കോഴിക്കോട്: സഹായം അഭ്യർത്ഥിച്ച് ആരു വിളിച്ചാലും അഷ്‌റഫ് അവിടെയെത്തും. പ്രളയമോ ഉരുൾപൊട്ടലോ വാഹനാപകടങ്ങളോ എന്തുമാകട്ടെ സഹായഹസ്തവുമായി ഹാം റേഡിയോ ഓപ്പറേറ്ററായ എ ടി അഷ്‌റഫ് അവിടെ എത്തിയിരിക്കും. സഹജീവി സ്‌നേഹം നെഞ്ചിൽ നിറച്ച ഹാം റേഡിയോ ഓപ്പറേറ്റും ഫയർ ആൻഡ് റസ്‌ക്യു സിവിൽ ഡിഫൻസ് ഫോഴ്‌സ് റീജ്യണൽ ചീഫ് വാർഡനും റെഡ് ക്രോസ് പ്രവർത്തകനുമായ കാപ്പാട് സ്വദേശി എ ടി അഷ്‌റഫ് യാത്രയായി.

ഇടമലയാറിൽ നിന്ന് രണ്ടു ദിവസം മുമ്പ് നാട്ടിൽ എത്തിയതായിരുന്നു അഷ്‌റഫ്. ബുള്ളറ്റിൽ യാത്ര ചെയ്യവെ കോഴിക്കോട് സരോവരത്തിനടുത്ത് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു. വണ്ടി നിർത്തി തളർന്ന് ഇരുന്ന അഷ്‌റഫിനെ പിന്നീട് പരിചയക്കാരും ആംബുലൻസ് ഡ്രൈവർമാരും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാഹസികത കൈമുതലാക്കി മനുഷ്യജീവനുകൾ രക്ഷിക്കാൻ മുന്നിട്ടിറങ്ങാറുള്ള അഷ്‌റഫിന് പക്ഷെ കൃത്യ സമയത്ത് വൈദ്യ സഹായം ലഭിക്കാതെ പോയി. റോഡിൽ തളർന്നിരുന്ന അഷ്‌റഫിനെ ആശുപത്രിയിലെത്തിക്കാൻ അരമണിക്കൂറോളം വൈകി. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ജീവൻ തിരിച്ചു കിട്ടുമായിരുന്നു.

തന്റെ ഹാം റേഡിയോയുടെ സഹായത്തോടെയാണ് അഷ്‌റഫ് സാമൂഹിക പ്രവർത്തനം നടത്തിയത്. ലോക് ഡൗൺ കാലത്തും പ്രളയകാലത്തും തെരഞ്ഞെടുപ്പുകാലത്തുമെല്ലാം സേവന സന്നദ്ധനായി അഷ്‌റഫ് ഉണ്ടായിരുന്നു. മൊബൈൽ, നെറ്റ് വർക്ക് സൗകര്യങ്ങളിലാത്ത ഇടമലക്കുടിയിൽ നിന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്ഹാം റേഡിയോയുമായി അഷ്‌റഫ് ഉണ്ടായിരുന്നു. അഷ്‌റഫിന്റെ സഹായത്തോടെയായിരുന്നു ഇവിടുത്തെ തെരഞ്ഞെടുപ്പ് വിവരങ്ങൾ പുറം ലോകം അറിഞ്ഞത്.

ലോക് ഡൗൺ കാലത്താണ് അഷ്‌റഫിന്റെ ഹാം റേഡിയോയിൽ ആ സന്ദേശമെത്തിയത്. താനൂരിലെ കാൻസർ രോഗിക്ക് അത്യാവശ്യ മരുന്ന് ലഭ്യമാക്കണം. അഷ്‌റഫ് ഉടൻ തന്നെ തന്റെ ബൈക്കെടുത്ത് ചൂലൂർ എം വി ആർ കാൻസർ സെന്ററിലെത്തി മരുന്ന് സംഘടിപ്പിക്കുകയും അത് രോഗിയുടെ വീട്ടിൽ എത്തിച്ചു നൽകുകയും ചെയ്തു.

സംസ്ഥാനത്തിന് പുറത്തും അഷ്‌റഫിന്റെ സഹായം ലഭ്യമായിരുന്നു. പ്രളയകാലത്ത് ഹാം റേഡിയോയുമായി സജീവമായിരുന്നു അഷ്‌റഫ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളെ പങ്കാളികളാക്കി രൂപവത്കരിച്ച സി വിൽ ഡിഫൻസ് ഫോഴ്‌സിൽ അംഗമായിരുന്നു. കടലുണ്ടി ട്രെയിൻ അപകടമുണ്ടായപ്പോഴും കവളപ്പാറ ദുരന്തഭൂമിയിലുമെല്ലാം ഹാം റേഡിയോയുടെ സേവനവുമായി അഷ്‌റഫ് ഉണ്ടായിരുന്നു. അടുത്തിടെ നിലമ്പൂരിലും സേവന സന്നദ്ധനായി അഷ്‌റഫ് എത്തിയിരുന്നു.

കോവിഡ് കാലത്തെ പ്രവർത്തനത്തിന് മികച്ച സാമൂഹിക സേവനത്തിനുള്ള അഗ്‌നി സുരക്ഷ സേനയുടെ സത് സേവന പുരസ്‌കാരവും ലഭിച്ചു. ഇത്തരത്തിൽ നിരവധി അംഗീകാരണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ നാൽപ്പത്തെട്ടാം വയസ്സിൽ അഷ്‌റഫ് വിടവാങ്ങി. അദ്ദേഹത്തിന്റെ നല്ല മനസ്സിന്റെ സഹായത്താൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ നിരവധി പേരുണ്ട്. അവരുടെയെല്ലാം ഓർമ്മകളിൽ അഷ്‌റഫ് ഇനിയും ജീവിക്കും.

പരേതനായ മൂസ ചെറുവലത്തിന്റെയും കുട്ടീ ബിയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് യാസിൻ മാലിക്, ഫാത്തിമ നിലൂഫർ മാലിക്.