നതിന്റെ അന്ന് വൈകുന്നേരവും ഭാര്യയോടും സുഹൃത്തുക്കളോടും ദീപേഷ് വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഇതുകഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിലാണ് ദീപേഷിന്റെ മരണവാർത്ത അറിയിക്കുന്നത്.
എസ്റ്റേറ്റിലെ രണ്ട് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വലിയ കുളത്തിലാണ് ദീപേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ കുളത്തിൽ ദീപേഷ് മുമ്പ് പലതവണ നീന്തുകയും ഇറങ്ങി മീൻപിടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കുത്തൊഴുക്കുള്ള പുഴ നീന്തിക്കടന്നിട്ടുള്ള ദീപേഷിന് ഇത്തരത്തിലൊരു അപകടമുണ്ടാവാൻ സാധ്യതയില്ലെന്നാണ് സഹോദരൻ ദിലീപ് പറയുന്നത്. കർണാടകയിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിന്റെ റിപ്പോർട്ടുകളൊന്നും ബന്ധുക്കൾ കണ്ടിട്ടില്ല. ദീപേഷിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിലാണ് കോവിഡ് വ്യാപനവും ലോക്ഡൗണുമെല്ലാമുണ്ടായത്. അന്തസ്സംസ്ഥാന യാത്രകൾക്കടക്കം നിയന്ത്രണമേർപ്പെടുത്തിയിരുന്നതിനാൽ മരണത്തിന്റെ കാരണമന്വേഷിച്ച് കർണാടകയിലേക്ക് പോകാനായില്ലെന്നും ദീപേഷിന്റെ സഹോദരൻ പറഞ്ഞു.
ദീപേഷിന്റെ മരണസമയത്ത് തോട്ടത്തിലുണ്ടായിരുന്ന ഊമയായ കർണാടക സ്വദേശിയായ കൗമാരക്കാരനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായും ഈ മരണത്തിലും ദുരൂഹതയുണ്ടെന്നും ദീപേഷിന്റെ സുഹൃത്തുകൾ പറഞ്ഞു. ബീനാച്ചിയിൽ നടന്ന വടംവലി മത്സരത്തിൽ ഷൈബിൻ അഷ്‌റഫ് സ്പോൺസർ ചെയ്ത ടീം മത്സരിച്ചിരുന്നു. മത്സരം കാണാനെത്തിയ ദീപേഷും സുഹൃത്തുക്കളും ഷൈബിന്റെ ടീം പരാജയപ്പെടുമെന്ന് പന്തയംവെച്ചിരുന്നു. മത്സരത്തിൽ ഷൈബിന്റെ ടീം പരാജയപ്പെട്ടതോടെ, ദീപേഷും ഷൈബിന്റെ കൂട്ടാളികളും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് അർധരാത്രി രണ്ടു മണിയോടെയാണ് ഷൈബിന്റെ കൂട്ടാളിയും ഇപ്പോൾ അറസ്റ്റിലുമായ നൗഷാദ് ദീപേഷിനെ വീട്ടിൽനിന്നും പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് അമ്മ കനക പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ടും കാണാതായതോടെ റോഡിലേക്ക് ചെന്ന് നോക്കിയപ്പോൾ ദീപേഷിന്റെ വായിൽ തുണിതിരുകി, വെളുത്ത കാറിൽ കയറ്റിക്കൊണ്ടുപോകുന്നതാണ് കനക കണ്ടത്.
പുത്തൻകുന്നിലെ ഷൈബിന്റെ പണിനടക്കുന്ന ആഡംബര വസതിയിലെത്തിച്ചാണ് ദീപേഷിനെ മർദിച്ചത്. ക്രൂരമർദനം സഹിക്കാനാവാതെ, മരിച്ചതുപോലെ കിടന്നപ്പോഴാണ് ഷൈബിന്റെ കൂട്ടാളികൾ ബീനാച്ചി എസ്റ്റേറ്റിന്റെ കാപ്പിത്തോട്ടത്തിൽ ദീപേഷിനെ കൊണ്ടുവന്നിട്ടത്. കൈയിന്റെ എല്ല് പൊട്ടുകയും ദേഹമാസകലം പരിക്കേൽക്കുകയുംചെയ്ത ദീപേഷ് കുറെനാൾ ചികിത്സയിലായിരുന്നു. ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. റിട്ട. എസ്‌ഐ.യടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ഈ കേസ് ഒത്തുതീർപ്പാക്കിയതെന്നും കേസ് പിൻവലിക്കുന്നതിനായി ദീപേഷിന് അഞ്ച് ലക്ഷം രൂപ ഷൈബിൻ നൽകിയതായും ബന്ധുക്കൾ പറഞ്ഞു.
ഷൈബിന്റെ കയ്യിൽ അത്ഭുത വിളക്കോ? ഓട്ടോറിക്ഷാക്കാൻ ആസ്തി ഉയർത്തിയത് 300 കോടിയായി
ഷൈബിൻ അഷ്റഫിന്റെ സാമ്പത്തിക വളർച്ച കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു. തനിക്ക് 300 കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്നാണ് ചോദ്യംചെയ്യലിൽ ഷൈബിൻ തന്നെ വെളിപ്പെടുത്തിയത്. ബത്തേരിയിൽ ഓട്ടോറിക്ഷ ഓടിച്ചും ലോറി ക്ലീനറായും അല്ലറച്ചില്ലറ അടിപിടിയുമൊക്കെയായി നടന്നിരുന്ന ഷൈബിൻ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് കോടീശ്വരനും പ്രവാസി വ്യവസായിയുമൊക്കെയായി മാറിയത്. അതിനാൽ ഷൈബിന്റെ സാമ്പത്തിക സ്രോതസ്സും അന്വേഷണ പരിധിയിലാണ്.
ഷൈബിന്റെ പൊടുന്നനെയുള്ള സാമ്പത്തികവളർച്ചയും കച്ചവടവുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞതാണ്. നാട്ടിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫിലേക്ക് വണ്ടികയറിയ ഷൈബിന്റെ വളർച്ച അത്ഭുതകരമായ രീതിയിലായിരുന്നു. ഒരു പതിറ്റാണ്ടുമുമ്പ് സാധാരണ തൊഴിലാളിയായി ഗൾഫിലേക്കുപോയ ഷൈബിനിപ്പോൾ കോടികളുടെ ആസ്തിയുണ്ട്.
സുൽത്താൻ ബത്തേരിക്കടുത്ത് പുത്തൻക്കുന്നിൽ ഷൈബിൻ പണിതുകൊണ്ടിരിക്കുന്നതുകൊട്ടാര സദൃശ്യമായ മാളികയാണ്. വയനാട് ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽനിന്നാണ് കോടിപതിയിലേക്കുള്ള യാത്ര ഷൈബിൻ അഷ്റഫ് തുടങ്ങുന്നത്. കുറച്ചുകാലം ബത്തേരിയിലെ ലോറിയിൽ ക്ലീനറായും പിന്നീട് ഓട്ടോറിക്ഷ ഓടിച്ചും ഉപജീവനം കണ്ടെത്തി. ഇതിനിടെ മാതാവ് ജോലി തേടി ഗൾഫിലേക്ക് പോയി. ആ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഷൈബിനും പ്രവാസ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീടുള്ള വളർച്ച അതിവേഗമായിരുന്നു. മൈതാനിക്കുന്നിലെ കുടിലിൽനിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലേയും മാന്തുണ്ടിക്കുന്നിലേയും വലിയ വാടക വീടുകളിലേക്ക് കുടുംബം താമസം മാറി.
ഗൾഫിൽനിന്നും പണമൊഴുകിത്തുടങ്ങിയതോടെ ഏഴ് വർഷം മുമ്പ് ബത്തേരി പുത്തൻകുന്നിൽ ഊട്ടി റോഡിൽ ആഡംബര വസതിയുടെ നിർമ്മാണം ആരംഭിച്ചു. 20,000 ചതുരശ്രയടിക്കടുത്ത് വിസ്തീർണമുള്ള ഈ വീടിന്റെ നിർമ്മാണം പത്തുവർഷമാകാറായിട്ടും പൂർത്തിയായിട്ടില്ല. 20 കോടിയിലേറെ രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇടക്കാലത്ത് കെട്ടിടത്തിന്റെ പണികൾ നിലച്ചുപോയിരുന്നെങ്കിലും അടുത്തിടെ പുനരാരംഭിച്ചിരുന്നു. എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങൾ ഗൾഫിലുണ്ടെന്നാണ് ഷൈബിൻ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.
ഗൾഫിൽ നിന്നും പണം ഒഴുക്കി നാട്ടിൽ ആളാകാനും ഷൈബിൻ ശ്രമിച്ചു. പണക്കൊഴുപ്പിൽ നാട്ടിലെ യുവാക്കളെ ഒപ്പംകൂട്ടി ഒരുസംഘം തന്നെ ഷൈബിൻ രൂപീകരിച്ചിരുന്നു. ഇതിൽ ചിലരെ ഷൈബിൻ ഗൾഫിലേക്ക് കൊണ്ടുപോയിരുന്നു. ഗൾഫിൽനിന്നും ഇടയ്ക്കിടെ നാട്ടിലെത്തുന്ന ഷൈബിൻ, ആഡംബരവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ അകമ്പടിവാഹനങ്ങളിൽ ഈ ചെറുപ്പക്കാർ അംഗരക്ഷകരെന്നപോലെ കൂടെയുണ്ടാകുമായിരുന്നു. 2014-15 കാലങ്ങളിൽ ബത്തേരി മേഖലയിൽനിന്ന് ഒട്ടേറെ ചെറുപ്പക്കാരെ ഷൈബിൻ ഗൾഫിലേക്ക് ജോലിക്കായി കൊണ്ടുപോയിരുന്നു. കൈപ്പഞ്ചേരി, റഹ്മത്ത് നഗർ എന്നിവിടങ്ങളിലുള്ള ചെറുപ്പക്കാരായിരുന്നു ഇതിലധികവും. 2018-19 വർഷത്തോടെ ഇതിൽ പലരും നാട്ടിലേക്ക് തിരിച്ചെത്തി.
ബത്തേരി പൊലീസിന്റെ ഗുണ്ടാപട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായി അടിപിടികളിലൂടെ ഷൈബിൻ ക്വട്ടേഷൻ ബന്ധങ്ങളും തുടങ്ങി. സംഘത്തിലുള്ളവരെ പല ബിസിനസുകളും ഏൽപ്പിച്ചു. അക്കാലത്തുതന്നെ സംഘാഗങ്ങളിൽ പലരും ഷൈബിനെതിരേ തിരിഞ്ഞുതുടങ്ങി. എതിർ ശബ്ദങ്ങളെ അനായാസം അടിച്ചമർത്താൻ ഷൈബിനിലെ കുശാഗ്രബുദ്ധിക്കാരന് കഴിഞ്ഞു. അതിനിടെ ഷൈബിന് വൃക്കരോഗം അലട്ടിതുടങ്ങി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രികയയ്ക്ക് ശേഷം ബിസിനസിൽ സജീവമായപ്പോഴാണ് അബുദാബിയിൽ കേസിൽപ്പെടുന്നത്. രണ്ടു വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞു. കേസിൽ കുടുങ്ങിയതോടെയാണ് വയനാട്ടിലെ വീടുപണി നിലച്ചത്. പിന്നീട് ജയിൽവിട്ട് കേരളത്തിലെത്തിയ ഷൈബിൻ ഏഴുവഷം മുമ്പ് നിലമ്പൂരിൽ രണ്ട് കോടിയുടെ വീട് വാങ്ങി താമസം തുടങ്ങി. ഇക്കാലയളവിൽ ഷൈബിന് വേണ്ടി നടത്തിയ കുറ്റകൃത്യങ്ങളെല്ലാം സംഘാംഗങ്ങൾ വെളിപ്പെടുത്തിയതോടെയാണ് ഒടുവിൽ കുടുങ്ങിയത്.
യുവാക്കളെ കൂട്ടിയിണക്കി ക്വട്ടേഷന് സംഘവും
ഷൈബിന്റെ സ്റ്റാർ വൺ ഗ്രൂപ്പ് എന്ന പേരിലുള്ള വ്യാപാരശൃംഖല ഒരു ക്വട്ടേഷൻ സംഘത്തെപ്പോലെയാണ് പ്രവർത്തിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. എതിർക്കുന്നവരെയും ശത്രുതയുള്ളവരെയും ഷൈബിന്റെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോകുകയും മർദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ആക്രമണത്തിനിരയായവർ പൊലീസിൽ പരാതിനൽകുകയും മാധ്യമങ്ങൾക്കുമുമ്പിൽ വെളിപ്പെടുത്തൽ നടത്തുകയും ചെയ്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. അതെല്ലാം സ്വാധീനവും പണവുമുപയോഗിച്ച് തേച്ചുമാച്ചുകളയുകയാണുണ്ടായത്. ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി പണം നൽകുന്നതിനാൽ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമെല്ലാമായി ഷൈബിന് അടുത്തബന്ധമുണ്ട്. ഇതെല്ലാം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ട്. ഏതാനും വർഷംമുമ്പാണ് നിലമ്പൂർ മുക്കട്ടയിൽ ഷൈബിൻ വീടുവാങ്ങി താമസം മാറിയത്.
ഷൈബിൻ അഷ്റഫിന് കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ മുൻ പൊലീസ് ഓഫീസറുടെ ഉപദേശങ്ങൾ ലഭിച്ചിരുന്നുവെന്നു സൂചന. കുറ്റകൃത്യങ്ങളുടെ പഴുതടയ്ക്കാൻ ഷൈബിന് കഴിഞ്ഞത് ഈ ബന്ധം മൂലമാണ്. വയനാട് സ്വദേശിയായ ഈ ഉദ്യോഗസ്ഥൻ ഷൈബിന്റെ വീടുകയറി അക്രമമുണ്ടായശേഷം നിലമ്പൂരിലെത്തിയതായും സൂചനയുണ്ട്. ദരിദ്ര കുടുംബത്തിൽ ജനിച്ച ഷൈബിനെ പിതാവ് ചെറുപ്പത്തിൽ നിലമ്പൂരിൽനിന്ന് വയനാട്ടിലേക്കു കൊണ്ടുപോയി. തിരികെയെത്തിയ ഷൈബിൻ 2005-ൽ വിദേശത്തു ജോലിക്കുപോകുമ്പോഴും സാമ്പത്തികനില മെച്ചമായിരുന്നില്ല.
ആറേഴുവർഷം കഴിഞ്ഞപ്പോഴാണ് സ്ഥിതിയാകെ മാറിയത്. 2013-ൽ മടങ്ങിയെത്തി നിലമ്പൂർ മുക്കട്ടയിൽ വീട് വാങ്ങി. നാട്ടുകാരുമായി വലിയ ചങ്ങാത്തത്തിന് ഷൈബിൻ പോയിരുന്നില്ല. ഏതാനും സുഹൃത്തുക്കൾ മാത്രമേ നിലമ്പൂരിലുണ്ടായിരുന്നുള്ളൂ. അടുത്തകാലത്ത് വിദേശത്തെ ബിസിനസ് തകർന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഷൈബിനെന്ന് അടുപ്പക്കാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ