- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രകലയിൽ ഒരു ഹരിത കംബളം
ഹോർത്തൂസ് മലബാറിക്കസിൽ നിന്ന് ഗോഡ് ഓഫ് സ്‌മോൾ തിങ്‌സിലേക്കു നീളുന്ന ഒരു സാംസ്‌കാരിക ഭൂമിശാസ്ത്രധാര മുരളിനാഗപ്പുഴയുടെ ചിത്രങ്ങളിലുണ്ട്: മലബാറിലെ പൂന്തോട്ടം തന്നെയാണ് ഒരർത്ഥത്തിൽ മുരളിയുടെ ചിത്രങ്ങളും പുനഃസൃഷ്ടിക്കുന്നത്. ഹെന്റിക് വാന്റീഡ് ഈ കാലത്താണ് തന്റെ വിശ്വമഹാഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതെങ്കിൽ മലബാറിലെ സസ്യലതാദികൾ വരയ്ക്കാൻ അദ്ദേഹം തെരഞ്ഞെടുക്കുക മുരളിയെയായിരിക്കും. അത്രമേൽ യഥാതഥവും ഹരിതസമൃദ്ധവും പ്രകൃതിബദ്ധവും സസ്യശാസ്ത്രപരവുമാണ് മുരളിയുടെ ഇലച്ചെടിച്ചിത്രങ്ങൾ. അരുന്ധതിറോയിയുടെ നോവൽ ലേകശ്രദ്ധയാകർഷിച്ചത്, മുഖ്യമായും അത് ഇംഗ്ലീഷിൽ പുനഃസൃഷ്ടിച്ച കേരളീയ പ്രകൃതിജീവിതത്തിന്റെ വേരു പടലവും ഇലച്ചാർത്തും കൊണ്ടാണല്ലോ. സമാനമായ ഒരവസ്ഥയാണ് മുരളിയുടെ ചിത്രങ്ങൾ വിദേശരാജ്യങ്ങളിൽ സൃഷ്ടിക്കുന്നതും. കേരളത്തിന്റെ ഹരിതഭൂപടം ചിത്രകലയിൽ പുനർനിർമ്മിക്കുകയാണദ്ദേഹം. മുരളിനാഗപ്പുഴയുടെ ചിത്രകലാജീവിതത്തെക്കുറിച്ചുള്ള ഏഴ് സൂക്ഷ്മാപഗ്രഥനങ്ങളും മുരളിയുടെ വിശദമായ ഒരു തൂലികാചിത്രവും മുരളിയുമായുള്ള ഒരഭിമുഖവുമാണ് ഈ പുസ്
ഹോർത്തൂസ് മലബാറിക്കസിൽ നിന്ന് ഗോഡ് ഓഫ് സ്‌മോൾ തിങ്‌സിലേക്കു നീളുന്ന ഒരു സാംസ്‌കാരിക ഭൂമിശാസ്ത്രധാര മുരളിനാഗപ്പുഴയുടെ ചിത്രങ്ങളിലുണ്ട്: മലബാറിലെ പൂന്തോട്ടം തന്നെയാണ് ഒരർത്ഥത്തിൽ മുരളിയുടെ ചിത്രങ്ങളും പുനഃസൃഷ്ടിക്കുന്നത്. ഹെന്റിക് വാന്റീഡ് ഈ കാലത്താണ് തന്റെ വിശ്വമഹാഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതെങ്കിൽ മലബാറിലെ സസ്യലതാദികൾ വരയ്ക്കാൻ അദ്ദേഹം തെരഞ്ഞെടുക്കുക മുരളിയെയായിരിക്കും. അത്രമേൽ യഥാതഥവും ഹരിതസമൃദ്ധവും പ്രകൃതിബദ്ധവും സസ്യശാസ്ത്രപരവുമാണ് മുരളിയുടെ ഇലച്ചെടിച്ചിത്രങ്ങൾ. അരുന്ധതിറോയിയുടെ നോവൽ ലേകശ്രദ്ധയാകർഷിച്ചത്, മുഖ്യമായും അത് ഇംഗ്ലീഷിൽ പുനഃസൃഷ്ടിച്ച കേരളീയ പ്രകൃതിജീവിതത്തിന്റെ വേരു പടലവും ഇലച്ചാർത്തും കൊണ്ടാണല്ലോ. സമാനമായ ഒരവസ്ഥയാണ് മുരളിയുടെ ചിത്രങ്ങൾ വിദേശരാജ്യങ്ങളിൽ സൃഷ്ടിക്കുന്നതും. കേരളത്തിന്റെ ഹരിതഭൂപടം ചിത്രകലയിൽ പുനർനിർമ്മിക്കുകയാണദ്ദേഹം.
മുരളിനാഗപ്പുഴയുടെ ചിത്രകലാജീവിതത്തെക്കുറിച്ചുള്ള ഏഴ് സൂക്ഷ്മാപഗ്രഥനങ്ങളും മുരളിയുടെ വിശദമായ ഒരു തൂലികാചിത്രവും മുരളിയുമായുള്ള ഒരഭിമുഖവുമാണ് ഈ പുസ്തകത്തിലുള്ളത്. സച്ചിദാനന്ദൻ, രവീന്ദ്രൻ, വിജയകുമാർമേനോൻ, പി. സുരേന്ദ്രൻ, സി. അശോകൻ, അനിതാനായർ, ബി. സന്ധ്യ എന്നിവരുടേതാണ് ലേഖനങ്ങൾ. വി.ഡി ശെൽവരാജാണ് മുരളിയുടെ ജീവിതചിത്രം അവതരിപ്പിക്കുന്നത്. എഡിറ്റർ കൂടിയായ അശോകനാണ് മുരളിയുമായി അഭിമുഖം നടത്തുന്നത്. മുരളിയുടെ പ്രസിദ്ധങ്ങളായ ഒരുപറ്റം ചിത്രങ്ങളുടെ പകർപ്പുകൾ ഈ പുസ്തകത്തെ ഏറെ ആകർഷകമാക്കുന്നു. ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്ന 'ഗ്രേറ്റ് ആർട്ടിസ്റ്റ് സീരിസി'ന്റെ ഭാഗമാണ് ഈ പുസ്തകം എന്നും എഡിറ്റർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിഖ്യാതഫ്രഞ്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് കലാകാരൻ ഹെന്റിക് റൂസ്സോയുടെ പ്രകൃതിചിത്രങ്ങളോട് മുരളിയുടെ ചിത്രങ്ങൾക്കുള്ള സമാനത പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇലച്ചാർത്തുകൾക്കുള്ളിൽ നിന്ന് എത്തിനോക്കുന്ന മൃഗശിരസ്സുകളുടെ വിഭ്രാമകമായ ചിത്രീകരണങ്ങൾകൊണ്ട് റൂസോ സൃഷ്ടിച്ച ഫന്റാസ്റ്റിക് റിയലിസത്തിന്റെ വലിയ പ്രചോദനം നിശ്ചയമായും മുരളിക്കുണ്ട്. ആദ്യഘട്ടത്തിൽ മുരളിയുടെ കലയിൽ പോൾഗ്വോഗന്റെ സ്വാധീനവും അശോകൻ നിരീക്ഷിക്കുന്നുണ്ട്.
എങ്കിലും പ്രകൃതി, സസ്യലതാദികൾ, പക്ഷി,മൃഗ, പ്രാണികൾ, മനുഷ്യർ എന്നിങ്ങനെ മുരളിയുടെ ദൃശ്യഭാഷയെ പൂരിപ്പിക്കുന്ന രൂപഘടകങ്ങളുടെ ജൈവചോദന ഒന്നടങ്കം കേരളീയമാണ്. സി.മാധമേനോനും എ. രാമചന്ദ്രനും മാത്രമാണ് മുൻപ് ഈ വിധം കേരളീയസസ്യജീവിതത്തിന്റെ വൈവിധ്യം ചിത്രത്തിലാക്കിയിട്ടുള്ളത്.
ആധുനികചിത്രകലയിലെ പ്രസ്ഥാന,ഗണ വൈവിധ്യങ്ങളൊന്നും മുരളിയെ അത്രമേൽ സ്വാധീനിച്ചിട്ടില്ല. പ്രാചീന ഗുഹാചിത്ര ശൈലികളോ കൊട്ടാര, ക്ഷേത്ര ചുവർ, ധൂളീചിത്രപാരമ്പര്യങ്ങളോ മുരളിയിലില്ല. രാജാരവിവർമ്മ മുതലുള്ളവർ സൃഷ്ടിച്ച പോർട്രെയ്റ്റ് കൊട്ടാരചിത്രകലാ പാരമ്പര്യമോ ബംഗാൾസ്‌കൂൾ തുടക്കമിട്ട അമൂർത്തകലാ പാരമ്പര്യമോ ചോളമണ്ഡലം വികസിപ്പിച്ചെടുത്ത ആധുനികതാ പ്രസ്ഥാനമോ മുരളിയെ കീഴടക്കിയില്ല. രൂപനിഷ്ഠ ചിത്രങ്ങളിലേക്കുള്ള മാറ്റത്തെ പൊതുവെ പിന്തിരിപ്പനും പഴഞ്ചനും അമച്വറിഷുമായി കാണുന്ന ആധുനികതാവാദികൾക്കിടയിൽ ഇന്നും മുരളി അസ്പൃശ്യനാണ്. പക്ഷെ പല ചിത്രകലാ തൽപരരും രാജ്യാന്തര ചിത്രകലാവിപണിയും റിയലിസ്റ്റിക് - ഇംപ്രഷനിസ്റ്റിക്- ഫിഗറേറ്റിവ് ശൈലികളെ ഇന്നും വല്ലാതെ ഇഷ്ടപ്പെടുന്നു എന്നതുകൊണ്ടുതന്നെ (വിശേഷിച്ചും ലാൻഡ്‌സ്‌കേപ്പ് ചിത്രങ്ങൾ) മുരളിയുടെ പ്രകൃതി ചിത്രങ്ങൾക്കു വലിയ ജനപ്രീതിയുണ്ട്. നിറക്കൂട്ടുകളുടെയും ശൈലീവൽക്കരണത്തിന്റെയും രംഗത്ത് എ. രാമചന്ദ്രനും സി.എൻ കരുണാകരനും മാത്രമായിരിക്കും മുരളിയെക്കാൾ ലോകശ്രദ്ധനേടിയ മലയാളി ചിത്രകാരന്മാരായി ഇന്നുള്ളത്. സച്ചിദാനന്ദൻ പറയുന്നതുപോലെ -
'സാമാന്യാർഥത്തിൽ ഒരു 'ആധുനിക' കലാകാരനല്ല മുരളി. അമൂർത്ത ഭാവനയുടെ ഘടകങ്ങൾ ആ കലയിൽ കുറവാണ്. വർണങ്ങൾ ഉപയോഗിക്കുന്ന രീതിയിലും പലപ്പോഴും മങ്ങിയ നിറങ്ങൾ വിന്യസിക്കുന്ന നവീന ചിത്രകാരന്മാരുടെ കൂട്ടത്തിലല്ല മുരളിയെ കാണുക. ദാർശനികതയും ഈ ചിത്രങ്ങൾ അവകാശപ്പെടുന്നില്ല. കല ചുവരുകൾ അലങ്കരിക്കാനുള്ളതല്ല എന്ന പിക്കാസോയുടെ പന്ഥാവിനും ഇവിടെ നിന്ന് പിന്തുണ ലഭിച്ചേക്കില്ല. വിശേഷിച്ചും പിക്കാസോ ഇന്ന് ഏറെ ചുവരുകൾ അലങ്കരിക്കുമ്പോൾ. ഹുസൈനിന്റെ ക്യൂബിസ്റ്റ് രീതികളോ രാംകുമാറിന്റെ പ്രകൃതി ദൃശ്യങ്ങളുടെ അമൂർത്ത സമ്പ്രദായമോ മുരളിയുടെ ചിത്രങ്ങളെ സ്വാധീനിക്കുന്നില്ല. കലയുടെ ലക്ഷ്യം കണ്ണുകളുടെ ആനന്ദം, ആ വഴി ഹൃദയാഹ്ലാദവും ആണെന്ന ലളിതവും ആമോദപരവും ആക്കുന്നത്.
ഇലകളുടെ കൊളാഷാണ് മുരളിയുടെ പ്രകൃതി. യഥാർത്ഥ പ്രകൃതിയല്ല അത്. ഒരുമിച്ചു വളർന്നു നില്ക്കാൻ ഒരു സാധ്യതയുമില്ലാത്ത ഒരുപറ്റം ചെടികളെയും ഇലകളെയും അവയുടെ വർണധാരാളിത്തത്തിൽ സമന്വയിപ്പിക്കുകയാണ് മുരളി. രൂപപരമായ അനുപാതമോ വസ്തുനിഷ്ഠതയോ കാഴ്ചവട്ടത്തിന്റെ കൃത്യതയോ അവിടെ പ്രധാനമല്ല. ഹരിതവൈവിധ്യത്തിന്റെ നിറസാന്നിധ്യം മാത്രമാണ് മുരളിക്കു ബാധകം.
മൂന്നുഘടകങ്ങളാണ് മുരളിയുടെ ചിത്രകലയുടെ മൗലികതകളായി ചൂണ്ടിക്കാണിക്കാൻ കഴിയുക. ഒന്നാമത്തേത് മേല്പറഞ്ഞ ഹരിത ഭൂപട നിർമ്മിതി തന്നെയാണ്. കാൻവാസിൽ വരഞ്ഞിടുന്ന ഒരു ഹരിതകംബളം പോലെയാണ് മുരളിയുടെ ഓരോചിത്രവും. രവീന്ദ്രൻ നിരീക്ഷിക്കുന്നതുപോലെ:
'പച്ചയുടെ അപാരമായ ഛായാസാധ്യതകൾ ഉപയോഗിച്ചെഴുതുന്നവയാണ് മുരളിയുടെ സമകാലിക രചനകളധികവും. ഇലകളുടെ സഹജമായ പച്ച, ഇലകളിൽ പടരുന്ന ഞരമ്പുകളുടെ തവിട്ടും ചുവപ്പും നിറങ്ങൾ കലർന്ന രേഖാവിന്യാസം, തളിരിലകളുടെ മഞ്ഞ ചൂടിയ പച്ച, മുൻതലത്തിൽ ഇളംപച്ചയുടെ പശ്ചാത്തലശയ്യയായ ഇലച്ചാർത്തുകളുടെ താരതമ്യേന ഇരുണ്ട കാട്ടുപച്ചയുടെ ഈ ആഘോഷത്തിനിടെ, അതിന്റെ പാരമ്യത്തെ ഊന്നുവാനെന്നതു പോലെ ഒരു തുള്ളി മഞ്ഞയോ, ചുവപ്പോ, വെളുപ്പോ പൂക്കളായും തുമ്പികളായും പ്രാണികളായും പ്രത്യക്ഷപ്പെടുന്നു. നിഷ്‌കൃഷ്ടവും യാഥാർഥവുമായ പ്രത്യക്ഷങ്ങൾ. ആദ്യ പ്രതീതിയിൽ പ്രകൃതിയിലെ / ഉദ്യാനത്തിലെ ഒരു സൂക്ഷ്മഖണ്ഡത്തിന്റെ പ്രതിരൂപ ചിത്രങ്ങളാണവ'
രണ്ടാമത്തേത് പച്ച എന്ന നിറത്തിന്റെ സമൃദ്ധവും സാർഥകവുമായ ഉപയോഗമാണ്. എത്രയെങ്കിലും പച്ചകളുടെ സാധ്യത ഈ വിധം ഉപയോഗിക്കുന്ന മറ്റൊരു ചിത്രകാരനില്ല. പച്ചയുടെ പടർപ്പുകൾ പ്രകൃതിയിൽനിന്നു തന്നെ കണ്ടെത്തി ഓരോ ഇലയ്ക്കും ഓരോ പച്ചനിറമാണെന്നു തിരിച്ചറിയുന്ന വിസ്മയകരവും സൂക്ഷ്മവുമായ നിരീക്ഷണ പാടവവും ആലേഖന സാമർത്ഥ്യവും മുരളിപ്രകടിപ്പിക്കുന്നു. വിജയകുമാർ മേനോൻ പറയുന്നു:
'മുരളി നാഗപ്പുഴയുടെ എല്ലാ ചിത്രങ്ങളിലും പ്രത്യേകിച്ച് നേറ്റീവ് പരമ്പരയിൽ പപ്പായ, ചേന, ചേമ്പ്, മുക്കുറ്റി, ഇല്ലി, അശോകം, ചെത്തി തുടങ്ങിയ തദ്ദേശീയ സസ്യജാല(Ethno Botany)ത്തിന്റെ ഒരു നിരതന്നെയുണ്ട്. ഇവ ഒരു ഇലച്ചെടിച്ചിത്രം ആയിത്തീരുന്നു. പച്ചയല്ലാതെ കാര്യമായി മറ്റൊരു നിറവുമുപയോഗിക്കാത്ത ഇവ പച്ചച്ചിത്രങ്ങളും കൂടിയാണ്. സാമ്പ്രദായികമായി കല പഠിച്ചവർ വർണത്തിന്റെ തുലനത്തിനു വേണ്ടി വിവിധ നിറങ്ങളുപയോഗിക്കും. ആ രീതിയിൽനിന്നു മാറി പച്ചയുടെ ഒരു ഏകവർണരചന(Monochrome Green Composition) എന്നും തോന്നുംവിധത്തിൽ പച്ച മാത്രമാണ് ഈ ചിത്രങ്ങൾ.
ചിത്രകല കലാലയത്തിൽ പഠിക്കാത്ത വ്യക്തിയാണ് മുരളി നാഗപ്പുഴ എന്നത് ഇവിടെ ശ്രദ്ധേയമാണ്. പച്ചസസ്യങ്ങളിൽ നിന്ന് വേറിട്ടൊരസ്തിത്വമില്ലാത്ത മട്ടിൽ വഴികൾ പോലും അതേ ടോണിലുള്ള പച്ചയാണ് പല ചിത്രങ്ങളിലും. ഇടയ്ക്കിടയ്ക്ക് പച്ച പ്രകൃതിയിൽ മുങ്ങിപ്പോകുന്ന ചില ഗുഹ/കുടിൽ രൂപങ്ങളാണ് പച്ചയിൽ മറ്റു വർണങ്ങൾക്കു കിട്ടുന്ന ചില വാസത്തുരുത്തുകൾ. രണ്ടു നിലകളുള്ള വെളുത്തതും ഓടിട്ടതുമായ മധ്യവർഗത്തിന്റെ ഗൃഹവും പച്ചയിൽ മുങ്ങിപ്പോകുന്ന കുടിലും മിക്കവാറും ഇരട്ടകളെപ്പോലെ രചനകളിൽ ആവർത്തിക്കുന്നുണ്ട്. ഈ രണ്ടു രൂപങ്ങളും സമൂഹത്തിൽനിന്ന് അപ്രത്യക്ഷമാകാൻ ഇനി അധികകാലം വേണ്ടിവരില്ല. മുരളിയുടെ ആദ്യകാലചിത്രങ്ങളിൽ പച്ച ഒട്ടൊക്കെ അലങ്കാരസ്വഭാവം കാണിച്ചിരുന്നു. പിന്നീടുള്ളവയിൽ പച്ചയും സസ്യവും മാത്രം എന്ന മട്ടിൽ തദ്ദേശീയ ഇലച്ചെടികൾ ഉർവരതയുടെ ചിഹ്നമായിത്തീരുന്നുണ്ട്. എവിടെത്തിരിഞ്ഞു നോക്കിയാലും പച്ചയില മാത്രമെന്ന പ്രതീകം ആയിത്തീരുന്നുണ്ട്.'
മൂന്നാമത്തേത്, മുരളി കലയിൽ ആവിഷ്‌കരിക്കുന്ന പ്രമേയങ്ങളുടെ വൈവിധ്യമാണ്. തിരുനെല്ലിയിലെ ആദിവാസിജീവിതം മുതൽ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തുലോകത്തിലെ ജൈവവൈവിധ്യം വരെ; 'കുട്ടിക്കാലം' പരമ്പര മുതൽ 'നേറ്റീവ്' പരമ്പര വരെ - ഓരോന്നും മണ്ണിന്റെയും മലയാളിത്തത്തിന്റെയും മണവും മായികതയും പകരുന്നവ. സാമൂഹ്യപ്രതിബദ്ധത മുതൽ സൗന്ദര്യാരാധന വരെയുള്ള കലാപ്രമാണങ്ങളോരോന്നും കൈവിടാത്ത സാംസ്‌കാരിക രാഷ്ട്രീയം മുരളി വെളിപ്പെടുത്തുന്നു, ഈ ചിത്രങ്ങളിൽ സി. അശോകൻ മുരളിയുടെ ചിത്രകലയെന്ന സമഗ്രമായവലോകനം ചെയ്ത് തന്റെ ലേഖനത്തിലും അഭിമുഖത്തിലുമായി ഈയൊരു കലാതന്ത്രം സവിസ്തരം വിശദീകരിക്കുന്നുണ്ട്.
ചിത്രകലാസംസ്‌കൃതിയുടെ ഇന്ത്യൻ, കേരളീയ ചരിത്രത്തിൽ തനതും സവിശേഷവുമായ ഒരു ശൈലി രൂപപ്പെടുത്തി, അമൂർത്തതയും പരീക്ഷണപരതയും രൂപനിഷ്ഠതാരാഹിത്യവും മുന്നിട്ടു നിൽക്കുന്ന ആധുനികതാ പ്രസ്ഥാനത്തോടു വിയോജിച്ചു നിലനിൽക്കുകയാണ് മുരളിനാഗപ്പുഴ. അതിന്റെ മാർഗരേഖയാകുന്നു ഈ പുസ്തകം.
പുസ്തകത്തിൽ നിന്ന്
സി. അശോകൻ എഴുതുന്നു:
1990 കളിലാണ് മുരളിയുടെ ചിത്രങ്ങൾ ഗൗരവമായ ആസ്വാദന പഠനങ്ങൾക്കു വിധേയമാകുന്നത്. കുട്ടിത്തത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന പ്രകൃതി അല്ലെങ്കിൽ സ്വദേശത്തിന്റെ സസ്യജന്തുജാലങ്ങളുടെ വൈവിധ്യങ്ങൾ അയാൾ സൂക്ഷ്മമായി വരഞ്ഞിടുകയായിരുന്നു. പപ്പായ, ചേന, ചേമ്പ്, മുക്കൂറ്റി, ഓലഞ്ഞാലി, മരംകൊത്തി, വേഴാമ്പൽ, ആട്, അണ്ണാൻ എന്നിങ്ങനെ പതിവു കാഴ്ചയുടെ അവഗണനയിൽ മറഞ്ഞ ജൈവചേതനകൾ അയാളുടെ കാൻവാസിൽ പുതിയ അസ്തിത്വം കൈവരിച്ച് പ്രതിഭാസിക്കുവാൻ തുടങ്ങി. വ്യാഖ്യാനങ്ങളുടെയും വിശദീകരണങ്ങളുടെയും മാദ്ധ്യസ്ഥം കൂടാതെ ഈ ചിത്രങ്ങൾ അകക്കണ്ണുകൾ തുറപ്പിക്കുകയും കാഴ്ചയുടെ നവ്യാനുഭൂതികൾ സമ്മാനിക്കുകയും ചെയ്യുന്നു. ധീരമായ ചായത്തേപ്പുകൾകൊണ്ട് നിറങ്ങളും രൂപങ്ങളും ചേർന്ന് മനുഷ്യജീവിതത്തിന്റെ ബഹുസ്വരമായ വിതാനങ്ങളാണ് ഈ ചിത്രങ്ങളിൽ രൂപപ്പെടുന്നത്. വരയിലൂടെ യാഥാർഥ്യങ്ങളിൽ നിന്നും സ്വപ്നസമൃദ്ധമായ ഹരിതാഭയിലേക്ക് മുരളി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇയാളുടെ കലയിൽ ജീവിതം തുടിക്കുകയല്ല, കലയുടെ ഉന്മാദം ജീവിതത്തിൽ നിറയുകയാണ്. കായ്ച്ചുനിൽക്കുന്ന പ്ലാവുകൾ, വാഴകൾ, തെങ്ങുകൾ, വിവിധയിനം പൂക്കൾ, ആടുകൾ, കുഞ്ഞുങ്ങൾ, താമരകൾ, മരംകൊത്തി, വേഴാമ്പലുകൾ, ഉണക്കാനിട്ട വസ്ത്രങ്ങൾ, ഓടിട്ടവീടുകൾ, കിണറുകൾ, വേലിപ്പടർപ്പുകൾ, മയിലുകൾ, തുമ്പികൾ, വള്ളിച്ചെടികൾ, പൊന്മാനുകൾ, കിളികൾ, ആകാശത്തു പറക്കുന്ന കുട്ടികൾ, മാലാഖച്ചിറകുള്ള കുഞ്ഞുങ്ങൾ, കണ്ണുപൊത്തിക്കളിക്കുന്ന കുട്ടികൾ, അണ്ണാന്മാർ, വിവിധയിനം ഫലവർഗങ്ങൾ, കലമാനുകൾ, തെച്ചികൾ, ചെമ്പരത്തികൾ എന്നിങ്ങനെയുള്ള കാഴ്ചയുടെ ചിഹ്നങ്ങളെ നാം വായിക്കുകയാണോ? നാം അവയെ പുതുതായി കണ്ടെത്തുകയാണോ? അതോ അവ നമ്മുടെ മനസ്സിനെ വായിക്കുകയാണോ? നമ്മെ അവർ കൂട്ടിക്കൊണ്ടു പോകുകയാണോ?
കള്ളങ്ങളുടെയും കാപട്യത്തിന്റെയും അഴിമതിയുടെയും ചൂഷണത്തിന്റെയും ആധിപത്യത്തിന്റെയും അടിച്ചമർത്തലിന്റെയും ഇരുണ്ടലോകത്തോട് തൽക്കാലം വിടപറഞ്ഞ് പ്രകൃതിയുടെ സ്വച്ഛന്ദസുന്ദരമായ ജീവിത പരിസരത്തിലേക്ക് നാം മാറിത്താമസിക്കുന്നു. അതെ നാം പ്രകൃതിയിലേക്ക് പിന്മടങ്ങുന്നു. ഹരിതരാഷ്ട്രീയത്തിന്റെ സമരതീക്ഷ്ണമായ മുന്നേറ്റത്തിനായി തയ്യാറെടുക്കുവാനാണ് ഈ പിൻവാങ്ങൽ. നവകാൽപ്പനികമായ ഈ ചിത്രലോകം ഹരിതരാഷ്ട്രീയത്തിന്റെ ബഹുസ്വരമായ ദൃശ്യബിംബങ്ങളാണ് വിന്യസിച്ചിരിക്കുന്നത് എന്ന് കലാനിരൂപകനായ വിജയകുമാർ മേനോൻ നേരത്തെ നിരീക്ഷിച്ചിട്ടുണ്ട്. ഹരിത രാഷ്ട്രീയത്തിന്റെ സൂക്ഷ്മജനാധിപത്യ സമരവുമായി നാം കണ്ണിചേർക്കപ്പെടുന്നു. മുരളിയുടെ ചിത്രപരമ്പരകളിലൂടെ കടന്നു പോകുന്ന ആസ്വാദകർ ആന്തരികമായ ഒരു പരിവർത്തനത്തിലൂടെ കടന്നുപോകുന്നു. 80 കളിലെ വൃക്ഷപരമ്പരയും 90 കളിലെ തിരുനെല്ലി പരമ്പരയ്ക്കും ലൈഫ്‌സ്‌കേപ്പിനു ശേഷം മർത്യതയുടെ സൂക്ഷ്മാവസ്ഥകളെ പഠന വിധേയമാക്കുന്ന നിദ്ര എന്ന പരമ്പരയും കുട്ടികളുടെ സ്വപ്നങ്ങളെയും കൊച്ചുകൊച്ചുമോഹങ്ങളെയും ചിത്രീകരിക്കുന്ന ബാല്യകാലപരമ്പരയും ഒക്കെ സൂക്ഷ്മമായ നിരീക്ഷണത്തിന്റെയും അതുല്യമായ ഭാവനയുടെയും ദൃഷ്ടാന്തങ്ങളാണ്. ഇവയിലൊക്കെ പ്രകൃതിയുടെ ഇന്ദ്രിയപരത പുതുമയോടും പ്രസരിപ്പോടുംകൂടി ഈ ചിത്രങ്ങളിൽ പ്രത്യക്ഷമാകുന്നു. വർണത്തേപ്പുകൾ വിസ്തരിച്ചു പ്രത്യക്ഷമായി പിന്നീട് വർണലയത്തിന്റെ പ്രശാന്തതയിൽ വിലയംകൊള്ളുന്നത് നാം അറിയുന്നു. എണ്ണച്ചായത്തിന്റെ സാധ്യതകൾ ആരായുന്ന ഒരു താപസിയുടെ പ്രാർത്ഥനകളായി ഈ ചിത്രങ്ങൾ ആസ്വാദക മനസ്സിൽ കുടിയേറുന്നു.
കമ്പോളം സൃഷ്ടിക്കുന്ന കൃത്രിമ തൃഷ്ണകളെ സ്വാഭാവികമെന്നോണം ഏറ്റുവാങ്ങുന്ന ഉപഭോക്താവ് മാത്രമായി മനുഷ്യരെ ന്യൂനീകരിക്കുന്ന കമ്പോള സംസ്‌കാരത്തിനെതിരെയുള്ള പ്രതിരോധമായാണ് നവകാൽപ്പനികത മലയാള കവിതയിലും ചിത്രശിൽപ്പകലയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യാഥാർത്ഥ്യത്തെ സർറിയലിസ്റ്റുതലത്തിലേക്ക് ഉയർത്തിയും ദൈനംദിന ജീവിതത്തിൽ ചിരപരിചിതമായ വസ്തുക്കൾക്ക് പ്രതിഭാസികമാനം നൽകിയും ബാല്യത്തിന്റെ നിഷ്‌കളങ്കമായ നോട്ടക്കോണിലൂടെ ഭാവനയും ഫാന്റസിയും നിറഞ്ഞ ഒരു ചിത്രലോകമാണ് മുരളി സൃഷ്ടിക്കുന്നത്.
ഐന്ദ്രിയമായ ആകർഷണവും സ്വർഗീയ ഭംഗിയും നിറഞ്ഞ ചങ്ങമ്പുഴ കവിതകൾക്കു സമാനമായതും വേർഡ്‌സ്‌വർത്തിനെയും കീറ്റ്‌സിനെയും ഓർമിപ്പിക്കുന്നതുമായ ഗൃഹാതുരത്വത്തിന്റെയും കാൽപ്പനികതയുടെയും പരിവേഷം തന്റെ ചുറ്റുമുള്ള വസ്തുക്കൾക്കും ജീവികൾക്കും ആളുകൾക്കും മുരളി നൽകുന്നു. നിറങ്ങളുടെ മാന്ത്രികമായ സംയോഗത്തിലൂടെ ഒരു അപരലോകം അയാൾ സൃഷ്ടിക്കുന്നു. അമൂർത്തതയ്ക്കു പകരം ആകാരനിഷ്ഠ (ഫിഗറേറ്റീവ്) രീതികൊണ്ട് അയാൾ പ്രാദേശികതയെ സാർവദേശീയവൽക്കരിക്കുന്നു. മുരളിയുടെ ചിത്രങ്ങൾ ഒരേ സമയം കാഴ്ചക്കാരുടെ ആസ്വാദക വിഷയമാകുകയും ഒപ്പം കാഴ്ചക്കാരെത്തന്നെ വായിക്കുകയും ചെയ്യുന്നു. സസ്യജന്തുജാലങ്ങൾ മനുഷ്യരെ നിരീക്ഷിക്കുന്നതുപോലെ; വിശ്രാന്തിയുടെ രഹസ്യമന്ത്രങ്ങൾ ചൊല്ലിത്തരുന്നതുപോലെ.... കഠിനമായ അധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ദശകങ്ങൾ പിന്നിട്ട് ചിത്രകലകൊണ്ട് ഉപജീവനം കഴിക്കുവാൻ കഴിയുന്ന ചുരുക്കം ചില ചിത്രകാരന്മാരിൽ ഒരാളായി മുരളി മാറിയിരിക്കുന്നു.
ഇന്റർനെറ്റുപോലുള്ള മാദ്ധ്യമങ്ങളുടെ വരവോടുകൂടി തന്റെ ചിത്രങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ഏജൻസികളുടെയും വ്യക്തികളുടെയും ശ്രദ്ധയിൽ കൊണ്ടുവരാനും ചിത്രങ്ങൾ വിൽക്കുവാനും മുരളി പ്രാപ്തനായി. കലാകാരന്മാർ പട്ടിണി കിടന്നു മരിക്കേണ്ടവരാണ് എന്ന മുൻവിധി അയാൾ പരിഹാസത്തോടെ തള്ളിക്കളയുന്നു. അക്കാദമികമായ ശിക്ഷണത്തിന്റെ അഭാവം അയാൾ സ്വപ്രയത്‌നം കൊണ്ട് മറികടന്നിരിക്കുന്നു. ലോകം അറിയുന്ന ചുരുക്കം ചില മലയാള ചിത്രകാരന്മാരിൽ ഒരാളായിത്തീരുമ്പോഴും അയാൾ തന്റെയും ദേശത്തിന്റെയും ഭൂതകാലവും ചരിത്രവും വിസ്മരിക്കുന്നില്ല. ചിത്രങ്ങളിലെ സൂക്ഷ്മതയും നിരീക്ഷണത്തിന്റെ കാർക്കശ്യവും കൈമോശം വരാതെ പ്രകൃതിയുടെ അനന്തസാധ്യതകളെ വർണങ്ങളിലേക്ക് ആവാഹിക്കുവാൻ അയാൾ വിനയപൂർവം യത്‌നിച്ചുകൊണ്ടേയിരിക്കുന്നു.
മുരളിനാഗപ്പുഴ: ഹരിതരാഷ്ട്രീയത്തിന്റെ വർണവിവക്ഷകൾ
സി. അശോകൻ (എഡി.)
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
2015 വില: 70രൂപ