- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശനിയാഴ്ച അർധരാത്രി വരെ മൊബൈൽ ഫോൺ ഇടക്കിടെ ഓൺ ആവുകയും പിന്നീട് ഓഫ് ആവുകയും ചെയ്തിരുന്നതായി ബന്ധുക്കൾ; ട്രേസ് ചെയ്ത പൊലീസ് കണ്ടെത്തിയ ടവർ ലൊക്കേഷൻ ശങ്കര മംഗലം; അന്വേഷണം മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ച്; വിഷാദ രോഗത്തിനും മരുന്നു കഴിച്ചിരുന്ന ഹരിതയുടേതു കൊലപാതകമോ?
തൃത്താല: പട്ടാമ്പി പാലത്തിന് താഴെ ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റ് അഴുകിയ നിലയിൽ കണ്ടെത്തി സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ഹരിതയുടെതുകൊലപാതകമാണ് എന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഗുരുവായൂർ കാരക്കാട് കുറുവങ്ങാട്ടിൽ വീട്ടിൽ ഹരിത (28)യെയാണ് മരിച്ച നിലയിൽ ഭാരതപ്പുഴയിൽ കണ്ടെത്തിയത്. യുവതിയുടെ ഒരു കൈപ്പത്തി അറ്റുപോയതും ബാഗുകളും മറ്റും കുറച്ച് അകലെ നിന്നും കണ്ടെത്തിയതും ദുരൂഹത ഉയർത്തുന്നുണ്ട്. കൈ അറ്റുപോയതാണ് കൊലപാതകമാണോ എന്ന സംശയത്തിന് ആക്കം കൂട്ടുന്നത്.
യുവതി എങ്ങനെ പട്ടാമ്പി ഭാഗത്ത് എത്തിയത് എന്തിനെന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. ശനിയാഴ്ച കാലത്ത് ഒൻപതര മുതൽ യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണായാപ്പോൾ മുതൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ടു പോയത്.
യുവതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പട്ടാമ്പി ശങ്കരമംഗലം ഭാഗത്ത് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഈ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിരുന്നില്ല. ശനിയാഴ്ച അർധരാത്രി വരെ മൊബൈൽ ഫോൺ ഇടക്കിടെ ഓൺ ആവുകയും പിന്നീട് ഓഫ് ആവുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ച കാലത്ത് ഒൻപതരയോടെ കാലിമേക്കാൻ പുഴയിൽ ഇറങ്ങിയ നാട്ടുകാരാണ് യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം പുഴയിൽ പുൽക്കാടുകളോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.
ഇവിടെ നിന്നും കുറച്ച് മീറ്ററുകൾ മാറി ഇവരുടെ ബാഗും കുറച്ചകലെ രേഖകളും ഗുളികകളും അടങ്ങിയ മറ്റൊരു കവറും കണ്ടെത്തി. കവറിൽ നിന്നും കണ്ടെത്തിയ ബാങ്ക് രേഖയിലെ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് തൃത്താല പൊലീസ്, പേരാമംഗലം പൊലീസ് എന്നിവർ സ്ഥലത്തെത്തി. യുവതിയുടെ ഏതാനും ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം ഹരിതയുടേയാണെന്ന് തിരിച്ചറിഞ്ഞു. തൃത്താല സ്റ്റേഷൻ ഹൗസ് ഓഫീസർ സി. വിജയകുമാർ, പേരാമംഗലം പൊലീസ് ഇൻസ്പെക്ടർ വി. അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യത്തിൽ വ്യക്തത കൈവരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു. യുവതി വിഷാദ രോഗത്തിന് മരുന്ന് കഴിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഭർത്താവ്: സനീഷ്. അഞ്ച് വയസുകാരൻ ദ്രുപത് മകനാണ്.
മറുനാടന് മലയാളി ബ്യൂറോ