ളിത് സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന് കേരളത്തിൽ നടക്കുകയാണ്. ഹർത്താൽ വിരുദ്ധർ എന്ന് അവകാശപ്പെടുന്നവരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയയിലെ വിപ്ലവാകിരളും ഒക്കെ ഹർത്താലിനെതിരെ ബഹളം വെയ്ക്കുന്നു. ജനാധിപത്യ ക്രമത്തിൽ ഏത് തരത്തിലുള്ള പ്രതിഷേധവും അത് അർഹിക്കുന്ന നിലയിൽ തന്നെ അംഗീകരിക്കപ്പടണം എന്ന് വിശ്വസിക്കുമ്പോഴും ഹർത്താൽ പോലുള്ള ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപെടുത്തുന്ന സമരങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്.

എന്നാൽ ഒരു ജനതയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോൾ ഹർത്താൽ നടത്തുന്നതിൽ തെറ്റില്ല. അതേസമയം നിർബന്ധിപ്പിച്ച്് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഹർത്താലുകൾ ഒഴിവാക്കേണ്ടത് തന്നെയാണ്. കേരളത്തിലെ ജനങ്ങൾ അവരുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഒരു വിഷത്തിനു വേണ്ടിയും ഇക്കാലം വരെയും സമരം നടത്തിയിട്ടില്ല. അനാവശ്യമായ ഹർത്താലുകൾ മാത്രമാണ് ഇന്നേ വരെ കേരളത്തിൽ നടന്നിട്ടുള്ളത്. പേരിന് മാത്രം ഹർത്താലുകൾ നടത്തുക, ജനങ്ങൾക്ക് തടസം ഉണ്ടാക്കുക എന്നിവ ഒഴിച്ചാൽ ഹർത്താൽ കൊണ്ട് യാതൊരു പ്രയോജനവും ഇന്നേവരെ ഉണ്ടായിട്ടില്ല.

അതേസമയം മഹാരാഷ്ട്രയിലെ കർഷകരും മറ്റും വിധാൻ സഭയിലേക്ക് നടത്തിയ മാർച്ച് ഫലം കണ്ടു. അത്തരം പ്രായോഗികമായ പരിഹാരമുള്ളപ്പോൾ സാധാരണ ജനജീവിതത്തെ തടസപ്പെടുത്തുന്ന ഹർത്താലുകൾ അവസാനിപ്പിക്കണം. ബഹുമാനപ്പെട്ട കോടതി പറഞ്ഞിട്ടും മാറി മാറി വരുന്ന സർക്കാരുകൾ ശ്രമിച്ചിട്ടും ഹർത്താലുകൾ അവസാനിപ്പിക്കാൻ കഴിയാത്തത് ഖേദകരമാണ്.

ഇതൊക്കെ ആണെങ്കിലും ഇപ്പോൾ ദളിത് സംഘടനകൾ ഹർത്താലുമായി രംഗത്ത് വന്നപ്പോൾ സടകുടഞ്ഞ് പലരും വികാരം കൊള്ളുന്നത് നല്ല ലക്ഷണമല്ല. രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ വീട്ടിലിരിക്കുന്ന ആൾക്കാർ ഇന്ന് വാഹനവും എടുത്ത് തെരുവിലിറങ്ങിയിരിക്കുകയാണ്. എല്ലാവർക്കും ഹർത്താലിന്റെ ദോഷത്തെ കുറിച്ച് മാത്രമേ പറയാനുള്ളു. അതായത് ഹർത്താൽ നടത്താനുള്ള സ്വാതന്ത്ര്യം ഞങ്ങൾ വരേണ്യ വർഗത്തിന് മാത്രമാണുള്ളത് എന്ന് വിശ്വസിക്കുന്നവരാണ് ഇവർ. ദളിത് സംഘടനകൾ അവർ ഉന്നയിക്കുന്ന ഒരു പ്രശ്‌നത്തിന് വേണ്ടി ഹർത്താൽ നടത്തിയപ്പോൾ അത് വലിയ പാതകമാണെന്ന് പ്രചരിപ്പിക്കുന്നവർ എന്തുകൊണ്ട് ഇവർ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് നേരെ എന്തുകൊണ്ട് നടത്തിയിട്ടില്ല എന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഹർത്താലിനെതിരെ ഒരു ജനവികാരം തുടങ്ങേണ്ടത് ആവശ്യമാണ്. അതിന് തുടക്കം കുറിക്കേണ്ടത് സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ ബിജെപിയുടെയോ ഹർത്താലിനെതിരെ പ്രതികരിച്ചു കൊണ്ടാവണം. ഹർത്താലിനെതെരെയുള്ള പ്രതഷേധം സമൂഹത്തിനാവശ്യമാണ്. അതു പക്ഷേ ദളിതരുടെ സമരങ്ങളെ അപമാനിക്കാൻ വേണ്ടി ആവാൻ പാടില്ല.

ദളിതർക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിൽ ഇളവ് വരുത്തിയ സുപ്രീംകോടതി വിധിക്കെതിരെ 150 ദളിത് സംഘടനകൾ സംയുക്തമായാണ് ഭാരത ബന്ദ് സംഘടിപ്പിച്ചത്. ദളിതരെ അനുനയിപ്പിക്കാൻ കേന്ദ്ര സർക്കാർ കോടതി വിധി പുനഃ പരിശോധിക്കാൻ ഹർജി നൽകി. എന്നാൽ, വിധി വേണ്ടവണ്ണം വായിക്കാത്തവരാണ് സമരത്തിനിറങ്ങിയതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി സ്റ്റേയ്ക്ക് വിസമ്മതിച്ചു.എന്നാൽ, ബന്ധപ്പെട്ടവർക്കെല്ലാം രേഖാമൂലം തങ്ങളുടെ വാദം അവതരിപ്പിക്കാമെന്നും പത്ത് ദിവസത്തിന് ശേഷം വിഷയം പരിഗണിക്കാമെന്നും വ്യക്തമാക്കി.

ഏതായാലും തങ്ങൾക്കേറ്റ വലിയ മുറിവായാണ് ദളിത് സംഘടനകൾ സുപ്രീം കോടതി വിധിയെ വ്യാഖ്യാനിച്ചത്. ഭാരത് ബന്ദിനിടെ 11 പേർ മരിക്കാനിടയായ പൊലീസ് അതിക്രമത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ദളിത് ഐക്യവേദി കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്.