ലക്‌നൗ: ഹിന്ദുക്കളുടെ വോട്ട് കിട്ടുമായിരുന്നുവെങ്കിൽ ജയം ഉറപ്പ്. എന്നാൽ അവർ ആരും ചെയ്തില്ല. അങ്ങനെ തോൽക്കുകയും ചെയ്തു. പിന്നെ എന്തിന് ഈ സമുദായത്തോടൊപ്പം നിൽക്കുന്നത്. തെരഞ്ഞെടുപ്പിൽ സ്വന്തം മതത്തിൽനിന്നും വോട്ടുകിട്ടിയില്ലെന്ന കാരണത്താൽ ഉത്തർപ്രദേശിൽ സ്ഥാനാർത്ഥി കുടുംബത്തോടൊപ്പം മതം മാറുകയാണ്

ബിജ്‌നോറിൽ നടന്ന സംഭവത്തിൽ ഹർപാൽ സിങ് എന്നയാളാണ് 13 കുടുംബാംഗങ്ങളുമായി ഹിന്ദു മതത്തിൽനിന്നും ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഐ.ബി.എൻ. സി.എൻ.എൻ ചാനൽ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഗ്രാമപ്രഥാൻ തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനംനൊന്താണ് ഹർപാൽ സിങ് വ്യത്യസ്തമായ തീരുമാനമെടുത്തത്.

തെരഞ്ഞെടുപ്പിൽ ഹിന്ദു സമൂഹം തനിക്ക് വോട്ടുചെയ്യാതിരുന്നതാണ് തോൽവിക്ക് കാരണമെന്ന് ഹർപാൽ പറയുന്നു. തന്നെ പിന്തുണയ്ക്കാത്ത ഹിന്ദു സമൂഹത്തിൽ താൻ തുടരുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും ഹർപാൽ വിശദീകരിക്കുന്നു. ആകെ 1300 വോട്ടർമാരാണ് ഹാർപാലിന്റെ ഗ്രാമത്തിലുണ്ടായിരുന്നത്. ഇതിൽ 800 വോട്ടർമാർ മുസ്ലിങ്ങളും 500പേർ ഹിന്ദുക്കളുമായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ ഹിന്ദു സമൂഹം തനിക്ക് പിന്തുണയറിയിച്ചിരുന്നതായി ഹർപാൽ പറയുന്നു.

എന്നാൽ തെരഞ്ഞെടുപ്പിൽ ദയനീയമായ തോൽവിയായിരുന്നു ഫലം. അതുകൊണ്ടാണ് മതം മാറാനുള്ള തീരുമാനം.