തൃശൂർ: ആനശല്യത്തിൽ വലയുകയാണ് പാലപ്പിള്ളി എലിക്കോട് തോട്ടം തൊഴിലാളികൾ. ഇതോടെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. രണ്ടു പേർന്ന് കൊല്ലപ്പെട്ടു. ഇന്ന് കൊല്ലപ്പെട്ട സ്ഥലത്തെത്തിയ റേഞ്ച് ഓഫീസറെ നാട്ടുകാരും തോട്ടം തൊഴിലാളികളും തടയുകയും ചെയ്തു.

മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചത് അറിഞ്ഞിട്ടും വനം വകുപ്പ് വേണ്ടരീതിയിൽ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. തൊഴിലാളികൾ കൊല്ലപ്പെട്ട വിവരം അറിയിച്ചിട്ടും വനംവകുപ്പ് എത്താൻ വൈകിയെന്നും നാട്ടുകാർ പറയുന്നത്. സംഭവ സ്ഥലം സന്ദർശിച്ച് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് റേഞ്ച് ഓഫീസറെ നാട്ടുകാർ തടഞ്ഞുവെച്ചത്.

തോട്ടം തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് പാലപ്പിള്ളി മേഖലയിലെ മുഴുവൻ തോട്ടം തൊഴിലാളികളും നാളെ പണിമുടക്കം. ഹിരസണിന് കീഴിലുള്ളതാണ് ഈ തോട്ടം. മറ്റത്തൂർ മുപ്ലിയിലാണ് രണ്ട് ടാപ്പിങ് തൊഴിലാളികൾ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ദിവസങ്ങൾക്കുള്ളിൽ നാലു പേരാണ് മരിച്ചത്.

ഹാരിസൺ മലയാളം കണ്ടായി എസ്റ്റേറ്റിലെ തൊഴിലാളികളായ പീതാംബരൻ, സൈനുദ്ദീൻ എന്നിവരാണ് മരിച്ചത്. ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട വനംവകുപ്പിന്റെ ഭാഗത്ത് വീഴചയുണ്ടായി എന്ന് ആരോപിച്ച് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്.

ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. രണ്ട് ടാപ്പിങ് തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഇരുവരും തത്ക്ഷണം മരിച്ചു. സൈക്കിൾ ചവിട്ടി വരികയായിരുന്ന ഒരാൾ കാട്ടാനയെ കണ്ട് ഓടിയെങ്കിലും പിന്നാലെ ചെന്ന് ആന ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ വേനൽക്കാലത്താണ് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ എത്താറ്. ഇപ്പോൾ മഴക്കാലത്തും പ്രദേശത്ത് കാട്ടാനകൾ എത്തിയതോടെ നാട്ടുകാർ ഭീതിയിലാണ്. പാലപ്പിള്ളി റേഞ്ച് ഓഫീസറുടെ തസ്തിക കഴിഞ്ഞ കുറെ നാളുകളായി ഒഴിഞ്ഞു കിടക്കുകയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാൽ തൊട്ടടുത്ത റേഞ്ച് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ എത്തണം. നാട്ടുകാരുടെ പ്രശ്നം കേൾക്കാൻ റേഞ്ച് ഓഫീസർ ഇല്ലാത്തതാണ് നാട്ടുകാരുടെ അമർഷത്തിന് കാരണം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ കൂടുതൽ ദുസ്സഹമായ ജീവിത സാഹചര്യങ്ങളാണ് ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. സ്വതന്ത്രമായി തൊഴിലെടുക്കാനുള്ള സാഹചര്യം പോലും ഇന്ന് മലയോര പ്രദേശവാസികൾക്ക് ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഫോറസ്റ്റ്കാർ ജീപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാമെന്നല്ലാതെ എന്തെങ്കിലും പദ്ധതികൾ നടപ്പാക്കി ഇത്തരം ജീവികളെ നാട്ടിൻ പ്രദേശങ്ങളിൽ നിന്നകറ്റാൻ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.