- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
59,000 ഏക്കർ സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന മുതലാളി! കിറ്റെക്സ് വിഷയത്തിൽ ഹർഷ ഗോയങ്ക പിണറായിയെ പുകഴ്‌ത്തിയത് പ്രത്യുപകാരം പ്രതീക്ഷിച്ചോ? ഹാരിസൺസ് മുതലാളിക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ചർച്ചയാകുമ്പോൾ
പത്തനംതിട്ട: സംസ്ഥാനത്ത് 59,000 ഏക്കർ പാട്ടഭൂമി കൈവശം വച്ചിരിക്കുന്ന കുത്തക കമ്പനിയാണ് ഹാരിസൺസ് മലയാളം ലിമിറ്റഡ്. ഇതിൽ വലിയൊരു ഭാഗം ഇവർ വിറ്റ് കാശാക്കി. ശേഷിച്ചത് കൈയിൽ വച്ച് കൃഷി നടത്തുന്നു. ഭൂമി തിരിച്ചു പിടിക്കാനുള്ള കേസുകൾ സർക്കാർ സബ് കോടതികളിൽ നടത്തുന്നു. വർഷങ്ങൾ കഴിഞ്ഞാലും വിധിയുണ്ടാകുമെന്ന് ഉറപ്പില്ല. അഥവാ ഉണ്ടായാലും അത് സർക്കാരിന് അനുകൂലമാകണമെന്നുമില്ല. അതുവരെ ഹാരിസൺസ് മുതലാളിക്ക് സസുഖം കൃഷി നടത്താം.
ഹാരിസൺസ് മുതലാളി ഹർഷ ഗോയങ്ക വീണ്ടും വാർത്തകളിൽ നിറയുകയാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും പിണറായി വിജയൻ അതിന് നേതൃത്വം കൊടുക്കുന്നുവെന്നും കഴിഞ്ഞ ദിവസം ഗോയങ്ക ട്വീറ്റ് ചെയ്തിരുന്നു. നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടിയും നൽകി. എന്തെങ്കിലും പ്രത്യുപകാരം പ്രതീക്ഷിച്ചാണോ ഗോയങ്ക പിണറായിയെ പുകഴ്‌ത്തിയത് എന്നതാണ് ഇപ്പോഴത്തെ സംശയം.
കിറ്റക്സ് വിവാദം പുകയുന്ന പശ്ചാത്തലത്തിലാണ് കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ഹാരിസൺ ഉടമയും ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനുമായ ഹർഷ് ഗോയങ്ക ട്വീറ്റ് ചെയ്തത്. കേരളത്തിലുള്ളവർ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഗോയങ്കയുടെ ട്വീറ്റ് പിണറായിക്ക് ആശ്വാസമായി. ഏറ്റവുമധികം പേർക്ക് ശമ്പളം കൊടുക്കുന്ന വ്യവസായം കേരളത്തിൽ നടത്തുന്ന തനിക്ക് ഇതു വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നായിരുന്നു ഹർഷിന്റെ ട്വീറ്റ്.
സർക്കാരിന് ലഭിക്കേണ്ട 59,000-ൽ പരം ഏക്കർ പാട്ടഭൂമി ഏറ്റെടുക്കാതെ കോടതിയിൽ ഹാരിസണ് അനുകൂല നടപടി സ്വീകരിച്ചതിന്റെ ഉപകാര സ്മരണയായാണ് ഹർഷ് ഗോയങ്കയുടെ ട്രീറ്റിനെ പലരും വിശേഷിപ്പിക്കുന്നത്. പ്രതിപക്ഷവും ബിജെപിയും ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും ഭൂസമര രംഗത്തുള്ളവർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഞങ്ങൾ നിങ്ങളുടെ സത്യസന്ധതയെ അനുമോദിക്കുന്നു എന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി ഹർഷ് ഗോയങ്കയുടെ ട്വീറ്റിന് നന്ദി അറിയിച്ചിട്ടുള്ളത്. ഹാരിസൺസ് ഭൂമി ഇടപാടുകൾ സംബന്ധിച്ച് വിജിലൻസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം നടന്നു വരുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിശേഷണം.
സുബിതാ മേനോൻ കമ്മിഷൻ റിപ്പോർട്ട് (1999), ലാൻഡ് റവന്യൂ കമ്മിഷണറായിരുന്ന നിവേദിതാ പി.ഹരൻ റിപ്പോർട്ട് (2006), ജസ്റ്റിസ് എൽ.മനോഹരൻ കമ്മിറ്റി റിപ്പോർട്ട് (2007), ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണറായിരുന്ന സജിത്ത് ബാബു റിപ്പോർട്ട് (2008), വിജിലൻസ്/ക്രൈംബ്രാഞ്ച് റിപ്പോർട്ടുകൾ, രാജമാണിക്യം റിപ്പോർട്ട് എന്നിവയെല്ലാം ഹാരിസൺ അനധികൃതമായാണ് ഭൂമി കൈവശം വച്ച് അനുഭവിക്കുന്നതെന്നും അവ തിരിച്ചുപിടിക്കണമെന്നും സമർഥിച്ചിരുന്നു. വ്യാജ ആധാരം ചമച്ചാണ് മുൻ ഉടമ മലയാളം പ്ലാന്റേഷൻ യുകെ ലിമിറ്റഡ് ഭൂമി സ്വന്തമാക്കിയതെന്നും ഇപ്പോഴും കേരളത്തിലെ തോട്ടഭൂമിയിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം ലണ്ടൻ കമ്പനിക്ക് ലഭിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സർക്കാരിന് ലഭിക്കേണ്ട വൻ ഭൂപ്രദേശം അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഹാരിസൺ കമ്പനിയുടെ നടപടിക്ക് സാധുത പകരുന്നതാണ് മുഖ്യമന്ത്രിയുടെ വിശേഷണമെന്ന് മുൻ ഗവ.പ്ലീഡർ സുശീലാ ഭട്ട് പറയുന്നു.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഹാരിസന്റെ ഭൂമി ഇടപാടുകളെപ്പറ്റി സമഗ്ര അന്വേഷണം നടന്നത്. അന്ന് റവന്യൂ പ്ലീഡറായിരുന്ന സുശീലാ ഭട്ട് ഹാരിസണെതിരെയുള്ള എല്ലാ തെളിവുകളും നിരത്തിയാണ് ഹൈക്കോടതിയിൽ വാദമുഖം തുറന്നത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിനായി എറണാകുളം ജില്ലാ കലക്ടറായിരുന്ന രാജമാണിക്യത്തെ സ്പെഷൽ ഓഫീസറായി നിയമിക്കുകയും ചെയ്തു. രാജമാണിക്യം നടത്തിയ അന്വേഷണത്തിലും ഹാരിസൺ അനധികൃതമായാണ് ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന് തെളിഞ്ഞു.
തുടർന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടന്ന 36,000 ഏക്കർ ഭൂമി ഏറ്റെടുക്കാനും രാജമാണിക്യത്തിന് കഴിഞ്ഞു. ഇതിനെതിരെ ഹാരിസൺ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സുശീലാ ഭട്ട് നിരത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്തത് ശരി വച്ചു കൊണ്ട് 2018-ൽ ജസ്റ്റീസ് പി.വി.ആശ വിധിയെഴുതി. അന്തിമ വിധിക്കായി ഡിവിഷൻ ബെഞ്ചിന് കേസ് കൈമാറുകയും ചെയ്തു.
ഇതിനിടെ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറി. ഹാരിസൺ അധികൃതർ ഏഴ് തവണയാണ് തങ്ങളുടെ ഭൂമി നഷ്ടമാകുന്നത് തടയുന്നതിനായി സിപിഎം, സിപിഐ ഉന്നതരെ സമീപിച്ചത്. ഒടുവിൽ ഗവ.പ്ലീഡർ സ്ഥാനത്തു നിന്നും സുശീലാ ഭട്ടിനെ മാറ്റിയ ശേഷം ഹാരിസൺ കേസ് എന്തെന്നു പോലും അറിയാത്ത ചിലർക്ക് കേസ് കൈമാറി.
ഡൽഹിയിൽ നിന്നും ലക്ഷങ്ങൾ മുടക്കി അഭിഭാഷകരെ ഏത്തിച്ച് സർക്കാർ നാടകം കളിച്ചെങ്കിലും 2018-ൽ ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹാരിസൺസ് ഭൂമി ഏറ്റെടുത്ത നടപടി റദ്ദു ചെയ്യുകയായിരുന്നു. വേണമെങ്കിൽ കേസ് സിവിൽ കോടതിയിൽ തുടരാമെന്നും നിർദ്ദേശം നൽകി. ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ വേണ്ടി പാലാ കോടതിയിൽ ഹർജി നൽകുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. മറ്റൊന്നും നടന്നില്ല.
മൂന്നു ലക്ഷത്തിലധികം ഭൂരഹിതർ തലചായ്ക്കാൻ ഇടമില്ലാതെ കാത്തിരിക്കുമ്പോഴാണ് ഭൂ മാഫിയയ്ക്ക് കേരളത്തിന്റെ 59,000 ഏക്കർ ഭൂമി സർക്കാർ തീറെഴുതിയതെന്ന കാര്യം ശ്രദ്ധേയമാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്