- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളെത്തുമ്പോഴും നിലപാടിൽ ഉറച്ച് ലീഗ്; കൂട്ട രാജിയിലുടെ പ്രതിഷേധം ശക്തമാക്കി എം എസ് എഫും; ചന്ദ്രികയ്ക്ക് പിന്നാലെ ഹരിതയും ലീഗിനെ കുഴയ്ക്കുന്നത് പ്രവർത്തക സമിതിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ
മലപ്പുറം: ലീഗ് പ്രവർത്തക സമിതിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദങ്ങളിൽ നിന്ന് വിവാദത്തിലേക്ക് ലീഗ്. ചന്ദ്രികയെ ചുറ്റിപ്പറ്റിയുള്ള വിവാദം കെട്ടടങ്ങും മുൻപെയാണ് ലീഗിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഹരിത വിവാദം കത്തിക്കയറുന്നത്.നിലപാട് മാറ്റമില്ലാതെ തുടരുന്ന ലീഗിനെതിരെ തുടർരാജിയിലുടെയാണ് എംഎസ്എഫിന്റെ മറുപടി.പാർട്ടി മുഖപത്രം ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിനെതിരായ വിമർശനവും ഹരിത വിവാദവുമെല്ലാം ഉടൻ നടക്കാനിരിക്കുന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതിയിൽ ചർച്ചയാകും.
പ്രവർത്തക സമിതിയുടെ അജൻഡ നിശ്ചയിക്കാൻ ഇന്നലെ ചേർന്ന ഉപസമിതി യോഗമാണു തിരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം സംഘടനയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പ്രവർത്തക സമിതിയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചത്. രേഖയ്ക്ക് അന്തിമ രൂപം നൽകാനായി ഉപസമിതി 28നു വീണ്ടും യോഗം ചേരും. അതിനു ശേഷമായിരിക്കും പ്രവർത്തക സമിതി യോഗം. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ലീഗ് പ്രവർത്തക സമിതി യോഗം ചേർന്നിട്ടില്ല. വിമർശനം ഭയന്ന് നേതൃത്വം യോഗം മനഃപൂർവം വൈകിപ്പിക്കുകയാണെന്നു കഴിഞ്ഞ മാസം ചേർന്ന നേതൃയോഗത്തിൽ ചില അംഗങ്ങൾ തുറന്നടിച്ചിരുന്നു.
ഇത്തരം കലുഷിതമായ സാഹചര്യത്തിൽ നിൽക്കുമ്പോൾ എങ്ങിനെ പ്രതിസന്ധികളെ തരണം ചെയ്യുമെന്നാണ് ലീഗ് തലപുകയ്ക്കുന്നത്.എന്നാലും ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നു ലീഗ് നേതൃത്വം വ്യക്തമാക്കിയിരിക്കുകയാണ്.പാർട്ടിയിൽ അച്ചടക്കത്തിനാണു പ്രാധാന്യമെന്നു വ്യക്തമാക്കിയ ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ.സലാം ഹരിതയ്ക്കെതിരായ നടപടിയിൽനിന്നു പിന്നോട്ടില്ലെന്നു പറഞ്ഞു.ഹരിത ഭാരവാഹികൾ ആരോപണം ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർക്കു ലീഗ് നേതൃത്വം കാരണംകാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.
14 ദിവസത്തിനകം മറുപടി നൽകാനാണു നിർദ്ദേശം. അതുവരെ സംയമനം പാലിക്കണമെന്ന നിർദ്ദേശം ഹരിത നേതാക്കൾക്കു ലീഗ് നേതൃത്വം നൽകിയെന്നാണു സൂചന. ഇതിനുപുറമെ എംഎസ്എഫിൽ കൂട്ടരാജി തുടരുകയാണ്.കഴിഞ്ഞ ദിവസം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.അബ്ദുസമദ് രാജിവച്ചിരുന്നു.ഇതിനു പിന്നാലെയാണ്, കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ എംഎസ്എഫ് യൂണിറ്റ് ഭാരവാഹികൾ രാജി പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളെ അഭിമുഖീകരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി കാലിക്കറ്റ് സർവകലാശാല ക്യാംപസ് കമ്മിറ്റി ഭാരവാഹികളും രാജിവച്ചു.
അതേസമയം ഹരിത ഭാരവാഹികൾ പരാതി ഉന്നയിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടു 12 എംഎസ്എഫ് ജില്ലാ കമ്മിറ്റികൾ പരാതി നൽകിയെന്ന വാർത്ത ലീഗ് നേതൃത്വം തള്ളി. 7 ജില്ലാ കമ്മിറ്റികളും ഇതു നിഷേധിച്ചു രംഗത്തെത്തി. അതേസമയം, പ്രശ്നം കൂടുതൽ പൊട്ടിത്തെറിയിലേക്കു പോകാതിരിക്കാനുള്ള ചർച്ചകൾ വിവിധ തലങ്ങളിൽ പുരോഗമിക്കുന്നതായി ലീഗ് നേതാക്കൾ അറിയിച്ചു. ഇതുവരെ മൗനം പാലിച്ചിരുന്ന വനിതാ ലീഗ് നേതാക്കൾ പാർട്ടിയെ ശക്തമായി ന്യായീകരിച്ചു രംഗത്തെത്തിയതും ശ്രദ്ധേയമായി.
മറുനാടന് മലയാളി ബ്യൂറോ