ആലപ്പുഴ: പൊലീസിന്റെ സിനിമാ സ്റ്റൈൽ ചെയ്സിങ്ങിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപെട്ട് ജീവൻ പൊലിഞ്ഞ സുമി എന്ന വീട്ടമ്മയുടെ മകൾക്ക് അന്ന് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ക്രൂരമായ പീഡനങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും ഞെട്ടൽ. 'റോഡിൽ കിടന്ന ഞങ്ങളെ പൊലീസുകാർ വലിച്ചിഴച്ചു. ജീപ്പിനുള്ളിൽവച്ചു വഴക്കുപറഞ്ഞു' - അപകടത്തെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ഇടയ്ക്കിടെ ബോധംപോയും വന്നുമിരിക്കുന്നതിന്റെ ഇടവേളകളിൽ ഹർഷ പറയുന്നത് ഇങ്ങനെയൊക്കെയാണ്.

അപകടത്തിൽ പെട്ട ബൈക്ക് ഓടിച്ചിരുന്ന ഷേബുവിന്റെയും അപകടത്തിൽ മരണപ്പെട്ട സുമിയുടെയും മൂത്തമകളാണ് പത്തുവയസ്സുകാരി ഹർഷ. അപകടത്തിൽ പെട്ട തങ്ങളോട് പൊലീസുകാർ കനിവില്ലാതെ പെരുമാറിയെന്ന് അവൾ ഓർക്കുന്നു. ഇന്നലെ ഷേബുവിന്റെ ഭാര്യ സുമിയുടെ സഞ്ചയനമായിരുന്നു. അമ്മയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ആശുപത്രിയിൽ നിന്നെത്തിയെങ്കിലും അമ്മ മരിച്ചുപോയതാണെന്ന് ഇളയ മകൾ ശ്രീലക്ഷ്മിക്ക് ഇനിയും മനസിലായിട്ടില്ല. അമ്മ തിരിച്ചെത്തുന്നതും കാത്തുകിടക്കുകയാണ് ആ നാലു വയസ്സുകാരി. അവളെ ആശ്വസിപ്പിക്കുന്നതെങ്ങനെയെന്ന് ആർക്കും തിട്ടമില്ല. ശ്രീലക്ഷ്മിക്കു കാലിനു പൊട്ടലും നെഞ്ചിലും വാരിയെല്ലിനും പരുക്കുമുണ്ട്. ഒരു ശസ്ത്രക്രിയ നടത്തി. ഇനിയും ശസ്ത്രക്രിയ വേണ്ടിവന്നേക്കാമെന്നു മെഡിക്കൽ കോളജ് ഓർത്തോ വിഭാഗം മേധാവി ഡോ.എം.സി.ടോമിച്ചൻ പറഞ്ഞു. ഹർഷയും ഷേബുവുമെല്ലാം പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽതന്നെ ചികിത്സയിലാണ്.

മാർച്ച് പതിനൊന്നിന് പുലർച്ചെയായിരുന്നു കഞ്ഞിക്കുഴിക്ക് സമീപം അപകടം നടന്നത്. കൈകാണിച്ചിട്ട് നിർത്താതെ പോയ ബൈക്ക് പൊലീസ് പിൻതുടർന്ന് എ.എസ് കനാലിന് സമീപം ജീപ്പ് കുറുകെ നിർത്തുകയായിരുന്നു. ജീപ്പിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ടതോടെ പിന്നിൽ മറ്റൊരു ബൈക്ക് വന്നിടിച്ചു. പിന്നിൽ ഇടിച്ച ബൈക്കിലെ യാത്രക്കാരൻ തൽക്ഷണം മരിച്ചു. ബൈക്കിൽ യാത്ര ചെയ്ത മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡിൽ പാതിരപ്പള്ളി വെളിയിൽ ബാലന്റെ മകൻ ബിച്ചു(24)വാണ് മരിച്ചത്.

കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിൽ കൂത്തക്കര വീട്ടിൽ ഷേബു (40), ഭാര്യ സുമി (35), മക്കളായ ഹർഷ (10), ശ്രീലക്ഷ്മി (ഒന്നര) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. മാർച്ച് 24 ന് ചികിത്സയിലായിരുന്ന സുമി മരിച്ചിരുന്നു സുമിയുടെ ശരീരമാസകലമുള്ള എല്ലുകൾ തകർന്ന് വാരിയല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തുളഞ്ഞുകയറിയിരുന്നു. മൂന്നുതവണ ശസ്ത്രക്രിയയ്ക്കും വിധേയയായി.

ബിച്ചു ഇലക്ട്രീഷ്യനാണ്. പുത്തനമ്പലത്തുള്ള അമ്മവീട്ടിലാണ് താമസം. പാതിരപ്പള്ളി പാട്ടുകളം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് പുത്തനമ്പലത്തിലേക്ക് മടങ്ങുംവഴിയായിരുന്നു പൊലീസിന്റെ വട്ടംവയ്ക്കലും തുടർന്ന് അപകടവും. ഷേബുവും കുടുംബവും കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ചിക്കരവഴിപാടിന് ഇരിക്കുന്ന ബന്ധുവിന്റെ കുട്ടിയെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയിൽ ഹൈവേ പൊലീസ് കൈകാണിച്ചെന്നും നിർത്താതെ വന്നപ്പോൾ വാഹനം വന്ന് കുറുകേയിട്ട് നിർത്താൻ പറഞ്ഞപ്പോൾ ബൈക്ക് സൈഡിലേക്ക് ഒതുക്കുന്നതിനിടയിൽ മറ്റൊരു ബൈക്ക് ഇടിക്കുകയുമായിരുന്നുവെന്നാണ് ഷേബുവിന്റെ വെളിപ്പെടുത്തൽ.

എന്നാൽ, മാരാരിക്കുളം പൊലീസ് ഇത് നിഷേധിച്ചിരുന്നു. ബൈക്കുകൾ തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഈ വാദം പൊളിയുന്ന തരത്തിലാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. പൊലീസിനെതിരേ പരാതിയെ തുടർന്ന് സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും ഇത് ചർച്ചയാകുന്നതുവരെ നടപടിയൊന്നും ഉണ്ടായല്ല. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഷേബുവിനെ പ്രതി ചേർത്താണ് മാരാരിക്കുളം പൊലീസ് കേസെടുത്തിരിക്കുന്നത്.

പിന്നീട് സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും പൊലീസിന്റെ റോഡ് പരിശോധന അപകടം സൃഷ്ടിച്ചതിനെ പറ്റി വാർത്തകൾ വന്നതോടെയാണ് നടപടി ഉണ്ടായത്. പൊലീസ് ജീപ്പ് റോഡിനു കുറുകെ നിർത്തിയതിനെതുടർന്ന് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ ആരോപണവിധേയനായ എസ്‌ഐ എസ്‌ഐ സോമനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു്. സസ്പെൻഷനിലായ പൊലീസുകാരനൊപ്പം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാരും ജീപ്പിൽവച്ച് അപകടത്തിൽ പരിക്കേറ്റവരെ ചീത്തവിളി മുഴക്കിയെന്നാണ് കൊച്ചുകുട്ടിപോലും പറയുന്നത്. ഇതോടെ അവർക്കെതിരെ ഉൾപ്പെടെ നടപടി ഉണ്ടാകണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ നടപടി ആവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.