നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഹിന്ദുസംഘടനാ ഏകോപനസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾക്ക് നേരെ കല്ലേറിഞ്ഞു. കറുംഗൽ, മാർത്താണ്ഡം, കളിയിക്കാവിള എന്നീ പ്രദേശങ്ങളിലാണ് കല്ലേറുണ്ടായത്. ഇരുപതോളം സർക്കാർ ബസുകളുടെ മുൻവശത്തെ ചില്ലുകൾ തകർന്നു. സംഘർഷ സാധ്യതയുള്ള മേഖലകളിൽ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റിലുണ്ടായ കൃഷിനാശങ്ങൾക്കു സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ചുഴലിക്കാറ്റിൽ മരിച്ചവരുടെ ആശ്രിതർക്ക് മത്സ്യത്തൊഴിലാളികൾക്കു നൽകുന്നതുപോലെ 20 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകണമെന്നാണ് ഏകോപനസമിതിയുടെ ആവശ്യം. വിവിധ കർഷകസംഘം പ്രതിനിധികളും ഹർത്താലിൽ പങ്കെടുക്കുന്നുണ്ട്.

ബുധനാഴ്ച തക്കല താലൂക്കാഫീസിനു മുന്നിൽ ഹിന്ദു സംഘടനാപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.