ഗുഡ്ഗാവ്: ഒമ്പതു മാസം പ്രായമുള്ള കൈക്കുഞ്ഞുമായി രാത്രിയിൽ രക്ഷിതാക്കളുടെ വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ഓട്ടോയിൽ വലിച്ചുകയറ്റി, കുഞ്ഞിനെ റോഡിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയശേഷം പീഡിപ്പിച്ചു. ഹരിയാനയിലാണു അതിക്രൂര സംഭവം അരങ്ങേറിയത്. 23കാരിയായ യുവതിയാണു നാലംഗ സംഘത്തിന്റെ പീഡനത്തിന് ഇരയായത്.

മെയ്‌ 29നു നടന്ന സംഭവം ഇപ്പോഴാണു പുറത്തറിയുന്നത്. ഭർത്താവ് ജോലിക്കുപോയിരുന്ന സമയത്തു രാത്രിയിൽ യുവതി അയൽക്കാരുമായി വഴക്കിട്ടു. തുടർന്നു റോഡിലെ രക്ഷിതാക്കളുടെ വീട്ടിലേക്കു പോകാനായി ഇറങ്ങിയതായിരുന്നു യുവതി. റോഡിലൂടെ നടക്കുകയായിരുന്നു യുവതിയെ മൂന്നംഗസംഘം ഓട്ടോയിലേക്കു ബലമായി വലിച്ചുകയറ്റി.

ഓട്ടോയിലിരുന്ന് ശല്യം തുടങ്ങിയപ്പോൾ യുവതിയും കുഞ്ഞും അലറിക്കരഞ്ഞു. പെൺകുഞ്ഞിനെ യുവതിയുടെ കയ്യിൽനിന്നും പിടിച്ചെടുത്തു അക്രമികൾ റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. തുടർന്നായിരുന്നു പീഡനമെന്നു യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഐഎംടി മനേസറിനു സമീപത്തെ ഗ്രാമത്തിലാണു അക്രമത്തിനിരയായ യുവതിയുടെ വീട്. തലയ്ക്കു ഗുരുതരമായ പരുക്കേറ്റാണു കുഞ്ഞ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ അറസ്റ്റു ചെയ്തു. പീഡനത്തിനും കൊലപാതകത്തിനുമാണ് കേസെടുത്തിരിക്കുന്നത്.