മയം രാവിലെ 5.30. പശുക്കൾ, പാൽ ചുരത്തുവാൻ തയ്യാറായി നിൽക്കുന്നു. കറവ യന്ത്രവുമായി കടന്നു വരുന്ന ക്ഷീര കർഷകൻ, ഒരു നാടിന്റെ വികസനത്തിന്റെ അമരക്കാരനെന്നു അറിഞ്ഞിട്ടാവാം, പൂവാലികൾ അനുസരണയോടെ കാത്തുനിന്നു. വയനാടൻ മണ്ണിന്റെ ജനകീയമുഖം. കൽപറ്റയുടെ പ്രിയങ്കരനായ എംഎ‍ൽഎ. ശ്രീ.സി.കെ.ശശീന്ദ്രൻ. കേരള നിയമസഭയിൽ എത്തിയതും തിരക്കുകളും ഒന്നും പശു പരിപാലനം, അവസാനിപ്പിക്കാനുള്ള കാരണമായിട്ടില്ല ഇതുവരെ..

15 വർഷമായി പശുക്കൾ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് തന്നെയുണ്ട്. വർഷം മുഴുവനുമുള്ള പശുപരിപാലനം, പൊതുപ്രവർത്തനവുമായി കൊണ്ടുപോകാൻ കഴിയുന്നതാണ് ക്ഷീര കർഷകൻ എന്നാ നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിലവിൽ 4 കറവപശുക്കളും അവയുടെ കന്നുകുട്ടികളും തൊഴുതിലുണ്ട്. പശുക്കൾ എല്ലാം മികച്ച ഉത്പാദന ക്ഷമതയുള്ളത് തന്നെ. ദിവസം 25 ലിറ്ററോളം പാൽ ചുരത്തുന്ന HF ഇനത്തിലുള്ള പുള്ളിപശുവാണ് കൂട്ടത്തിലെ മിന്നും താരം. മികച്ച ഇനം പശുക്കളെ ലഭ്യമാകുന്നിടത്താണ് ഡെയറി ഫാമിന്റെ വിജയം എന്ന് അടിവരയിടുന്നതാണ് ഇവിടുത്തെ അനുഭവവും.

ദീർഘകാലം പാൽ കറന്നെടുത്തു, 6 km ദൂരം നടന്നു പോയി, കൽപറ്റ ടൗണിൽ പാൽ വിറ്റിരുന്നു. ഇപ്പോൾ, കൽപറ്റ ക്ഷീര വികസന യുണിറ്റ് പരിധിയിലെ തെക്കുംതറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പ്രതിദിനം ശരാശരി 35 ലിറ്റർ പാൽ കൊടുക്കുന്നു. കുറച്ചുപാൽ അയൽവാസികൾക്കും നൽകുന്നു. പശുക്കളുടെ ആവശ്യങ്ങൾ എല്ലാം തന്നെ കണ്ടറിഞ്ഞ് ചെയ്തിട്ടുണ്ട്. ഷീറ്റ് മേഞ്ഞ മികച്ച ഒരു തൊഴുത്തും, പശുക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കാപ്പി ചെടികളും മറ്റു ചോലയും, തണലും കുളിർമയും നൽകുന്നതിനാൽ തന്നെ തൊഴുത്തിലെ അന്തരീക്ഷം കാലികൾക്ക് പ്രിയങ്കരം.

പശുക്കളുടെ നിൽപ്പ് സുഖകരമാക്കുവാൻ റബ്ബർ മാറ്റുകളും തറയിൽ വിരിച്ചിട്ടുണ്ട്. ഏതു സമയത്തും വെള്ളം കുടിക്കാനായി ഓടോമാടിക് വാട്ടർബൗൾളും തൊഴുത്തിൽ ഉണ്ട്. കറവ പൂർണമായും ഇലക്ട്രോണിക് കറവ യന്ത്രത്തിൽ തന്നെ. ഒരു ചെറുകിട ഡെയറി ഫാമിൽ സാധ്യമായ എല്ലാ യന്ത്ര സംവിധാനങ്ങളും ഇവിടെ തയ്യാർ. കായികാധ്വാനം കുറവ് തന്നെ എന്നതിനേക്കാൾ പശുക്കൾക്ക് മികച്ച ആരോഗ്യ സംരക്ഷണം തരുന്നതാണ്, ഈ യന്ത്ര ചങ്ങാതിമാർ.

പശുക്കളുടെ തീറ്റയിൽ പ്രത്യേക ശ്രദ്ധ തന്നെ ഇവിടെയുണ്ട്. പാട്ടത്തിനെടുത്ത സ്ഥലത്ത്, co-3 ഇനം തീറ്റപുൽകൃഷി ചെയ്യുന്നുണ്ട്. കൂടാതെ പറമ്പിലെ പുല്ലും ഭക്ഷ്യയോഗ്യമായ ചെടികളും എല്ലാം പരുഷഹാരമായി പശുക്കളുടെ മുന്നിൽ എത്തുന്നു. അതിനാൽ പുല്ലിനു ഒട്ടും ക്ഷാമമില്ല. ചോളപൊടിയും കാലിതീറ്റയും മിനറൽ മിക്‌സ്ച്ചറും കൂടി നൽകുന്നതോടെ, പശുക്കൾ പാൽ ചുരത്താൻ തയ്യാർ തന്നെ. പശു പരിപാലനം ഇവിടെ കുടുംബ കാര്യമാണ്. ഭാര്യയായ ശ്രീമതി. ഉഷയും, മക്കളും കൂടി സഹകരിക്കുന്നത്, പശുക്കൾ അത്രമേൽ പ്രിയമയതിനാൽ തന്നെ. ജനപ്രതിനിധിയുടെ വിശ്രമമില്ലാത്ത ജീവിതചര്യകൾ, സഹായിയെ കൂടി ഫാമിൽ എത്തിചിട്ടുണ്ടെന്നു മാത്രം.

പശു പരിപാലനത്തിന്റെ ശാസ്ത്രീയ വശങ്ങൾ മനസിലാക്കുവാനും, തന്റെ തൊഴുത്തിൽ അതെല്ലാം ഉപയോഗപെടുതുവാനും താല്പര്യം ഏറെയാണ് ശശീന്ദ്രൻ എംഎ‍ൽഎ.യ്ക്ക്. നൂതന വിദ്യകൾ പഠിക്കുവാനും പശു പരിപാലനം ആധുനികവല്ക്കരിക്കാനുമുള്ള ശ്രമങ്ങൾ അനുകരണീയം തന്നെ. ഡെയറി ഫാം ആധുനികവൽക്കരിച്ചാൽ മാത്രമേ, ക്ഷീര കർഷകരുടെ അദ്ധാനഭാരം കുറയൂ, എന്ന അഭിപ്രായം തന്നെ ഇദ്ദേഹത്തിനും. പശുക്കൾക്ക് കൂട്ടായി കോഴികളും വീട്ടുമുറ്റത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

കേരളത്തിലെ ക്ഷീര വികസന മേഖലയെ കുറിച്ച് അനേകം ആശയങ്ങൾ ആ മനസ്സിലുണ്ട്. ക്ഷീര കർഷകർക്ക് 4 ശതമാനം പലിശയിൽ ബാങ്ക് വായ്പ ലഭ്യമാക്കണമെന്നതാണ് ഒന്ന്. നിലവിൽ പത്തു ശതമാനതിലധികമായ ബാങ്ക് വായ്പാ പലിശ കർഷകർക്ക് വലിയ ഭാരം തന്നെ. പാലിന് മികച്ച വിപണി വിലയുണ്ടെങ്കിലും, ക്ഷീര സംഘങ്ങളിൽ നിന്ന് കൂടി മികച്ച വില കർഷകന് നേടി കൊടുക്കുവാൻ കഴിയാവുന്നത് ചെയ്യണം. കാലിതീറ്റ, മിനെറൽ മിക്‌സ്ചർ എന്നിവയ്ക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകി വരുന്നുന്നുണ്ട്. അതു കൂടുതൽ വ്യപകമാക്കി, കർഷകർക്ക് പശുക്കളുടെ പാൽ ഉത്പാദനം മെച്ചപ്പെട്ട രീതിയിൽ വർദ്ധിപ്പിക്കുവാൻ കഴിയണം. എം.ൽ.എ. എന്ന നിലക്കും കർഷകൻ എന്ന നിലക്കും വയനാടിനെ കേരളത്തിൽ പാൽ ഉത്പാദനത്തിൽ ഒന്നാമത് എത്തിക്കുവാൻ നിരന്തരമായി പരിശ്രമിക്കുമെന്നും, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പശു പരിപാലനത്തിന് അനുകൂല കാലാവസ്ഥയുള്ള വയനാട്ടിൽ ക്ഷീര മേഖലക്ക് അനന്ത സാധ്യതകളുണ്ട്. ഹൈ-ടെക് ഡെയറി ജില്ലയായി പ്രഖ്യാപിച്ച വയനാട്ടിലെ ക്ഷീര വികസനം മികച്ച ഒരു മാതൃകയാണ്. വയനാട്ടിൽ കാർഷിക മേഖലയിൽ പ്രതിസന്ധി ഉണ്ടായപ്പോഴൊക്കെ കർഷകന് താങ്ങും തണലുമായത് ക്ഷീര മേഖലയെന്ന് അടിവരയിട്ടു പറയുന്നു നാടിന്റെ പ്രിയങ്കരനായ എം.ൽ.എ.

ഉപജീവന മാർഗമായി പശുക്കളെ വളർത്തി വർഷങ്ങളോളം ഒരു സാധാരണ ക്ഷീര കർഷകനായി ജീവിച്ചു പോരുന്ന, ആ വാക്കുകളിൽ നിശ്ചയദാർട്യമുണ്ട്. കേരളത്തിലെ ഓരോ ചെറുകിട ക്ഷീര കർഷകന്റെയും, നാഡിയിടിപ്പ് നന്നായറിയുന്ന ഈ ജനപ്രിയനിൽ നിന്നും പ്രതീക്ഷിക്കാനേറെയുണ്ട്.... ചെരിപ്പിടാതെ നടന്നു തഴമ്പിച്ച, മണ്ണിന്റെ ഗന്ധമറിഞ്ഞ ആ കാലടികൾ ഇനിയും ഉറച്ചു മുന്നോട്ടു തന്നെ..

(കൽപ്പറ്റയിലെ ക്ഷീര വികസന ഓഫീസറാണ് ലേഖിക)