- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിതയ്ക്ക് നീതി ലഭിച്ചില്ല, നിലപാട് പറയുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നു; തുറന്നു പറച്ചിലുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്; ഭിന്നത മറ നീക്കി പുറത്തേക്ക്
കോഴിക്കോട്: ഹരിത വിവാദത്തിൽ എംഎസ്എഫിന് ഉള്ളിൽ ഭിന്നത തുടരുന്നു. എംഎസ്എഫ് നേതാക്കൾക്ക് എതിരെ ആക്ഷേപം ഉന്നിയിച്ച ഹരിത കമ്മിറ്റി പിരിച്ച് വിടുകയും പുതിയ നേതൃത്വത്തെ നിയോഗിക്കയും ചെയ്തതിന് പിന്നാലെയാണ് ഭിന്നത മറനീക്കി പുറത്ത് വരുന്നത്. ഹരിതയ്ക്ക് നീതി ലഭിച്ചില്ല എന്ന് തന്നെയാണ് നിലപാടെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ വ്യക്തമാക്കി. ഹരിത വിഷയത്തിൽ മുസ്ലിം ലീഗിന് രണ്ട് നിലപാടുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് ഷൈജൽ നിലപാട് വ്യക്തമാക്കിയത്.
ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് തന്റെ ശബ്ദ രേഖ പുറത്തായതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഷൈജൽ ആരോപിച്ചു. പിന്നാലെയാണ് ഹരിതയ്ക്ക് നീതി ലഭിച്ചില്ല എന്ന് അദ്ദേഹം പ്രതികരിച്ചത്. അഭിപ്രായം പറയുന്നവരെ ടാർഗറ്റ് ചെയ്യുന്ന സ്ഥിതിയാണ് പാർട്ടിയിലുള്ളത്. പുതിയ ഹരിത ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ എംഎസ്എഫ് നേതൃത്വവുമായി കൂടിയാലോചന നടത്തിയില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ആരോപിച്ചു.
നേതാക്കന്മാരെയും എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയെയും പറഞ്ഞ് തമ്മിൽ തെറ്റിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു സമീപനം എടുത്തിട്ടുള്ളത്. ആസൂത്രിതമായ നീക്കം ഉണ്ടായിട്ടുണ്ട്. നിലപാട് സ്വീകരിക്കുന്നവരെ ടാർഗറ്റ് ചെയ്ത് തെറ്റുചെയ്തവരെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. പാർട്ടിക്ക് അകത്ത് അഭിപ്രായം ചെയ്തവരെ പോലും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു. എംഎസ്എഫ് ഗ്രൂപ്പിൽ പോലും അഭിപ്രായം പറയാൻ സാധിക്കുന്നില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് തീരുമാനം എടുക്കുകയും പോഷക സംഘടനകൾ അനുസരിക്കുകയും ചെയ്യുന്ന രീതിക്കെതിരെ എതിർ ശബ്ദം ഉയർന്ന് തുടങ്ങുന്നു എന്ന വ്യക്തമായ സൂചനയാണ് ഷൈജൽ ഉൾപ്പെടെയുള്ളവരുടെ പ്രതികരണത്തിൽ നിന്നും പുറത്ത് വരുന്നത്. ഹരിത വിഷയത്തിൽ എതിർ ശബ്ദങ്ങൾ നിശബ്ദമാക്കാൻ നേതൃത്വം ശ്രമിക്കുമ്പോഴും നിലപാട് കടുപ്പിക്കുന്ന വലിയ ഒരു വിഭാഗം ഇപ്പോഴും സംഘടനയ്ക്ക് ഉള്ളിൽ ഉണ്ടെന്നാണ് വിലയിരുത്തൽ.